
നടി അര്‍ച്ചന കവി വിവാഹിതയായെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. റിക്ക് വര്‍ഗീസ് ആണ് വരന്‍. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും പിന്നാലെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ തന്റെ പാർട്ണർ ആയ റിക്കിനെക്കുറിച്ച് മനസുതുറക്കുകയാണ് അർച്ചന കവി. തുടക്കം മുതൽ തന്റെ എല്ലാ ട്രോമകളും എല്ലാ കാര്യങ്ങളും റിക്കിനോട് പറയുമായിരുന്നു എന്നും തന്റെയൊപ്പം എപ്പോഴും അവൻ കൂടെയുണ്ടായിരുന്നു എന്ന് പറയുകയാണ് അർച്ചന കവി. ധന്യ വർമക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം മനസുതുറന്നത്.
'ഒരാളെ ഡേറ്റ് ചെയ്യാം എന്ന സ്‌പേസിൽ അല്ലായിരുന്നു ഞാൻ. വെറുതെ ഒരു ടൈം പാസിന് മിണ്ടാം എന്ന് കരുതിയാണ് ഡേറ്റിങ് ആപ്പിൽ കയറിയത്. ഞങ്ങൾ കണക്ട് ആയി മിണ്ടാൻ തുടങ്ങിയത് തന്നെ ഞങ്ങളുടെ ജീവിതം മുന്നോട്ട് എങ്ങനെയാകും എന്ന രീതിയിലാണ്. വലിയ വലിയ കാര്യങ്ങളെക്കുറിച്ചാണ് ഞങ്ങൾ തുടക്കം മുതൽ സംസാരിച്ചത്. ഞങ്ങളെ ഒരുമിപ്പിച്ച ഏതോ ഒരു സോഴ്സ് ഉണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. ഞാൻ എന്റെ എല്ലാ ട്രോമകളും എല്ലാ കാര്യങ്ങളും റിക്കിനോട് പറയുമായിരുന്നു. ഡേറ്റിങ് ആപ്പിൽ ഒരാണിനോട് ഞാൻ സംസാരിക്കുമ്പോൾ എന്റെ എല്ലാ മോശം സ്വഭാവവും ആദ്യമേ അവരോട് പ്രകടിപ്പിക്കും. എന്നിട്ട് അവർ ഏത് നിമിഷം ഓടും, എന്താണ് അവരുടെ എക്സ്പ്രഷൻ എന്നൊക്കെ നോക്കും. വളരെ ചുരുക്കം ആളുകൾക്ക് മാത്രമാണ് അത് അംഗീകരിക്കാൻ കഴിയുന്നത്.
മെന്റൽ ഹെൽത്തിനെക്കുറിച്ച് പറയുമ്പോൾ 'അതെന്താ അത് എല്ലാവർക്കും ഉള്ളതല്ലേ' എന്നാണ് പലരും പറയുന്നത്. പക്ഷെ ഒരു പാനിക് അറ്റാക്ക് കാണുമ്പോൾ മൂന്നാമത്തെ സെക്കൻഡിൽ അവർ ഓടുന്നത് കാണാം. പക്ഷെ റിക്ക് എന്റെയൊപ്പം ഉണ്ടായിരുന്നു. അതാണ് അവനെ വ്യത്യസ്തനാക്കിയത്', അർച്ചന കവിയുടെ വാക്കുകൾ.
എറ്റവും മോശം തലമുറയില്‍ ഏറ്റവും ശരിയായ വ്യക്തിയെ തന്നെ താന്‍ തിരഞ്ഞെടുത്തുവെന്ന വാക്കുകളാണ് അര്‍ച്ചന വിവാഹശേഷം പങ്കുവെച്ചത്. അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ 2016ല്‍ അബീഷ് മാത്യുവിനെ അര്‍ച്ചന വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഇരുവരും 2021ല്‍ പിരിഞ്ഞു. വിവാഹ മോചനത്തെക്കുറിച്ചും തന്റെ മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ അര്‍ച്ചന കവി പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട് അര്‍ച്ചന കവി.
നീലത്താമര എന്ന സിനിമയിലൂടെയാണ് അര്‍ച്ചന കവി സിനിമയിലേക്ക് കടന്നു വരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധ നേടിയെടുക്കാന്‍ സാധിച്ചു. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചന ബിഗ് സ്‌ക്രീനിലേക്ക് തിരിച്ച് വരുന്നത്.
Content Highlights: Archana Kavi about her husband Rick