
പന്തളം: യുഡിഎഫ് വിശ്വാസ സംരക്ഷണ സംഗമത്തിന്റെ സമാപന ചടങ്ങില്‍ കെ മുരളീധരന്‍ എത്തി. പരിപാടി തുടങ്ങി ആറ് മണിക്കൂറുകള്‍ക്ക് ശേഷമാണ് കെ മുരളീധരന്‍ പരിപാടി നടന്ന പന്തളത്ത് എത്തിയത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് മുരളീധരന്‍ ഉന്നയിച്ചത്.
'കാലത്തെ മുതല്‍ ക്യാപ്റ്റൻ മുങ്ങി എന്ന് പറഞ്ഞ് ചാനലുകൾ വാര്‍ത്ത നല്‍കി. അതുകൊണ്ട് ഒരു ഗുണം ഉണ്ടായി. ഇന്ന് എന്റെ യാത്ര കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച് ചെങ്ങന്നൂരില്‍ അവസാനിക്കുന്നതുവരെയുള്ള രംഗങ്ങള്‍ എല്ലാ ചാനലുകളിലും കാണിച്ചു. യാത്ര നടന്നപ്പോള്‍ ഇതൊന്നും കാണിക്കാനുള്ള സമയം ഉണ്ടായിരുന്നില്ല. ഇന്ന് അതിന്റെ പ്രായശ്ചിത്തമായി രാവിലെ മുതല്‍ രാത്രി വരെ കാണിച്ചു. അതുകൊണ്ട് നല്ല പബ്ലിസിറ്റി ലഭിച്ചു', കെ മുരളീധരന്‍ പരിഹാസ രൂപേണ പറഞ്ഞു.
വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ യുഡിഎഫ് എന്നും വിശ്വാസികള്‍ക്ക് ഒപ്പമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ആ നിലപാട് ഉയര്‍പ്പിടിച്ചുകൊണ്ടുതന്നെ മുന്നണി മുന്നോട്ടുപോകും. പാര്‍ട്ടിക്കുള്ളില്‍ പല അഭിപ്രായങ്ങള്‍ ഉണ്ടാകും. അഭിപ്രായം ഉള്ളിടത്ത് അഭിപ്രായ വ്യാത്യാസങ്ങളും ഉണ്ടാകും. അതൊന്നും പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന്റെ വിജയത്തിനെ ഒരു ശതമാനം പോലും ബാധിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പാര്‍ട്ടിയും മുന്നണിയും ശക്തമായി ആവശ്യപ്പെടുന്നത് കോടതിയുടെ മോല്‍നോട്ടത്തില്‍ സിബിഐ അന്വേഷണമാണെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ല. സത്യസന്ധമായി റിപ്പോര്‍ട്ട് എഴുതിയതിന്റെ പേരില്‍ യോഗേഷ് ഗുപ്തയ്ക്ക് നേരെയുണ്ടായ നടപടി കണ്ടതാണ്. ഡോ. ബി അശോകിനെതിരായ നടപടിയും കേരളം കണ്ടു. ഉദ്യോഗസ്ഥര്‍ക്ക് നിഷ്പക്ഷമായി അന്വേഷിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നും കെ മുരളീധരന്‍ പറഞ്ഞു.
പിണറായിയോട് പറയാനുള്ളത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിക്കെതിരെ മുരളീധരന്റെ പ്രതികരണം. ദേവനെ വേദനിപ്പിച്ചാല്‍ വലിയ അപകടമുണ്ടാകുമെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. കൈക്കോ കാലിനോ പരുക്ക് പറ്റും, അല്ലെങ്കില്‍ കാഴ്ച പോകും, അതുമല്ലെങ്കില്‍ ചിത്തഭ്രമം ബാധിക്കും എന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. സംതൃപ്ത കുടുംബമാണ് തന്റേത് എന്നാണ് പിണറായി പറയുന്നത്. ഭയങ്കര സംതൃപ്തിയാണ്. ആദ്യം മകള്‍ക്കെതിരെ കേസ് വന്നു. പിന്നെ മകനെതിരെ. അതിന് ശേഷം പിണറായിക്കെതിരെ കേസ്. ഭാര്യക്ക് എതിരെ മാത്രമാണ് ഇനി കേസ് വരാനുള്ളതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
വ്യക്തിപരമായ കാരണത്താല്‍ വിശ്വാസ സംരക്ഷണ യാത്ര സമാപനചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നായിരുന്നു കെ മുരളീധരന്‍ നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ജാഥ ക്യാപ്റ്റന്മാരില്‍ ഒരാള്‍ തന്നെ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇന്നലെയാണ് നാല് ക്യാപ്റ്റന്മാര്‍ നയിച്ച വിശ്വാസ സംഗമയാത്ര ചെങ്ങന്നൂരില്‍ സംഗമിച്ചത്. കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ബെന്നി ബെഹ്നാന്‍ എന്നിവരാണ് ജാഥ ക്യാപ്റ്റന്മാര്‍. യാത്രയ്ക്ക് ശേഷം കെ മുരളീധരന്‍ ഗുരുവായൂരിലേക്ക് മടങ്ങുകയായിരുന്നു. പുനഃസംഘടനയിലെ അതൃപ്തി കാരണമാണ് കെ മുരളീധരന്‍ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നായിരുന്നു പുറത്തുവന്ന വിവരം. കെപിസിസി പുനഃസംഘടനയില്‍ കെ മുരളീധരന്‍ ന്യൂനപക്ഷ സെല്‍ വൈസ് ചെയര്‍മാനായ കെ എം ഹാരിസിന്റെ പേര് നിര്‍ദേശിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. മരിയാപുരം ശ്രീകുമാറിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിലും കെ മുരളീധരന് നീരസം ഉണ്ട് എന്നാണ് വിവരം.
Content Highlights- K Muraleedharan part as udf viswasa samrakshana sangamam