

ജയ്പൂര്‍: പ്രണയ വിവാഹത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ രാജസ്ഥാനില്‍ യുവാവിൻ്റെ മൂക്ക് മുറിച്ചതായി പരാതി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന വിവാഹത്തിന്റെ പേരിലാണ് ഇപ്പോളും കുടുംബങ്ങള്‍ തമ്മിൽ തര്‍ക്കം നടക്കുന്നത്. ശ്രാവൺ സിങ് എന്ന യുവാവിൻ്റെ സഹോദരനായ യു കെ സിങ് (35) എന്നയാളുടെ മൂക്കാണ് ശ്രാവണിൻ്റെ ഭാര്യ വീട്ടുകാർ മുറിച്ചത്. തിരിച്ചും ആക്രമണം നടന്നു. ശ്രാവണിൻ്റെ ഭാര്യയുടെ അമ്മാവൻ ധരം സിങിൻ്റെ കാൽ തല്ലിയൊടിച്ചു. യു കെ സിങിൻ്റെ നില ഗുരുതരമാണ്.
രാജസ്ഥാനിലെ ബാര്‍മറില്‍ ബുധനാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. ഒരേ നാട്ടുകാരായിരുന്നു ശ്രാവൺ സിങും യുവതിയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ യുവതിയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല. ഇതോടെ എതിർപ്പ് അവഗണിച്ച് ഇരുവരും വിവാഹിതരായി. ഇതിന് ശേഷം ശ്രാവണിൻ്റെ കുടുംബവും യുവതിയുടെ കുടുംബവും തമ്മിൽ 'അടിയാണ്.
ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യു കെ സിങിനെ യുവതിയുടെ അമ്മാവൻ ധരം സിങും സംഘവും ചേർന്ന് ആക്രമിക്കുകയായിരുന്നു. യു കെ സിങിൻ്റെ മൂക്ക് സംഘം മുറിച്ചു. രക്തം വാർന്നൊഴുകുന്ന നിലയിൽ ഇയാൾ വീട്ടിലെത്തി. ഇതിന് പ്രതികാരമായായിരുന്നു ധരം സിങിന് നേരെയുണ്ടായ ആക്രമണം. യുവതിയുടെ വീട്ടിലെത്തിയ ശ്രാവണിൻ്റെ കുടുംബാംഗങ്ങൾ ധരം സിങിൻ്റെ കാൽ തല്ലിയൊടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഗുഡാമലാനിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതോടെ ഇരുവരേയും മറ്റ് ആശുപത്രികളിലേക്ക് മാറ്റി. യു കെ സിങിനെ സഞ്ചോറിലെ ആശുപത്രിയിലേക്കും ധരം സിങിനെ ജോദ്പൂരിലെ ആശുപത്രിയിലേക്കുമാണ് മാറ്റിയത്.
Content Highlight; Rajasthan Man’s Nose Severed After Families Clash Over Love Marriage