


 
            തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ലെന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ് റിപ്പോര്‍ട്ടറിനോട്. താന്‍ കോര്‍പ്പറേഷനില്‍ 150 കോടിയുടെ വികസനം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ ബിജെപി സഹകരണ സാധ്യതയും മേയര്‍ തള്ളിക്കളഞ്ഞില്ല. മുന്‍ എംപിയായിരുന്ന ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും കോര്‍പ്പറേഷന് തന്നില്ലെന്നും പക്ഷേ സുരേഷ് ഗോപി എംപിയായി വന്ന ഉടൻ ഒരുകോടി രൂപ തന്നുവെന്നും അദ്ദേഹം ആരോപിച്ചു.
'ഞാനെന്തിലും ചെയ്യണമെന്ന് വിചാരിച്ചാണ് വന്നത്. എന്റെ ആശയവുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയുന്നവരാരാണെന്ന് നോക്കും. അവര്‍ക്കൊപ്പമാകും മുന്നോട്ട് പോവുക. മേയര്‍ എന്ന നിലയിലാണ് ഞാനും സുരേഷ് ഗോപിയും തമ്മിലെ ബന്ധം. വികസനം വേണം. ഞാനിവിടെ ഇരിക്കുമ്പോള്‍ മുന്‍ എംപിയായിരുന്ന ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും കോര്‍പ്പറേഷന് തന്നില്ല. പക്ഷേ സുരേഷ് ഗോപി എംപിയായി വന്നുടന്‍ ഒരുകോടി രൂപ തന്നു', എം കെ വര്‍ഗീസ് വ്യക്തമാക്കി.
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നേരത്തെയും എം കെ വര്‍ഗീസ് പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എം കെ വര്‍ഗീസ് പറഞ്ഞിരുന്നു.
തുടര്‍ച്ചയായി സുരേഷ് ഗോപിയെ പിന്തുണച്ച് സംസാരിക്കുന്ന മേയര്‍ക്കെതിരെ സിപിഐ ശക്തമായ നിലപാടെടുത്തിരുന്നു. മേയര്‍ക്കുള്ള പിന്തുണ പിന്‍വലിക്കണമെന്നതടക്കം സിപിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്താന്‍ എം കെ വര്‍ഗീസിന്റെ പിന്തുണ ആവശ്യമുള്ളതിനാല്‍ സിപിഐഎം പ്രതിസന്ധിയിലായിരുന്നു.
Content Highlights: MK Varghese says that he will not campaign for LDF in the local body elections
 
                        
                        