

ബിഗ് ബാഷ് ലീഗിൽ ചരിത്രവിജയം സ്വന്തമാക്കി ബ്രിസ്‌ബേൻ ഹീറ്റ്. ഗാബയിൽ നടന്ന മത്സരത്തിൽ പെർത്ത് സ്കോർച്ചേഴ്സിനെ എട്ട് വിക്കറ്റിനാണ് ഹീറ്റ് തകർത്തത്. സ്കോർച്ചേഴ്സ് ഉയർത്തിയ 258 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഒരു പന്ത് ബാക്കിനിൽക്കേ ഹീറ്റ് മറികടന്നു.
ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന റൺ ചേസ് വിജയമാണിത്. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന മൂന്നാമത്തെ റൺ ചേസുമാണ് ഇന്ന് ഗാബയിൽ പിറന്നത്. 2024 ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സ് (262/2), 2023-ൽ ദക്ഷിണാഫ്രിക്ക (259/4) എന്നിവർക്ക് പിന്നിലായാണ് ഹീറ്റിന്റെ ഈ റെക്കോർഡ് വിജയം.
ആദ്യം ബാറ്റ് ചെയ്ത പെർത്ത് സ്കോർച്ചേഴ്സ് അർധ സെഞ്ച്വറി നേടിയ ഫിൻ അലൻ, കൂപ്പർ കോനോലി എന്നിവരുടെ ഇന്നിങ്സിന്റെ കരുത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 257 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. അലൻ 38 പന്തിൽ 79 റൺസെടുത്തപ്പോൾ കോനോലി 37 പന്തിൽ 77 റൺസും അടിച്ചെടുത്തു.
എന്നാൽ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹീറ്റിന് ആദ്യ പന്തിൽ തന്നെ ഓപ്പണർ കോളിൻ മൺറോയെ (0) നഷ്ടമായി. തുടക്കത്തിലെ പതർച്ചയ്ക്ക് ശേഷം ജാക്ക് വൈൽഡർമുത്തും മാറ്റ് റെൻഷോയും ചേർന്ന് ബ്രിസ്‌ബേൻ ഹീറ്റിനെ അതിവേഗം മുന്നോട്ടുനയിച്ചു. ഇരുവരും സെഞ്ച്വറി നേടിയതോടെ ഹീറ്റ് വിജയത്തിലേക്ക് കുതിച്ചു. ഇതിനിടെ മാറ്റ് റെൻഷോ 51 പന്തിൽ 102 റൺസെടുത്ത് പുറത്തായി. പിന്നാലെയെത്തിയ മാക്‌സ് ബ്രയാണ്ട് (28) റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയെങ്കിലും 54 പന്തിൽ പുറത്താകാതെ 110 റൺസെടുത്ത വൈൽഡർമുത്ത് ഹീറ്റിനെ വിജയത്തിലേക്ക് നയിച്ചു.
Content Highlights: Brisbane Heat rewrite Big Bash League history with record 258 chase against Perth Scorchers