
ഹരിയാനയിലെ മൃഗസംരക്ഷണ വകുപ്പ് അടിയന്തരമായി നടത്തിയ ശസ്ത്രക്രിയയിലൂടെ ഗുരുതരമായി പരിക്കേറ്റ മൂർഖൻ പാമ്പ് തിരികെ ജീവിതത്തിലേക്ക്. പാമ്പിന്റെ കുടൽ പുറത്തേക്ക് തള്ളിവരികയും അഴുകിയ നിലയിലുമായിരുന്നു. ബിഭാനിയിലെ സർക്കാർ വെറ്റിനറി ആശുപത്രിയിലായിരുന്നു സങ്കീർണമായ ശസ്ത്രക്രിയ.
വളരെ ഗുരുതരമായ അവസ്ഥയിലാണ് മൂർഖനെ ആശുപത്രിയിൽ എത്തിച്ചതെന്ന് വെറ്റിനറി സർജൻ ഡോ ജോനി പറയുന്നു. പരിശോധനയിൽ മൂർഖന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ടെന്ന് വ്യക്തമായി. തുടർന്ന് മറ്റ് രണ്ട് സീനിയർ ഡോക്ടർമാരുടെ നിർദേശത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. മൂർഖൻ പാമ്പായതിനാൽ അതിന്റെ വിഷവും, ശരീരത്തിന്‍റെ അനാട്ടമിയിലെ ചില പ്രത്യേകളും ശസ്ത്രക്രിയ കൂടുതൽ സങ്കീർണമാക്കിയെന്ന് ഡോക്ടർ വിശദീകരിക്കുന്നു.
ശസ്ത്രക്രിയയുടെ ആദ്യഘട്ടമെന്ന നിലയിൽ മൂർഖന് അനസ്‌തേഷ്യ നൽകി. തുടർന്ന് കരുതലോടെ അഴുകി തുടങ്ങിയ കുടലിന്റെ ഭാഗങ്ങൾ വേർതിരിച്ചു. പുറത്ത് വന്ന കുടൽ അകത്തേക്ക് തിരികെവയ്ക്കുന്നതായിരുന്നു മറ്റൊരു വെല്ലുവിളിയെന്ന് ഡോക്ടർ പറഞ്ഞു.
കൈരു ഗ്രാമപ്രദേശത്തെ ആളുകളാണ് പരിക്കേറ്റ മൂർഖനെ ആദ്യം കണ്ടത്. ദയ തോന്നിയ ഗ്രാമവാസികൾ അതിനെ കൊല്ലാൻ കൂട്ടാകാതെ പ്ലാസ്റ്റിക്ക് ബാഗിലാക്കി ആശുപത്രിയിലെത്തിച്ചു. എന്നാൽ പാമ്പിനെ നേരിട്ട് ഏറ്റെടുക്കാന്‍ നിയമ പരിധിയുണ്ടായിരുന്നു. ഇതോടെ ആശുപത്രി അധികൃതർ വന്യജീവി വകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് അവിടെ നിന്നും ഉദ്യോഗസ്ഥരെത്തി പാമ്പിനെ കസ്റ്റഡിയിലെടുത്ത ശേഷം ആശുപത്രിക്ക് കൈമാറുകയാണ് ചെയ്തത്.
ശസ്ത്രക്രിയക്ക് ശേഷം പൂർണമായി ആരോഗ്യം വീണ്ടെടുത്ത മൂർഖനെ തിരികെ വനത്തിൽ തുറന്നുവിട്ടതായി അധികൃതർ വ്യക്തമാക്കി.
Content Highlights: Haryana doctors save life of Cobra severely injured