

തൃശൂര്‍: തൃശൂര്‍ റെയില്‍വെ സ്റ്റേഷൻ പാർക്കിങ് മേഖലയിലെ തീപിടിത്തത്തില്‍ പൊലീസും റെയില്‍വെയും രണ്ടുതട്ടില്‍. വൈദ്യുതി ലൈനില്‍ നിന്ന് തീപ്പൊരി വീണാണ് ബൈക്ക് പാര്‍ക്കിങിൽ തീപിടിത്തമുണ്ടായത് എന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ വൈദ്യുതി ലൈനിന്റെ പരിസരത്തല്ല തീപിടിത്തം ഉണ്ടായതെന്നും സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നു എന്നുമാണ് റെയില്‍വെ പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുളള ശ്രമത്തിലാണ് പൊലീസ്.
പൊലീസും റെയില്‍വെയും സ്ഥലത്ത് വിശദമായ പരിശോധന നടത്തിയിരുന്നു. വൈദ്യുതി ലൈനിൽ നിന്ന് തീപ്പൊരി വീണാണ് അപകടമുണ്ടായത് എന്നാണ് പൊലീസിന്റെ നിഗമനം. പാര്‍ക്കിങ് ഏരിയയുടെ മേല്‍ക്കൂരയിലെ വിടവിലൂടെ വൈദ്യുതി ലൈനില്‍ നിന്ന് തീപ്പൊഴി വീഴുകയും അത് ഒരു ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ വീഴുകയും ആ ബൈക്കില്‍ നിന്ന് മറ്റ് ബൈക്കുകളിലേക്ക് തീ പടരുകയുമായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജീവനക്കാരുടെ മൊഴിയുള്‍പ്പെടെ എടുത്ത ശേഷമാണ് പൊലീസിന്റെ നിഗമനം.
അതേസമയം, വൈദ്യുതി ലൈനില്‍ നിന്ന് തീപ്പൊരി വീണ് അപകടമുണ്ടാകാന്‍ സാധ്യതയില്ലെന്നും തീപിടിത്തമുണ്ടായ ഭാഗത്തുകൂടിയല്ല വൈദ്യുതി ലൈന്‍ കടന്നുപോകുന്നതെന്നുമാണ് റെയില്‍വെ പറയുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായാല്‍ വൈദ്യുതി പൂര്‍ണമായും സ്തംഭിക്കേണ്ടതാണ്. എന്നാല്‍ അത്തരമൊരു സംഭവമുണ്ടായിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ട്. അട്ടിമറി ശ്രമം സംശയിക്കുന്നില്ലെന്നും എന്നാല്‍ വിശദമായ അന്വേഷണം വേണമെന്നും റെയില്‍വെ ആവശ്യം ഉന്നയിച്ചു. സിസിടിവി യൂണിറ്റുള്‍പ്പെടെ കത്തിനശിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ വീണ്ടെടുത്തതിന് ശേഷം പരിശോധിച്ചാലേ അപകടം എങ്ങനെയുണ്ടായി എന്നതില്‍ വ്യക്തത വരികയുളളു. അന്വേഷണം മുന്നോട്ടുപോവുകയാണ്. എത്ര ബൈക്കുകളാണ് കത്തിനശിച്ചതെന്നതിലും വ്യക്തത വരേണ്ടതുണ്ട്.
ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ബൈക്ക് പാര്‍ക്കിംഗില്‍ അഗ്നിബാധയുണ്ടായത്. പാർക്കിംഗിലുണ്ടായിരുന്ന മുഴുവൻ ബൈക്കുകളും കത്തിനശിച്ചു. പ്ലാറ്റ് ഫോം രണ്ടിന്‍റെ പിൻവശത്തായുള്ള പാർക്കിംഗിലാണ് തീപിടിത്തമുണ്ടായത്.
Content Highlights: thrissur railway station parking fire; police say spark from power line railways deny claim