

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് കാന്ത. ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
സിനിമയിലും നായകൻ തന്നയെയാണ് ദുൽഖർ. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. വില്ലൻ ഭാവങ്ങൾ കൂടെയുള്ള ദുൽഖറിനെയാണ് സിനിമയിൽ കാണാൻ കഴിയുകയെന്നും ട്രെയ്‌ലർ സൂചന നൽകുന്നുണ്ട്. റാണ ദഗ്ഗുബതി പോലീസ് വേഷത്തിലാണ് സിനിമയിൽ എത്തുന്നത്. നിമിഷനേരം കൊണ്ട് തന്നെ ട്രെയ്‌ലർ ആരാധരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. നവംബർ 14 ന് സിനിമ ആഗോളതലത്തിൽ റിലീസ് ചെയ്യും.
'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് സെൽവമണി സെൽവരാജ്. രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു വമ്പൻ പ്രശ്നത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് 'കാന്ത'.
Content Highlights: kaantha movie trailer out now