

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്ക് മൂന്നാമത്തെ പ്രസവത്തിനും 365 ദിവസത്തെ പ്രസവാവധി അനുവദിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ആദ്യ രണ്ട് പ്രസവങ്ങൾക്ക് ലഭിക്കുന്ന അവധിക്ക് തുല്യമായ ദിവസങ്ങൾ തന്നെ ഇനി മൂന്നാമത്തെ പ്രസവത്തിനും ലഭിക്കും.
നിലവില്‍ ആദ്യത്തെ രണ്ട് പ്രസവങ്ങൾക്ക് വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തെ പ്രസവാവധിക്ക് അര്‍ഹതയുണ്ട്. എന്നാല്‍ രണ്ട് അല്ലെങ്കില്‍ അതിലധികം കുട്ടികളുള്ളവര്‍ക്ക് മൂന്നാമത്ത് പ്രസവത്തിന് പരമാവധി 12 ആഴ്ച മാത്രമാണ് പ്രസവാവധി ലഭിച്ചിരുന്നത്. മാനവവിഭവശേഷി വകുപ്പ് മന്ത്രി ഡി ശരത്കുമാറാണ് നിയമസഭയില്‍ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. സാമൂഹിക ക്ഷേമത്തിനും സ്ത്രീ ശാക്തീകരണത്തിനും മുന്‍ഗണന നല്‍കുന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭയില്‍ പ്രഖ്യാപിച്ച തീരുമാനം നടപ്പാക്കുന്നതിനായി വിശദമായ സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് ഡി ശരത്കുമാര്‍ അറിയിച്ചു.
തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി വനിതാ ജീവനക്കാരുടെ പ്രസവാവധി ഘട്ടം ഘട്ടമായി വര്‍ധിപ്പിച്ചിരുന്നു. ആദ്യ രണ്ട് പ്രസവങ്ങൾക്ക് ആദ്യം 90 ദിവസമായിരുന്ന പ്രസവാവധി 2011ല്‍ ആറ് മാസമായും 2016ല്‍ ഒമ്പത് മാസമായും ഉയര്‍ത്തി. തുടര്‍ന്ന് 2021 ജൂലൈയില്‍ ഇത് 365 ദിവസമായി വര്‍ധിപ്പിക്കുകയായിരുന്നു.
എന്നാല്‍ നിലവില്‍ സുപ്രീംകോടതി നിര്‍ദേശങ്ങളുടേയും സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ ഭേദഗതികളുടെയും അടിസ്ഥാനത്തില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്നാമത്തെ പ്രസവത്തിന് പൂര്‍ണ ശമ്പളത്തോടെ 12 ആഴ്ച അഥവാ 84 ദിവസത്തെ പ്രസവാവധിയാണ് അനുവദിച്ചത്.
Content Highlights: Tamil Nadu has announced 365 days of maternity leave for women government employees for a third child, extending the one-year benefit previously available only for the first two children