ബിഹാര്‍ തെരഞ്ഞെടുപ്പ്: മഹാസഖ്യം ഉപേക്ഷിച്ച് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച; സ്വതന്ത്രമായി മത്സരിക്കാന്‍ തീരുമാനം

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ തീരുമാനം പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടിയാകും

ബിഹാര്‍ തെരഞ്ഞെടുപ്പ്: മഹാസഖ്യം ഉപേക്ഷിച്ച് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച; സ്വതന്ത്രമായി മത്സരിക്കാന്‍ തീരുമാനം
dot image

പാട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് തിരിച്ചടി. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച മഹാസഖ്യം വിട്ടു. തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി മത്സരിക്കാനാണ് തീരുമാനം. ആറ് സീറ്റുകളില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു.

'ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ആറ് സീറ്റുകളില്‍ മത്സരിക്കും. ചക്കായ്, ധംധ, കട്ടോരിയ, മണിഹാരി, ജാമുയി, പിര്‍പൈന്‍തി എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കും', സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ആര്‍ജെഡി, കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ തീരുമാനമായില്ലെന്നും സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ തീരുമാനം പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടിയാകും.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നിലപാട് വ്യക്തമാക്കിയിരുന്നു. കുറഞ്ഞത് ആറ് സീറ്റുകളെങ്കിലും വേണമെന്നായിരുന്നു നിലപാട്. ജാര്‍ഖണ്ഡ് മന്ത്രി സുദിവ്യ കുമാര്‍ സോനു ഇക്കാര്യം ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായി സംസാരിക്കുകയും ചെയ്തിരുന്നു. പാട്‌നയില്‍ ഒക്ടോബര്‍ ആറിന് ചേര്‍ന്ന യോഗത്തിലായിരുന്നു വിഷയം ചര്‍ച്ചയായത്. എന്നാല്‍ അന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടായില്ല. വിഷയം തേജസ്വി യാദവും ഹേമന്ത് സോറനും ചര്‍ച്ച ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ തുടര്‍ നടപടികളുണ്ടായില്ല. തുടര്‍ന്നാണ് മഹാസഖ്യം ഉപേക്ഷിക്കാന്‍ ജെഎംഎം തീരുമാനിച്ചത്. അടുത്ത മാസം ആറ്, പതിനൊന്ന് തീയതികളിലാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ പതിനാലിനാണ് വോട്ടെണ്ണല്‍.

Content Highlights- JMM to contest Bihar polls independently

dot image
To advertise here,contact us
dot image