


 
            ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഒന്നാം അനൗദ്യോഗിക ചതുർദിന ടെസ്റ്റിൽ ഇന്ത്യ എ തിരിച്ചടിക്കുന്നു. രണ്ടാം ദിവസം ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ 71 റൺസെന്ന നിലയിലാണ്. ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക
309 റൺസിൽ എല്ലാവരും പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനൊപ്പമെത്താൻ ഇന്ത്യയ്ക്ക് ഇനി 238 റൺസ് കൂടി വേണം. 57 റൺസുമായി ക്രീസിലുള്ള ആയുഷ് മാത്രെയാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയിരിക്കുന്നത്.
നേരത്തെ ആദ്യ ദിവസം മത്സരം നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക എ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 299 റൺസെന്ന നിലയിലാണ്. ജോർദാൻ ഹെർമൻ, സുബൈർ ഹംസ, റൂബിൻ ഹെർമൻ എന്നിവർ അർദ്ധ സെഞ്ച്വറികളുമായി ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങി.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. ജോർദാൻ ഹെർമൻ 71, സുബൈർ ഹംസ 66, റൂബിൻ ഹെർമൻ 54, ടിയാൻ വാൻ വ്യൂറെൻ 46 എന്നിങ്ങനെ റൺസെടുത്തു.
ഇന്ത്യൻ നിരയിൽ നാല് വിക്കറ്റെടുത്ത തനൂഷ് കോട്യാനാണ് തിളങ്ങിയത്. മാനവർ സുത്താർ, ഗുർനൂർ ബ്രാർ എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഖലീൽ അഹമ്മദ്, അൻഷുൽ കംബോജ് എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
Content Highlights: Ayush Matra hits half-century; India A bounce back against South Africa A
 
                        
                        