ന്യൂയോ‍ർക്കിനോടുള്ള ട്രംപിൻ്റെ ഭീഷണി വിലപ്പോകുമോ? മേയർക്ക് എന്തൊക്കെ തീരുമാനങ്ങൾ എടുക്കാം?

ടാക്സ് തീരുമാനിക്കാൻ മേയ‍ർക്ക് കഴിയില്ല, പക്ഷെ നയപരമായ തീരുമാനത്തിന് പഴുതുണ്ട്. ട്രംപിന് ഏകപക്ഷീയമായി ഫണ്ടുകൾ തടഞ്ഞ് വെയ്ക്കാനാവില്ല

ന്യൂയോ‍ർക്കിനോടുള്ള ട്രംപിൻ്റെ ഭീഷണി വിലപ്പോകുമോ? മേയർക്ക് എന്തൊക്കെ തീരുമാനങ്ങൾ എടുക്കാം?
ഹർഷ ഉണ്ണികൃഷ്ണൻ
1 min read|06 Nov 2025, 03:19 pm
dot image

ഡെമോക്രറ്റുകളുടെ വലിയ വിജയം. ന്യൂയോർക്ക് സിറ്റിയുടെ മേയറായി സൊഹ്‌റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടതിനെ ഡെമോക്രാറ്റിക്‌ പാർട്ടി വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന ഡമോക്രാറ്റ് എന്നതാണ് അമേരിക്കൻ പൊതുസമൂഹത്തിൽ മംദാനിക്കുണ്ടായിരുന്ന സ്വീകാര്യത. എന്നാൽ ന്യൂയോർക്ക് മേയ‍ർ തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് സ്ഥാനാ‍ർത്ഥിയായി മംദാനി രം​ഗത്ത് വന്നതോടെ ചിത്രം മാറി മറിഞ്ഞു. മംദാനി ഉയർത്തിയ സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങൾ മുതലാളിത്തത്തിൻ്റെ ഉരുക്ക് കോട്ടയിൽ ചലനങ്ങൾ ഉണ്ടാക്കി. ന്യൂയോർക്ക് നിവാസികളുടെ വാടക മരവിപ്പിക്കുക, സൗജന്യ ബസ് യാത്രാ സൗകര്യം, ആഗോള ശിശുക്ഷേമം തുടങ്ങിയവ മംദാനി മുന്നോട്ടുവെച്ച സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങൾ ന്യൂയോർക്കിൽ ചലനങ്ങളുണ്ടാക്കി.

മംദാനിയുടെ സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങളെ അമേരിക്കൻ മനസ്സിൽ അടിഞ്ഞ് കൂടിയിട്ടുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധത കൊണ്ട് പ്രതിരോധിക്കാനായിരുന്നു ട്രംപിൻ്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷത്തിൻ്റെ ശ്രമം. അതിനായി കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ എന്ന് ട്രംപ് മംദാനിയെ മുദ്രകുത്തി. പിന്നാലെ മംദാനിയുടെ മുസ്ലിം അസ്ഥിത്വത്തെ വിദ്വേഷപ്രചാരണത്തിനായി എതിരാളികൾ ഉപയോ​ഗിച്ചു. മനുഷ്യാവകാശം, സാമ്രാജ്യത്വ വിരുദ്ധത, സാമ്പത്തിക പുനർവിതരണം, കുടിയേറ്റക്കാരുടെയും തൊഴിലാളിവർഗ്ഗത്തിന്റെയും പുനരധിവാസം, LGBTQ+ അവകാശങ്ങൾ, വംശഹത്യാ വിരുദ്ധത, അന്തർദേശീയ നീതി, സാമ്പത്തിക സമത്വം തുടങ്ങിയ വിഷയങ്ങളിൽ മംദാനി ഉയർത്തിയ നിലപാടുകൾ അമേരിക്കയിലെ മുതലാളിത്ത ആശയങ്ങളെയും പരമ്പരാ​ഗത തീവ്രവലത് നിലപാടുകളെയും വിളറി പിടിപ്പിച്ചു. അതിനാൽ മംദാനിയെ എതിർക്കാൻ ഏറ്റവും തീവ്രമായി മുന്നിൽ നിന്നത് ട്രംപായിരുന്നു. മേയർ തിരഞ്ഞെടുപ്പിൽ മംദാനി വിജയിച്ചാൽ നഗരത്തിനുള്ള ഫണ്ടിംഗ് വെട്ടികുറയ്ക്കുമെന്ന് പോലും ട്രംപ് ഒരുഘട്ടത്തിൽ വെല്ലുവിളിച്ചിരുന്നു. അതിനാൽ തന്നെ ട്രംപ് ഭരണകൂടത്തിൻ്റെയും ട്രംപിനെ പിന്തുണയ്ക്കുന്ന തീവ്ര വലതുപക്ഷത്തിൻ്റെയും എതി‍ർപ്പിനെ മറികടന്ന് മംദാനി വിജയിക്കുമ്പോൾ ഇനിയെന്ത് എന്ന ചോദ്യം ഉയരുന്നുണ്ട്. ട്രംപ് ഭരണകൂടത്തിന് ന്യൂയോർക്ക് മേയറായ മംദാനിയെ ശ്വാസം മുട്ടിക്കാൻ കഴിയുമോ എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഫണ്ടുകൾ അടക്കം ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചാൽ തെരഞ്ഞെടുപ്പ് കാലത്ത് ഉയ‍ർ‌ത്തിയ വാടക മരവിപ്പിക്കുക, സൗജന്യ ബസ് യാത്രാ സൗകര്യം, ആഗോള ശിശുക്ഷേമം തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രാവ‍‌ർ‌ത്തികമാക്കാൻ മംദാനിക്ക് കഴിയുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. എന്നാൽ ന്യൂയോർക്ക് നഗരത്തിനുള്ള ഫെഡറൽ ധനസഹായം ട്രംപിന് നിയമപരമായി നിർത്താൻ കഴിയുമോ? ട്രംപിന് ഇങ്ങനെ ഒരു തീരുമാനം എടുക്കാനുള്ള പവർ ഉണ്ടോ? അതറിയും മുൻപ് ന്യൂ യോർക്ക് മേയർ ആയി ചുമതലയേൽക്കാൻ പോകുന്ന മാംദാനിയുടെ പ്രധാന കർത്തവ്യങ്ങൾ എന്തെല്ലാമാണ് എന്നറിയണം.

ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നാണ് അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുമുള്ള നഗരമായ ന്യൂയോർക്. ഏകദേശം 8.5 ദശലക്ഷം ആളുകളുടെ ദൈനംദിന ജീവിതത്തെയും ഉപജീവനമാർഗ്ഗത്തെയും ബാധിക്കുന്ന തീരുമാനങ്ങൾ കൈകൊള്ളുക എന്നതാണ് അവിടം മേൽനോട്ടം വഹിക്കുന്ന ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയ മേയറുടെ കർത്തവ്യം. 40-ലധികം നഗര ഏജൻസികളുടെ കമ്മീഷണർമാരെയും സിറ്റി ബോർഡുകളിലെയും കമ്മീഷനുകളിലെയും അംഗങ്ങളെയും നിയമിക്കാനും നീക്കം ചെയ്യാനും മേയർക്ക് അധികാരമുണ്ട്. നഗരത്തിന്റെ വാർഷിക ചെലവ്, മൂലധന ബജറ്റുകൾ, സാമ്പത്തിക പദ്ധതി എന്നിവ തയ്യാറാക്കുന്നതിനും നിയന്ത്രിക്കുന്നതിനും മേയർ ഉത്തരവാദിയാണ്. ഫെഡറൽ, സംസ്ഥാന, തദ്ദേശ ഭരണ സ്ഥാപനങ്ങളുമായുള്ള നഗരത്തിന്റെ ബന്ധം കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനാണ്. നിയമം അനുസരിച്ച്, ക്രിമിനൽ കോടതി ജഡ്ജിമാരെയും കുടുംബ കോടതി ജഡ്ജിമാരെയും ഇടക്കാല സിവിൽ കോടതി ജഡ്ജിമാരെയും നിയമിക്കുന്നത് മേയർ ആണ്. ഭൂവിനിയോഗം, നഗര കരാറുകൾ എന്നിവയുമായി ബന്ധപ്പെട്ട അധികാരങ്ങളും ഉത്തരവാദിത്തങ്ങളും മേയർക്കുണ്ട്. നിയമം വഴി മറ്റ് ഏതെങ്കിലും പൊതു ഉദ്യോഗസ്ഥർക്കോ സ്ഥാപനത്തിനോ നൽകിയിട്ടില്ലാത്ത നഗര സർക്കാരിന്റെ എല്ലാ അധികാരങ്ങളും മേയർക്കുണ്ട്.

Mamdani

എന്നാൽ മേയർക്ക് നേരിട്ട് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഉണ്ട്. സ്വന്തമായി നിയമനിർമ്മാണം നടത്താൻ മേയർക്ക് അധികാരമില്ല. പക്ഷേ സിറ്റി കൗൺസിൽ പാസാക്കുന്ന ഏതൊരു നിയമനിർമ്മാണത്തിലും ഒപ്പുവെക്കാനോ വീറ്റോ ചെയ്യാനോ മേയർക്ക് സാധിക്കും. എടുത്തു പറയേണ്ടത് ടാക്‌സിന്റെ കാര്യം ആണ്. ന്യൂയോർക്ക് സ്റ്റേറ്റ് ലേജിസ്ലേറ്ററിൻ്റെ ‌അംഗീകാരമില്ലാതെ നികുതി വർദ്ധനവ് കൊണ്ടുവരാൻ മേയർക്ക് സാധിക്കില്ല. അതായത് മേയർക്ക് ഏകപക്ഷീയമായി നികുതി ഉയർത്താൻ കഴിയില്ല എന്നുചുരുക്കം. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ധനികർക്ക് ഉയർന്ന ടാക്സ് ഈടാക്കുന്ന ആശയം മംദാനി മുന്നോട്ട് വെച്ചിരുന്നു. പിന്നീട് പ്രചാരണത്തിനായി മംദാനി എത്തുന്ന ഇടങ്ങളിൽ ടാക്സ് റിച്ച് എന്ന മുദ്രാവാക്യം ജനങ്ങൾ ഏറ്റുവിളിച്ചിരുന്നു. അതിനാൽ തന്നെ ടാക്സുമായി ബന്ധപ്പെട്ട തൻ്റെ ആശയങ്ങൾ മംദാനി എങ്ങനെ പ്രാവ‍ർത്തികമാക്കും എന്ന ചോദ്യം വളരെ പ്രസക്തമാണ്. എന്നാൽ ന്യൂയോർക്ക് സ്റ്റേറ്റ് ലെജിസ്ലേറ്ററിൽ ഡമോക്രാറ്റുകൾക്കാണ് നിലവിൽ ഭൂരിപക്ഷം. ഡമോക്രാറ്റുകൾ ഈ വിഷയത്തിൽ നയപരമായ ഒരു തീരുമാനം എടുത്താൽ മംദാനിയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടും, മാത്രമല്ല അമേരിക്കയെ സംബന്ധിച്ച് അതൊരു ചരിത്രതീരുമാനമായും മാറും.

ന്യൂയോർക്കിനുള്ള ധനസഹായം ട്രംപിന് നിയമപരമായി നിർത്താൻ കഴിയുമോ എന്ന ചോദ്യത്തിലേക്ക് ഇനി വരാം. അമേരിക്കൻ ഭരണഘടന പ്രകാരം, സംസ്ഥാനങ്ങൾക്ക് ഫെഡറൽ ഫണ്ടുകൾ എങ്ങനെ അനുവദിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം പ്രസിഡന്റിനല്ല, US നിയമ നിർമ്മാണ സഭയായ കോൺഗ്രസിനാണ്. കോൺഗ്രസ് എടുക്കുന്ന ഫെഡറൽ ഫണ്ടിംഗ് തീരുമാനങ്ങൾ പ്രസിഡന്റ് നടപ്പിലാക്കാൻ പ്രസിഡൻ്റ് ബാധ്യസ്ഥനാണ്. അതിന് തടസ്സം നിന്നാൽ പ്രസിഡൻ്റിൻ്റേത് ഭരണഘടനാ വിരുദ്ധമായ നടപടിയായി കണക്കാക്കപ്പെടും. നിലവിൽ കോൺഗ്രസ് നിയന്ത്രിക്കുന്നത് റിപ്പബ്ലിക്കൻ പാർട്ടിയാണ്. ട്രംപിന് വേണമെങ്കിൽ ഫണ്ട് തടയാം, പക്ഷേ അന്തിമ തീരുമാനം എടുക്കുന്നത് ഡെമോക്രറ്റുകൾ കൂടി ഉൾപ്പെട്ട കോൺഗ്രസ് ആയിരിക്കും എന്നതാണ് വാസ്തവം. അതിനാൽ തന്നെ മംദാനിയോടുള്ള ഏകപക്ഷീയമായി എതിർപ്പിൻ്റെ മാത്രം അടിസ്ഥാനത്തിൽ ട്രംപിന് നിലപാട് സ്വീകരിക്കാൻ പരിമിതികളുണ്ട് എന്നതാണ് വാസ്തവം.

Content Highlights : Can Trump legally stop federal funding to New York City after Mamdani's win?

dot image
To advertise here,contact us
dot image