'100 കൊല്ലം വേണമെങ്കിലും ശിക്ഷിച്ചോളൂ ഇനിയെനിക്ക് പുറത്തിറങ്ങേണ്ട'; അന്ന് ചെന്താമര പറഞ്ഞു

2019 ഓഗസ്റ്റ് ഒന്നിനാണ് ലോറി ഡ്രൈവറായിരുന്ന ചെന്താമര സജിത എന്ന സ്ത്രീയെ കൊലപ്പെടുത്തുന്നത്.

'100 കൊല്ലം വേണമെങ്കിലും ശിക്ഷിച്ചോളൂ ഇനിയെനിക്ക് പുറത്തിറങ്ങേണ്ട'; അന്ന് ചെന്താമര പറഞ്ഞു
dot image

പൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ല..സജിത വധക്കേസില്‍ പ്രതിയായ ചെന്താമരയെ ഇരട്ടജീവപര്യന്തത്തിന് ശിക്ഷിക്കുമ്പോള്‍ കോടതി അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്. മറ്റൊരു അഭിപ്രായ പ്രകടനം കൂടി കോടതി നടത്തി. പ്രതി കുറ്റവാസനയുള്ള ആളാണ്.. കുറ്റം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. നാളെ ചെന്താമരയക്ക് എന്തെങ്കിലും മനംമാറ്റമുണ്ടാകാനുള്ള സാധ്യതയില്ലെന്നും കോടതി നീരീക്ഷിച്ചു. സജിയതയടക്കം മൂന്നുപേരെയാണ് ചെന്താമര കൊലപ്പെടുത്തിയത്. അതില്‍ സജിത വധക്കേസിലെ വിധിയിലാണ് ഇരട്ടജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടിരിക്കുന്നതും.

2019 ഓഗസ്റ്റ് ഒന്നിനാണ് ലോറി ഡ്രൈവറായിരുന്ന ചെന്താമര സജിത എന്ന സ്ത്രീയെ കൊലപ്പെടുത്തുന്നത്. കടുത്ത അന്ധവിശ്വാസിയായിരുന്നു ചെന്താമര. ആ അന്ധവിശ്വാസം തന്നെയാണ് സജിതയുടെ കൊലപാതകത്തിലേക്ക് ചെന്താമരയെ നയിച്ചത്. ഭാര്യയും മക്കളും ഒക്കെ അടങ്ങുന്ന ചെന്താമരയുടെ കുടുംബം അയാളെ ഉപേക്ഷിച്ച് പോയിരുന്നു. അതിന് കാരണം വീടിനടുത്തുള്ള, നിറയെ മുടിയുള്ള ഒരു സ്ത്രീയാണ് എന്ന് ചെന്താമരയെ ഒരു മന്ത്രവാദി പറഞ്ഞു വിശ്വസിപ്പിച്ചു. സര്‍വവും തകര്‍ന്ന ചെന്താമര അതില്‍ വീണു.

മന്ത്രവാദി ആരെയും ഉദ്ദേശിച്ചില്ലെങ്കിലും, അത് സജിതയെ ആണെന്ന് ചെന്താമര ഉറച്ചുവിശ്വസിക്കുകയായിരുന്നു. അയാളുടെ ഭാര്യയുടെ അടുത്ത സുഹൃത്തായിരുന്നു സജിത. അതുകൊണ്ടുതന്നെ ചെന്താമര സ്വയം ഒരു കഥ മെനഞ്ഞു. കുടുംബത്തെ തകര്‍ത്തവളാണ് സജിതയെന്ന് ചെന്താമര മനസ്സില്‍ കുറിച്ചിട്ടു. സജിതയെ കൊല്ലണമെന്ന് അയാള്‍ നിശ്ചയിച്ചു. നാടിനെ വിറപ്പിച്ച ഒരു കൊലപാതകത്തിന് വിത്ത് മുളയ്ക്കുന്നത് അങ്ങനെയാണ്.

തക്കം പാര്‍ത്തിരുന്നാണ് സജിതയെ ചെന്താമര വകവരുത്തുന്നത്. അയാളുടെ വീടിന്റെ തൊട്ടടുത്ത വീടായിരുന്നു സജിതയുടേത്. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി വീട്ടിലേക്ക് കയറിച്ചെന്ന ചെന്താമര സജിതയുടെ പിറകിലൂടെയെത്തി കത്തികൊണ്ട് കഴുത്തില്‍ വെട്ടുകയായിരുന്നു. കുടുംബം തകര്‍ത്തവളെന്ന വിദ്വേഷത്തെ അയാള്‍ അങ്ങനെ ആറിത്തണുപ്പിച്ചു.

ചെന്താമരയാണ് പ്രതിയെന്ന് കണ്ടെത്താന്‍ പൊലീസിന് അധികം പണിപ്പെടേണ്ടിവന്നിരുന്നില്ല. അതിനുള്ള എല്ലാ തെളിവുകളും ചെന്താമര തന്നെ അവശേഷിപ്പിച്ചിരുന്നു. ചോരപുരണ്ട വസ്ത്രങ്ങള്‍, കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ എന്നിവ ചെന്താമരയുടെ ഭാര്യ തിരിച്ചറിഞ്ഞു. രക്തം പുരണ്ട സജിതയുടെ വസ്ത്രങ്ങളും, കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളും ചെന്താമരയുടെ വീട്ടില്‍ നിന്നുതന്നെയാണ് കണ്ടെത്തിയത്. അതുംപോരാതെ സഹോദരനോട് അയാള്‍ ആത്മസംതൃപ്തിയോടെ നടത്തിയ കുറ്റസമ്മതവും തെളിവായി.

നെല്ലിയാമ്പതി, പോത്തുണ്ടി വനമേഖലയിലെ ഓരോ മുക്കും മൂലയും മനഃപാഠമായിരുന്ന ചെന്താമര പിടികൊടുക്കാതെ കാടുകയറി. എങ്ങനെ ഒളിക്കണം, എവിടെ ഒളിക്കണം എന്ന് അയാള്‍ക്ക് ആ വനംതന്നെ കാണിച്ചുകൊടുത്തിരുന്നു. കാട് ഒരുക്കിയ സുരക്ഷിതത്വത്തില്‍ ചെന്താമര അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണില്‍ പെടാതെ ഒളിച്ചിരുന്നു. ഇരുട്ടിന്റെ മറവിലായിരുന്നു അയാളുടെ സഞ്ചാരം. പലപ്പോഴും നാട്ടുകാരുടെ കണ്ണില്‍ പെട്ടെങ്കിലും പിടികൂടാനായില്ല. പിന്നീട് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രിയിലെത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

സജിത വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു ചെന്താമര സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയത്. നെന്മാറയില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. പക്ഷെ അതൊന്നും വകവയ്ക്കാതെ സുധാകരന്റെ വീടിനടുത്ത് സ്വന്തം വീട്ടില്‍തന്നെയായിരുന്നു അയാളുടെ പൊറുതി. നാട്ടുകാരും സുധാകരന്റെ കുടുംബവും ഇതുചൂണ്ടിക്കാട്ടി പലവട്ടം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. പൊലീസ് അനങ്ങിയില്ലെന്നും പരാതിയുണ്ട്. പക്ഷെ അതിനുനല്‍കേണ്ടി വന്ന വില വേറെയും രണ്ട് ജീവനുകളായിരുന്നു, സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും ജീവന്‍. പലവട്ടം സൂചന ലഭിച്ചിട്ടും അനങ്ങാതിരുന്ന പൊലീസ് സംവിധാനം സ്പോണ്‍സര്‍ ചെയ്ത കൊലപാതകം. വീണ്ടും പിടിയിലായെങ്കിലും ഇയാള്‍ക്ക് കൂസലില്ലായിരുന്നു. കോടതിവളപ്പിലും അയാള്‍ കൊലവിളി തുടര്‍ന്നു.

പ്രതിക്കെതിരെ മൊഴിനല്‍കാന്‍ പോലും സാക്ഷികള്‍ ഭയന്നു. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും പൂര്‍ണപിന്തുണയുടെയും സുരക്ഷിതത്വം നല്‍കുമെന്ന ഉറപ്പിന്റെയും പിന്‍ബലത്തിലാണ് പലരും സാക്ഷി പറയാന്‍ തയ്യാറായത്. പ്രധാനസാക്ഷിയായ പുഷ്പ ഇയാളെ ഭയന്ന് നാടുതന്നെ വിട്ടു.

പാലക്കാട് നാലാം അഡീഷണല്‍ ജില്ലാ കോടതിയിലേക്ക്, കയ്യില്‍ വിലങ്ങ് വെക്കപ്പെട്ട്, കനത്ത പൊലീസ് അകമ്പടിയോടെ കൊണ്ടുവരുമ്പോള്‍ പോലും ചെന്താമരയ്ക്ക് യാതൊരു കൂസലുമുണ്ടായിരുന്നില്ല. മൂന്ന് പേരെ അതിക്രൂരമായി കൊലപ്പെടുത്തിയ ഒരു മനുഷ്യമൃഗമാണ് താന്‍ എന്ന ചിന്ത അയാളെ ലവലേശം അലട്ടിയിരുന്നില്ല. ഒടുവില്‍ സജിത വധക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയപ്പോഴും അന്നും ഇന്നും വെച്ചുപുലര്‍ത്തുന്ന അതെ മുഖഭാവമായിരുന്നു ചെന്താമരയില്‍ നമ്മള്‍ കണ്ടത്. 2019ല്‍ സജിതയെ കൊലപ്പെടുത്തിയപ്പോള്‍ ഒരുപക്ഷെ അയാള്‍ വെച്ചുപുലര്‍ത്തിയിരുന്നേക്കാവുന്ന അതേ പകയുടെ മുഖം. 2 പേരെ കൊന്നു..100 കൊല്ലം വേണമെങ്കിലും ശിക്ഷിച്ചോളൂ. എത്രയും പെട്ടെന്ന് വിധി വേണം. ഇനിയെനിക്ക് പുറത്തിറങ്ങേണ്ട. ആരേയും കാണേണ്ട.' ഇരട്ടക്കൊലയില്‍ അറസ്റ്റിലായി കോടതിയില്‍ ഹാജരാക്കിയ സമയത്ത് ചെന്താമര കോടതിയോട് പറഞ്ഞത് ഇങ്ങനെയാണ്.

Content Highlights:Palakkad Sajitha Murder Case Chenthamara gets double life time

dot image
To advertise here,contact us
dot image