പഴയ അറബ് എതിരാളികളുടെ സൈനിക വിന്യാസത്തിൽ ആശങ്കയുമായി ഇസ്രയേൽ; ട്രംപിൻ്റെ സഹായം തേടി നെതന്യാഹു

ഈജിപ്തിന്റെ സൈനിക വിന്യാസത്തിൽ പരിഭ്രാന്തരായി ഇസ്രയേൽ

പഴയ അറബ് എതിരാളികളുടെ സൈനിക വിന്യാസത്തിൽ ആശങ്കയുമായി ഇസ്രയേൽ; ട്രംപിൻ്റെ സഹായം തേടി നെതന്യാഹു
dot image

ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി ഉണ്ടായാൽ ഇസ്രായേൽ സഹായം ചോദിച്ച് ചെല്ലുന്നത് അമേരിക്കയുടെ അടുത്താണ്. വീണ്ടുമൊരു മധ്യസ്ഥനാകാൻ അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ നെതന്യാഹു. പേടിക്കുന്നതാകട്ടെ പഴയ അറബ് എതിരാളികളായിരുന്ന ഈജിപ്റ്റിനെ. ഗാസയുടെ ഭാവിയെക്കുറിച്ചുള്ള ലോകത്തിൻ്റെ ആശങ്കൾ അ​വ​ഗണിച്ച് ​ഗാസ സിറ്റിയെ കീഴടക്കാനുള്ള നീക്കത്തിലാണ് ഇസ്രയേൽ. തുടരെത്തുടരെയുള്ള അക്രമണങ്ങൾക്ക് പുറമെ ഇസ്രായേൽ ​ഗാസയിൽ വംശഹത്യ നടത്തിയെന്ന യുഎൻ റിപ്പോർട്ടും പുറത്ത് വന്നിരുന്നു. ഗാസ സിറ്റി കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇസ്രായേലിന് ഇപ്പോൾ വെല്ലുവിളിയാകുന്നത് ഈജിപ്തിന്റെ പുതിയ നീക്കമാണ്.

സിനായ് പെനിൻസുലയിൽ ഈജിപ്ത് നടത്തിയ സൈനിക വിന്യാസത്തെ ഇസ്രയേേൽ ഭയത്തോടെയാണ് നോക്കി കാണുന്നത്. സിനായ് പെനിൻസുലയിൽ അടുത്തിടെ വർധിപ്പിച്ച സൈനികരുടെ എണ്ണവും വിന്യാസവും കുറക്കാൻ ഈജിപ്തിനോട് ആവശ്യപ്പെടണമെന്നാണ് നെതന്യാഹു അമേരിക്കയോട് അഭ്യർത്ഥിച്ചിരിക്കുന്നത്. അതിനായി അവർക്കുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് ഇസ്രയേൽ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോ‍ർട്ടുകൾ. സിനായ് പെനിൻസുലയിൽ സൈന്യത്തെ വിന്യസിക്കുന്നത് 1979-ലെ കരാറിൻ്റെ ലംഘനമാണെന്നാണ് നെതന്യാഹുവിന്റെ ആരോപണം. ഇത് സംബന്ധിച്ചുള്ള ഒരു വലിയ പട്ടിക തന്നെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയിൽ നെതന്യാഹു അവതരിപ്പിക്കുകയും ചെയ്തു. മിസൈലുകൾ സൂക്ഷിക്കുന്നതിനുള്ള ഭൂഗർഭ സൗകര്യങ്ങൾ, യുദ്ധവിമാനങ്ങൾക്കായി വികസിപ്പിച്ച റൺവേകൾ തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം സീനായ് പെനിൻസുലയിൽ ഈജിപ്റ്റ് ഒരുക്കിയിട്ടുണ്ടെന്നും നിലവിലെ കരാറിൻ്റെ ലംഘനം ഇതുമൂലം ഉണ്ടാകാൻ പാടില്ലെന്നുമാണ് നെതന്യാഹു ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ ഇസ്രയേലിന്റെ അവകാശവാദങ്ങൾ നിഷേധിച്ച ഒരു ഈജിപ്ഷ്യൻ ഉദ്യോഗസ്ഥൻ, അമേരിക്ക ഈ വിഷയം ഉന്നയിച്ചിട്ടില്ലെന്ന് ഊന്നിപ്പറയുകയും ചെയ്തു. ഭീകര പ്രവർത്തനങ്ങൾ, കള്ളക്കടത്ത് എന്നിവയുൾപ്പെടെയുള്ള എല്ലാ ഭീഷണികളിൽ നിന്നും അതിർത്തി സംരക്ഷിക്കുന്നതിനാണ് പ്രദേശത്തെ സൈനികരുടെ എണ്ണം വർദ്ധിപ്പിച്ചതെന്നാണ് ഈജിപ്റ്റ് വ്യക്തമാക്കുന്നത്. സിനായ് പ്രവിശ്യയിൽ കൂട്ട കുടിയേറ്റം ഉണ്ടായാൽ തങ്ങളുടെ സൈന്യത്തെ ശക്തിപ്പെടുത്തുമെന്ന് ഈജിപ്ത് ഇസ്രായേലിന് മുന്നറിയിപ്പും നൽകി. അതിനായി 40000 ലധികം സൈനികരെയാണ് നോർത്ത് സീനായ് പെനിന്സുലയിൽ ഈജിപ്റ്റ് വിന്യസിച്ചിരിക്കുന്നത്.

Sinai Peninsula

എന്താണ് ഈ സിനായ് പെനിൻസുലക്ക് ഇത്ര പ്രത്യേകത ? എന്താണ് ലംഘിക്കപ്പെടുമെന്ന് ഇസ്രായേൽ വാദിക്കുന്ന ആ ഉടമ്പടി ?

ഈജിപ്തിന്റെ വടക്കുകിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ത്രികോണാകൃതിയിലുള്ള ഒരു ഉപദ്വീപാണ്‌ സീനായ് പെനിൻസുല. ഈജിപ്റ്റിന് പരമാധികാരമുള്ള ഈ പ്രദേശത്തിന്റെ വടക്ക് ഭാഗത്ത് മെഡിറ്ററേനിയൻ കടലും കിഴക്ക് ഭാഗത്ത്  ഇസ്രയേലും ഗാസ മുനമ്പും അതിർത്തി പങ്കിടുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സീനായ്  ഉപദ്വീപ് ഉൾപ്പെടെയുള്ള ഈജിപ്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഈജിപ്തിലെ  ബ്രിട്ടീഷ് ഭരണം 1922 വരെ നീണ്ടു നിന്നു. സ്വതന്ത്രമായപ്പോഴും ഈ തന്ത്രപ്രധാന മേഖല ഈജിപ്തിൻ്റെ നിയന്ത്രണത്തിലായിരുന്നു. 1967 ജൂണിലെ  ആറ് ദിവസത്തെ അറബ് ഇസ്രായേലി യുദ്ധത്തിൽ ഇസ്രായേൽ സൈന്യം ഈ ഉപദ്വീപ്  കൈവശപ്പെടുത്തിയിരുന്നു. എന്നാൽ 1979-ൽ ആ രാജ്യങ്ങൾ തമ്മിൽ ഒപ്പുവച്ച സമാധാന ഉടമ്പടി പ്രകാരം 1982-ൽ സിനായി ഉപദ്വീപ് ഈജിപ്തിന് തിരികെ ലഭിച്ചു.

സിനായ് ഉപദ്വീപിൽ നിന്ന് ഇസ്രയേൽ പിന്മാറുക, ഇരു രാജ്യങ്ങളും തമ്മിൽ സാധാരണ നയതന്ത്ര, സാമ്പത്തിക, സാംസ്കാരിക ബന്ധങ്ങൾ സ്ഥാപിക്കുക, ഈജിപ്ത് ഇസ്രയേലിനെ ഔപചാരികമായി അംഗീകരിക്കുക എന്നിവയായിരുന്നു 1979 മാർച്ച് 26 ന് വാഷിംഗ്ടൺ ഡി സിയിൽ ഒപ്പുവച്ച ആ ഉടമ്പടിയിലെ പ്രധാന വ്യവസ്ഥകൾ. ഇസ്രയേലും ഏതെങ്കിലുമൊരു അറബ് രാഷ്ട്രവും തമ്മിലുള്ള ആദ്യത്തെ സമാധാന ഉടമ്പടിയായിരുന്നു അത്. എന്നാൽ 2022ൽ നെതന്യാഹു സർക്കാർ അധികാരത്തിലെത്തിയതോടെ ഇസ്രായേലും ഈജിപ്തും തമ്മിലുള്ള സ്വരച്ചേർച്ചയ്ക്ക് ഇമ്പം നഷ്ടപ്പെടാൻ തുടങ്ങി. 2024 ൽ ഇസ്രായേൽ സൈന്യം റഫയുടെ ചില ഭാഗങ്ങളിൽ പ്രവേശിച്ചതോടെ ഇരുവരും തമ്മിലുള്ള കൂടുതൽ വഷളായി. പിന്നീടങ്ങോട്ട് അതിർത്തി കടന്നുള്ള ആക്രമണം, ഈജിപ്ഷ്യൻ- ഇസ്രായേലി സേനകൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ എന്നിങ്ങനെയുള്ള സംഘർഷങ്ങൾക്ക് പശ്ചിമേഷ്യ സാക്ഷ്യം വഹിച്ചു.

നിലവിൽ ഒന്നിലേറെ യുദ്ധമുഖങ്ങളെ അഭിമുഖീകരിക്കുന്നതിനാൽ തന്നെയാണ് ഈജിപ്ത് അതിർത്തിയിൽ ഉണ്ടായിരിക്കുന്ന പുതിയ നീക്കം ഇസ്രയേലിനെ ഭയപ്പെടുത്തുന്നത്. ​ഗാസ സിറ്റിയെ കീഴ്പ്പെടുത്തുമെന്ന് ദൃഢനിശ്ചയം ചെയ്ത് സൈനീക നീക്കം നടത്തുമ്പോൾ പരമ്പരാ​ഗത അറബ് എതിരാളികളായിരുന്ന ഈജിപ്റ്റ് സിനായ് മേഖലയിൽ സൈനിക ശക്തി വർദ്ധിപ്പിക്കുന്നത് ദീർഘകാല ഭീഷണിയാണെന്ന് നെതന്യാഹു തിരിച്ചറിഞ്ഞു എന്ന് വേണം കാണാൻ.

Content Highlights : Israel said to request US pressure on Egypt over military buildup in Sinai

dot image
To advertise here,contact us
dot image