

കാസര്‍കോട്: പട്ടിയുടെ പേരില്‍ പിണങ്ങിയവരെ സമാധാനിപ്പിച്ച് പിണക്കം മാറ്റി ജനപ്രതിനിധികള്‍. പട്ടിയുടെ പേരില്‍ പിണങ്ങിയ ബേബിയെയും കുഞ്ഞിരാമനെയുമാണ് വെള്ളരിക്കുണ്ട് പഞ്ചായത്തിലെ ജനപ്രതിനിധികള്‍ ഇണക്കിയത്.
പാത്തിക്കര അക്കരെ ഉന്നതിയിലെ എളരി കുഞ്ഞിരാമന്റെ സ്ഥലത്ത് വിലയ്ക്ക് വാങ്ങിയ മരം മുറിക്കാനായി എത്തിയതായിരുന്നു ബേബി. മരം മുറിക്കുന്നതിനിടെ ബേബിയുടെ ഇടത് കാലില്‍ കുഞ്ഞിരാമന്റെ നായ കടിച്ചു. നായ കടിച്ച കാര്യം കുഞ്ഞിരാമനോട് പറഞ്ഞപ്പോള്‍ മോശം പ്രതികരണമാണുണ്ടായത് എന്നായിരുന്നു ബേബിയുടെ പരാതി. നായ കടിച്ചതിനാല്‍ ജോലി ചെയ്യാനാകുന്നില്ല, ദിവസവും ആശുപത്രിയില്‍ പോകേണ്ടി വരുന്നു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ബേബി വെള്ളരിക്കുണ്ട് പൊലീസിനും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു. ജോലിക്ക് പോകാൻ കഴിയാത്തതിനാൽ കുഞ്ഞിരാമന്റെ കയ്യില്‍ നിന്നും നഷ്ടപരിഹാരം വാങ്ങി തരണമെന്നും ബേബി ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം പഞ്ചായത്ത് സെക്രട്ടറി ഇരുവരെയും ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 2000 രൂപ നഷ്ടപരിഹാരമായി നല്‍കാമെന്ന് കുഞ്ഞിരാമന്‍ പറഞ്ഞെങ്കിലും പ്രശ്‌നം എങ്ങനെയെങ്കിലും പറഞ്ഞ് തീര്‍ക്കാമെന്നായിരുന്നു സെക്രട്ടറിയുടെ ഭാഗം.
ഒത്തുതീര്‍പ്പിനായി ഇരുവരെയും പഞ്ചായത്ത് പ്രസിഡന്റിന്റെ മുമ്പാകെ വിളിച്ചിരുത്തി. മുഖാമുഖം കണ്ടപ്പോള്‍ തന്നെ ഇരുവരും തമ്മിലുള്ള പ്രശ്‌നം ഒരുവിധം തീര്‍ന്നിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്ന ബേബി അത് വേണ്ടെന്ന് പറഞ്ഞു. ഇരുവരെയും കൈകൊടുപ്പിച്ച് സന്തോഷത്തോടെയാണ് ജനപ്രതിനിധികള്‍ അവരെ തിരിച്ചയച്ചത്.
Content Highlight; Panchayat Representatives Resolve Dispute Over Dog