

വന്ദേഭാരത് യാത്രക്കാർക്കായി തനി നാടൻ വിഭവങ്ങൾ ഉൾപ്പെടുത്തി പുതിയ മെനു തന്നെ പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. മലയാളികളുടെ പ്രിയപ്പെട്ട പൊറോട്ടയും പാലയടയുമെല്ലാം കേരളത്തിലോടുന്ന വന്ദേഭാരത് റൂട്ടുകളിലെ ഫുഡ് മെനുവിൽ ഇടം പിടിച്ചപ്പോൾ മറ്റ് പ്രദേശങ്ങളിൽ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളിൽ അവിടുത്തെ പ്രാദേശികമായ ഭക്ഷണങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വന്ദേഭാരതില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉയർന്നിരുന്നു. അത് കെട്ടടങ്ങിയ സ്ഥിതിയിലെത്തുമ്പോഴാണ് പുതിയ ഫുഡ് മെനു പരിഷ്‌കരണം വന്നിരിക്കുന്നത്.
ദീർഘദൂര യാത്രകൾ സുഖമായി നടത്താൻ വന്ദേഭാരതാണ് ഭൂരിഭാഗം യാത്രക്കാരും തെരഞ്ഞെടുക്കുന്നത്. വന്ദേഭാരത് ഓടിത്തുടങ്ങിയതോടെ വിപ്ലവകരമായ മാറ്റങ്ങളാണ് റെയിൽവേയിൽ ഉണ്ടായത്. അപ്പോഴും ചിലരെങ്കിലും മുഖം ചുളിച്ചിരുന്ന കാര്യം ഭക്ഷണവുമായി ബന്ധപ്പെട്ടായിരുന്നു. ഈ പരാതിക്കൊരു പരിഹാരമാകും പുതിയ മാറ്റമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. വന്ദേഭാരതിൽ ഇനി പ്രാദേശിക ഭക്ഷണ വിഭവങ്ങൾ ലഭിക്കുമെന്ന് ഔദ്യോഗികമായി ഇന്ത്യൻ റെയിൽവേ പ്രഖ്യാപിക്കുമ്പോൾ ആരും പ്രതീക്ഷിക്കാത്ത രണ്ട് ഐറ്റങ്ങളാണ് മെനുവിൽ ഇടംനേടിയതെന്നതാണ് പ്രത്യേകത. യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാക്കുക തന്നെയാണ് ഇതിലൂടെ റെയിൽവേ ലക്ഷ്യം വയ്ക്കുന്നത്.

കേരളത്തിൽ കാസർഗോഡ്- തിരുവനന്തപുരം, മംഗലാപുരം - തിരുവനന്തപുരം റൂട്ടുകളിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസിൽ യാത്ര ചെയ്യാനാണ് പ്ലാനെങ്കിൽ നിങ്ങൾക്ക് റെയില്‍വേ ഓഫർ ചെയ്യുന്ന വിഭവങ്ങളിൽ പൊറോട്ട, പാലട പായസം എന്നിവയ്ക്ക് പുറമേ അപ്പം, കടലക്കറി, എന്നീ തനി നാടൻ രുചികളും ഉണ്ടാകും. തീർന്നില്ല ചോറ് (white Rice), പച്ചക്കായ ചെറുപയർ മെഴുക്കുപെരട്ടി, തൈര് എന്നിവയും കേരളത്തിലെ യാത്രക്കാർക്കായി വന്ദേഭാരത് മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നാഗ്പൂർ - സെക്കന്ദരാബാദ് വന്ദേഭാരതിൽ ആന്ധ്രാപ്രദേശിലെ ആന്ധ്രാ കൊടികുര, ഡോണ്ടകായ കരം പൊടി ഫ്രൈ, മഹാരാഷ്ട്രയിലെ കണ്ടപോഹ എന്നിവയൊക്കെയാണ് ലഭിക്കുക, മുംബൈ ഗാന്ധിനഗർ റൂട്ടിലെ വന്ദേഭാരതിൽ ലഭിക്കുക ഗുജറാത്തി വിഭവമായ മേത്തി തെപ്ലയാണെങ്കിൽ കശ്മീർ ജമ്മുകശ്മീർ റൂട്ടിൽ ആമ്പൽ കടു, ജമ്മു ചന്ന മസാല, തക്കാളി ചമൻ, കേസർ ഫിർണി, ഡോഗ്രി എന്നിവയാണ്. ബിഹാറിന്റെ സിഗ്നേച്ചർ ഡിഷായ ചമ്പാരൻ പനീർ. ചമ്പാരൻ ചിക്കൻ എന്നിവയാണ് അവിടെ സർവീസ് നടത്തുന്ന വന്ദേഭാരതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ പരിഷ്‌കരണങ്ങൾ വിജയിച്ചാൽ മെനുവിലെ ഐറ്റങ്ങളുടെ നമ്പറുകളും കൂടുമെന്നതിൽ സംശയമില്ല.
Content Highlights: Kerala Vande Bharat to get regional Cuisine like porotta, palada soon says Indian Railway