


 
            മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷീല. നിരവധി വേഷങ്ങൾ മലയാള സിനിമയ്ക്കായി നടി നൽകിയിട്ടുണ്ട്. ഇപ്പോഴിതാ താൻ മകനെ 9 മാസം ഗർഭം ധരിച്ചിരുന്ന സമയത്ത് പോലും സിനിമയുടെ ചിത്രീകരണത്തിന് പോയിരുന്നുവെന്ന് പറയുകയാണ് നടി. പ്രസവം കഴിഞ്ഞ് 20 ദിവസത്തിന് ശേഷവും അഭിനയിച്ചിരുന്നതായും നടി പറഞ്ഞു. ബിഹൈൻഡ് വുഡ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഞാൻ 9 മാസം ഗർഭിണിയായിരുന്ന സമയം. അന്ന് ഞാനും മധു സാറും ഒരു സിനിമയിൽ സോങ് സീനിൽ അഭിനയിക്കാൻ ഉണ്ടായിരുന്നു. എന്റെ വയർ വലുതാണ്. സാരി കൊണ്ട് ഞാൻ മറച്ചു. മധു സാറിനും വലിയ വയറുണ്ട്. ഞങ്ങൾക്ക് കെട്ടിപ്പിടിക്കാൻ പറ്റില്ല. അതിനാൽ പരസ്പരം ചാരി നിന്നുള്ള സീനുകളാക്കിയാണ് ആ പാട്ടിൽ മുഴുവൻ. അത് കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ മകൻ ജനിച്ചു. പ്രസവം കഴിഞ്ഞ് 20 ദിവസത്തിന് ശേഷം ഞാൻ വീണ്ടും അഭിനയിക്കാൻ പോയി. തീർത്ത് കൊടുക്കേണ്ട സിനിമകളുണ്ടായിരുന്നു. അമ്മ എന്നെ വഴക്ക് പറയുമായിരുന്നു. കട്ടിലിൽ നിന്ന് നീ എഴുന്നേൽക്കാൻ പാടില്ല. അവസാന നാളുകളിൽ നീ കഷ്ടപ്പെടുമെന്ന് അമ്മ പറഞ്ഞു. പക്ഷെ ഞാൻ പോയില്ലെങ്കിൽ പ്രൊഡ്യൂസർ കഷ്ടപ്പെടും. അത് കൊണ്ട് താൻ പോയി,' ഷീല പറഞ്ഞു.
ചെമ്മീൻ സിനിമയിൽ അഭിനയിച്ചതിന് അന്ന് 5 പവൻ വരുന്ന ഗോൾഡ് മെഡൽ പുരസ്‌കാരമായ ലഭിച്ചിരുന്നുതായും നടി പറഞ്ഞു. നായിക, നായകൻ, സംവിധായകൻ, നിർമാതാവ് എന്നിങ്ങനെ 4 പേർക്കാണ് അവാർഡ് നൽകിയിരുന്നതെന്നും ആ ഗോൾഡ് അന്ന് തന്നെ ഉരുക്കി സ്വർണ മാലയാക്കിയെന്നും നടി കൂട്ടിച്ചേർത്തു.
Content Highlights: Sheela says she continued acting even 20 days after giving birth
 
                        
                        