

ബത്തേരി: യുഡിഎഫ് അധികാരത്തില്‍ വരാന്‍ എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. വിജയസാധ്യതയുളള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് സീറ്റുകള്‍ പിടിച്ചെടുക്കുക എന്നതിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും പാര്‍ട്ടി അധികാരത്തില്‍ വരാന്‍ ഏത് ഉത്തരവാദിത്തം ഏല്‍പ്പിച്ചാലും ഏറ്റെടുക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. നിയമസഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യം താന്‍ നേതൃത്വത്തോട് ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം.
'എംപിമാര്‍ മത്സരിക്കുമോ ഇല്ലയോ എന്നതല്ല പ്രശ്‌നം. വിജയസാധ്യതയുളള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് സീറ്റുകള്‍ പിടിച്ചെടുക്കുക. 100 സീറ്റിലേക്ക് യുഡിഎഫിനെ എത്തിക്കുക എന്നതാണ്. ഒരു മുന്നണിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരം പിടിക്കുക എന്നതിനാണ് പ്രാധാന്യം. അതിനുവേണ്ടിയുളള മാറ്റങ്ങള്‍ക്കായി നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. വ്യക്തിപരമായി എനിക്ക് നിയമസഭയിലേക്ക് മത്സരിക്കമെന്ന ആവശ്യം ഞാന്‍ നേതൃത്വത്തിന് മുന്നില്‍ വെച്ചിട്ടില്ല. വയ്ക്കുകയുമില്ല. പാര്‍ട്ടി എന്താണോ പറയുന്നത് അത് അനുസരിക്കും. പാര്‍ട്ടി നേതൃത്വം ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം നിറവേറ്റും': കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. എംപിമാര്‍ മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പ്രതികരണം.
അതേസമയം, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ കെപിസിസി സംഘടിപ്പിച്ച ദ്വിദിന ക്യാമ്പ് ഇന്ന് അവസാനിക്കും. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന ക്യാമ്പില്‍ ഭരണമുറപ്പിക്കാന്‍ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്ന ആലോചനയാണ് നടക്കുന്നത്. 85 മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അഞ്ച് ജില്ലകളില്‍ നിന്ന് മാത്രമായി നാല്‍പ്പതിലധികം സീറ്റില്‍ യുഡിഎഫിന് വിജയിക്കാന്‍ കഴിയുമെന്നാണ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അമിത ആത്മവിശ്വാസം വരാതെ പ്രവര്‍ത്തനം വേണം എന്ന നിര്‍ദേശവും ക്യാമ്പില്‍ ഉയര്‍ന്നിട്ടുണ്ട്.
Content Highlights: udf will use all tactics to regain power says kodikunnil suresh mp on kerala election plans