
ബിഹാർ മറ്റൊരു നിയസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ്. നിൽക്കുന്ന നിൽപ്പിൽ മറുകണ്ടം ചാടാൻ ഒരു മടിയുമില്ലെന്ന് തെളിയിച്ച നിതീഷ് കുമാർ കസേരയിൽ നിന്നിറങ്ങാതെ ഭരിക്കുന്നിടം. ഉറപ്പായും ഇക്കൊല്ലം മുഖ്യമന്ത്രി കസേര തിരിച്ചുപിടിച്ചിരിക്കും എന്ന ആത്മവിശ്വാസത്തിൽ ഓരോ കുടുംബത്തിലും ഒരു സർക്കാർ ഉദ്യോഗസ്ഥനെ വാഗ്ദാനം നല്‍കി അധികാരം പിടിക്കാന്‍ ഒരുങ്ങിയിരിക്കുന്ന ലാലുവും മകൻ തേജ്വസി യാദവും മറുവശത്ത്. ഇതിനെല്ലാം പുറമെയാണ് ബിഹാർ കുപ്രസിദ്ധമായ രാഷ്ട്രീയ അഴിമതിയുടെ ഇനിയും തീരാത്ത ഏടുകളും തെരഞ്ഞെടുപ്പിൽ ഉയർന്ന് വരുന്നത്.
അതിനാൽ തന്നെയാണ് ഓരോ തെരഞ്ഞെടുപ്പ് ആകുമ്പോഴും തീർത്തും വ്യത്യസ്തനായ ഒരു ഭരണാധികാരിയെ ബിഹാർ ഓർമ്മിക്കാറുണ്ട്. മുൻ മുഖ്യമന്ത്രിയായിരുന്ന ശ്രീബാബു എന്ന അറിയപ്പെട്ടിരുന്ന ഡോ ശ്രീകൃഷ്ണ സിൻഹയുടെ ജീവിതം ഒരുപക്ഷെ വർത്തമാനകാല ബിഹാറിലെ നേതാക്കൾക്ക് ഒരു കെട്ടുകഥ പോലെ തോന്നിയേക്കാം. സത്യസന്ധതയുടെയും മനുഷ്യത്വത്തിൻ്റെയും മാതൃകയായ, പൊതുപ്രവർത്തനത്തിനായി ജീവിതം ഒഴിഞ്ഞിവച്ചിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ബിഹാറിന്റെ ആദ്യ മുഖ്യമന്ത്രിയെ കുറിച്ച് പറയാൻ ഏറെയുണ്ട്.
ജനങ്ങളുമായുള്ള ആത്മബന്ധമാണ് മറ്റുള്ള നേതാക്കളിൽ നിന്നും ശ്രീബാബുവിനെ വ്യത്യസ്തനാക്കുന്നത്. സ്വന്തം മണ്ഡലത്തിൽ ശ്രീബാബു സ്വന്തം നിലയിൽ വോട്ട് അഭ്യർത്ഥിക്കാൻ ഇറങ്ങിയിട്ടില്ലെന്നാണ് പറയപ്പെടുന്നത്. എന്നിട്ടും അദ്ദേഹം ഒരു മത്സരത്തിൽ പോലും പരാജയപ്പെട്ടിട്ടില്ല. മുദ്രാവാക്യങ്ങളുടെയോ വാഗ്ദാനങ്ങളുടെയോ രൂപത്തിലല്ല അദ്ദേഹം ജനങ്ങളെ സമീപിച്ചിരുന്നത്. ആത്മാർത്ഥമായ സേവനത്തിലൂടെയും വ്യക്തപരമായി അവരുമായി പുലർത്തിയിരുന്ന ബന്ധത്തിലൂടെയുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം കാര്യത്തിനായി അല്ലാതെ ആത്മാർത്ഥമായി ഒരു നേതാവ് ജനങ്ങൾക്ക് വേണ്ടി നിലകൊണ്ടാൽ അവരുടെ വിശ്വാസവും പിന്തുണയും താനെ ഒപ്പം വരുമെന്നാണ് ശ്രീ ബാബു ആത്മാർത്ഥമായി വിശ്വസിച്ചിരുന്നത്.
1961 ജനുവരി 31നാണ് അദ്ദേഹം മരണമടഞ്ഞത്. പന്ത്രണ്ട് ദിവസത്തിന് ശേഷം അദ്ദേഹത്തിന്റെ മേശ, അന്നത്തെ ഗവർണർ സാക്കിർ ഹുസൈൻ, മുഖ്യമന്ത്രി ദിപ്‌നാരായൺ സിങ്, ജയപ്രകാശ് നാരായൺ, ചീഫ് സെക്രട്ടറി ബിമൽകാന്ത് മജുംദാർ എന്നിവരുടെ സാന്നിധ്യത്തിൽ തുറക്കുമ്പോൾ നാല് കവറുകളാണ് ഉണ്ടായിരുന്നത്. ഈ നാല് കവറുകളിലായി മൊത്തം 24,500 രൂപ ഉണ്ടായിരുന്നു. ഈ പണം ആർക്കൊക്കെ നൽകണമെന്ന് അദ്ദേഹം തരംതിരിച്ച് വച്ചിരുന്നു. 20,000 രൂപ സ്റ്റേറ്റ് കോൺഗ്രസ് കമ്മിറ്റിക്ക് വേണ്ടി മാറ്റിവച്ചപ്പോൾ, മൂവായിരം രൂപ അദ്ദേഹത്തിന്റെ സുഹൃത്ത് ഷാ ഉസർ മുനിമിയുടെ കുടുംബത്തിനായിരുന്നു. ആയിരം രൂപ മുൻമന്ത്രി മഹേഷ് പ്രസാദ് സിൻഹയുടെ മകളുടെ കല്യാണത്തിന് നൽകാനും ബാക്കി അഞ്ഞൂറു രൂപ തന്റെ വേലക്കാരനും വേണ്ടി അദ്ദേഹം എഴുതിവച്ചിരുന്നു.
മരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ പേരിൽ സ്വത്തോ പണമോ ഒന്നും സ്വന്തമായി ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മിതവ്യയം, സുതാര്യത എന്നിവയുടെ സാക്ഷ്യമായിരുന്നു മേല്‍പ്പറഞ്ഞ സംഭവം. സ്വജനപക്ഷപാതത്തിനെതിരെ ശക്തമായി നിലകൊണ്ട വ്യക്തിത്വമാണ് അദ്ദേഹം. അധികാരത്തിലിരുന്നപ്പോൾ മകൻ ശിവ ശങ്കർ സിൻഹ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹം അനുവദിച്ചില്ല. 1957ൽ ചില നേതാക്കൾ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചപ്പോൾ, മകനെ മത്സരിക്കാൻ അനുവദിക്കാം പക്ഷേ താൻ മത്സരിക്കില്ല എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഒരു കുടുംബത്തിൽ നിന്നൊരാൾ മത്സരിച്ചാൽ മതിയെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ശ്രീബാബുവിന്റെ മരണത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മകൻ മത്സരരംഗത്തെത്തുന്നത്. ഇന്നത്തെ കോൺഗ്രസ് നേതാക്കൾക്ക് ഒരുപക്ഷെ ഉൾക്കൊള്ളാൻ പോലും കഴിയാത്ത നിലപാടുകളുടെ കൂടി ആൾരൂപമാരുന്നു ശ്രീബാബു.
1887 ഒക്ടോബർ 21ന് മുംഗർ ജില്ലയിലാണ് ശ്രീബാബു ജനിച്ചത്. ബിഹാർ കേസരി എന്നൊരു വിളിപ്പേരും അദ്ദേഹത്തിനുണ്ടായിരുന്നു. പാട്‌ന കോളേജിൽ നിയമ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. 1916ൽ ബനാറസിലെ സെൻട്രൽ ഹിന്ദു കോളേജിൽ വച്ച് മഹാത്മാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടനായി അദ്ദേഹം സ്വന്തം കരിയർ ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി. ബ്രിട്ടീഷുകാർ നിരവധി തവണ അദ്ദേഹത്തെ ജയിലിലടച്ചു. ഉപ്പ് സത്യാഗ്രഹത്തിന് പങ്കെടുത്തിനും അദ്ദേഹത്തിന് ജയിൽവാസം അനുഭവിക്കേണ്ടി വന്നിരുന്നു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ, ശ്രീ കൃഷ്ണ സിൻഹയായിരുന്നു ബിഹാറിന്റെ ആദ്യ മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ മരണം വരെ, അതായത് 14 വർഷവും 314 ദിവസവും മുഖ്യമന്ത്രിയായി തുടർന്നു. സെമീന്ദാരി വ്യവസ്ഥ ഉന്മൂലനം ചെയ്തതുൾപ്പെടെ നിരവധി പരിഷ്‌കരണങ്ങൾ അദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടായി.
Content Highlights: Let's know about Bihar's First CM Dr Shri Krishna Sinha