പോറ്റിയുടെ വീട്ടിലെ പരിശോധനയിൽ റവന്യൂ വകുപ്പും, ഭൂമി ഇടപാട് രേഖകൾ പിടിച്ചെടുത്തു

പോറ്റിയുടെ വീടിന് സമീപം പേപ്പറുകൾ കത്തിച്ചിട്ടതിൽ ദുരൂഹത

പോറ്റിയുടെ വീട്ടിലെ പരിശോധനയിൽ റവന്യൂ വകുപ്പും, ഭൂമി ഇടപാട് രേഖകൾ പിടിച്ചെടുത്തു
dot image

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിലെ പരിശോധനയിൽ പൊലീസിനൊപ്പം റവന്യൂ വകുപ്പും. പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തുള്ള വീട്ടിൽ പ്രത്യേക അന്വേഷണ സംഘത്തിനൊപ്പം റവന്യു വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. പോറ്റി നടത്തിയ ഭൂമി ഇടപാടുകളുടെ രേഖകൾ പരിശോധിച്ച റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ചില രേഖകൾ പിടിച്ചെടുത്തു.

ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ ഭൂമി ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പോറ്റിയുടെ മൊബൈൽ, ലാപ്ടോപ്, വീട്ടിലുള്ള രേഖകൾ എല്ലാം അന്വേഷണ സംഘം പരിശോധിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ വലിയ രീതിയിലുള്ള ഭൂമി ഇടപാടുകൾ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് രേഖകൾ റവന്യൂ വകുപ്പ് പിടിച്ചെടുത്തത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കോടിക്കണക്കിന് രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ പോറ്റി നടത്തിയെന്ന് വ്യക്തമാക്കുന്ന രേഖകൾ കണ്ടെത്തിയതായാണ് വിവരം. അന്വേഷണ ഉദ്യോഗസ്ഥർ എത്തുന്ന സമയത്ത് വീടിന്റെ വശത്തായി പേപ്പറുകൾ കത്തിച്ചിട്ട നിലയിൽ കണ്ടെത്തിയത് കൂടുതൽ സംശയങ്ങളിലേക്ക് വഴിവെച്ചിട്ടുണ്ട്.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ ഗൂഢാലോചന നടത്തിയത് അഞ്ചംഗ സംഘമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി. ബെംഗളൂരുവിലെ ഗൂഢാലോചനയിൽ കേരളത്തിലെ ഉന്നതർക്കും പങ്കുണ്ടെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. ഇന്ന് വൈദ്യപരിശോധയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച പോറ്റി അന്വേഷണത്തിൽ എല്ലാം തെളിയുമെന്നും കൂടുതലൊന്നും പറയാനില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിങ്ങളെ ആരാണ് കുടുക്കിയത് എന്ന ചോദ്യത്തിനായിരുന്നു പോറ്റിയുടെ പ്രതികരണം.

Content Highlights: Revenue Department along with the police conducted a search at the house of Unnikrishnan Potty

dot image
To advertise here,contact us
dot image