
സോഷ്യല്‍ മീഡിയ തുറന്നാല്‍ വിന്റേജ് സുന്ദരികളുടെ ബഹളമാണ്..മുടി അലസമായി വിടര്‍ത്തിയിട്ട് മനോഹരമായ ചിരിയുമായി അവരങ്ങനെ ഇന്‍സ്റ്റയും സോഷ്യല്‍ മീഡിയയും ഭരിക്കുകയാണ്..പറഞ്ഞുവരുന്നത് ഇന്‍സ്റ്റയില്‍ കോളിളക്കം സൃഷ്ടിച്ച ജെമിനിയുടെ ബനാന എഐ സാരി ട്രെന്‍ഡിനെ കുറിച്ചാണ്.
ഈ ട്രെന്‍ഡിനെ കുറിച്ച് അറിയാത്തവരൊന്നും എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകാനിടയില്ലെങ്കിലും സംഗതി എന്താണെന്ന് പറഞ്ഞുതരാം. ഗൂഗിളിന്റെ ജെമിനി എഐ മോഡലിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇമേജ് ജനറേറ്റിങ് ടൂളാണ് നാനോ ബനാന. നമ്മള്‍ നല്‍കുന്ന പ്രോംപ്റ്റുകളുടെ അടിസ്ഥാനത്തില്‍ നമ്മള്‍ തന്നെ നല്‍കുന്ന ചിത്രങ്ങളുപയോഗിച്ച് ഫോട്ടോ ജനറേറ്റ് ചെയ്യുകയാണ് ജെമിനി ഫോട്ടോ ജനറേറ്റ് ചെയ്ത് നല്‍കും. നാനോ ബനാന എഐ 3ഡി ഫിഗറിനാണ് ഇക്കൂട്ടത്തില്‍ ആദ്യം വൈറലായതെങ്കിലും 90കളിലെ ബോളിവുഡ് താരസുന്ദരിമാരെ അനുസ്മരിപ്പിച്ചുകൊണ്ടുള്ള ഷിഫോണ്‍ സാരിയിലെ വിന്റേജ് ലുക്കുകള്‍ അതിനെ വളരെപ്പെട്ടന്ന് തന്നെ മറികടന്നു. ഇപ്പോഴിതാ അതിനെയും മറികടന്ന് സോഷ്യല്‍ മീഡിയ ഭരിക്കാന്‍ എത്തിയിരിക്കുകയാണ് ഹഗ് മൈ യങ്ങര്‍ സെല്‍ഫ്സ്വ. ല്പം നൊസ്റ്റു അടിച്ചുകൊണ്ട് ജെമിനിയുടെ സഹായത്തോടെ കുട്ടിക്കാലത്തെ പുണരാം..ഇതും ഹിറ്റായതോടെ ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഏറ്റവും ജനപ്രിയമായ സൗജന്യ ആപ്പായിരിക്കുകയാണ് ജെമിനി. 50 കോടിയിലധികമാണത്രേ നാനോ ബനാനയില്‍ തയ്യാറാക്കപ്പെട്ട ചിത്രങ്ങള്‍.
സ്വാഭാവികമായും സ്വകാര്യതയെ സംബന്ധിച്ചും സുരക്ഷയെ സംബന്ധിച്ചുമുള്ള ചര്‍ച്ചകളും കൊഴുക്കുന്നുണ്ട്. നമ്മള്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളെല്ലാം സംരക്ഷിക്കപ്പെടുന്നുണ്ടെന്നാണ് ഗൂഗിള്‍ നല്‍കുന്ന ഉറപ്പെങ്കിലും നമ്മളറിയാതെ തന്നെ നമ്മുടെ ഡേറ്റ ശേഖരിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അപ്‌ലോഡ് ചെയ്യപ്പെടുന്ന ഫോട്ടോകള്‍ നമ്മള്‍ അറിയാതെ തന്നെ എഡിറ്റ് ചെയ്യപ്പെടുകയും മറ്റു പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കാനും സാധ്യത ഏറെയാണ്. ഈ ചിത്രങ്ങള്‍ മോഡലുകള്‍ മെച്ചപ്പെടുത്തുന്നതിനും അനലിറ്റിക്‌സിനും വേണ്ടി ശേഖരിക്കപ്പെടാനും സാധ്യതയുണ്ട്. എപ്പോഴെങ്കിലും ആ സിസ്റ്റമോ അതില്‍ ലിങ്ക് ചെയ്ത ഏതെങ്കിലും സേവനങ്ങളോ ഹാക്ക് ചെയ്യപ്പെട്ടാല്‍, നമ്മുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നേക്കാം!
ഇത്തരത്തില്‍ ചോരുന്ന ഡേറ്റകള്‍ ഉപയോഗിച്ച് വ്യാജരേഖകള്‍ സൃഷ്ടിക്കപ്പെടുകയും കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക, ഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുത്താനും സാധ്യതയുണ്ട്. ഇത്തരത്തില്‍ നിര്‍മിക്കുന്ന ചിത്രങ്ങള്‍ക്ക് സിന്ത് ഐഡി എന്നറിയപ്പെടുന്ന അദൃശ്യ വാട്ടര്‍മാര്‍ക്ക് ഉണ്ടെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതിലും കൃത്രിമം കാണിക്കാനുള്ള സാധ്യത വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. മറ്റൊന്ന് സ്വകാര്യ ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ഫോണിലെ പ്രൈവസി സെറ്റിങ്ങ്‌സിലേക്ക് ഒരു കണ്ണ് വേണം. അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ ആപ്പ് നു അനുവാദം നല്‍കുന്നുണ്ടോ എന്നുകൂടി ശ്രദ്ധിക്കണമെന്നും ജാഗ്രതയോടെ മാത്രമേ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാവൂ എന്നും സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ പറയുന്നു.
ജെമിനി ആപ്പ് വഴി വിന്റേജ് ചിത്രങ്ങള്‍ ക്രിയേറ്റ് ചെയ്തപ്പോഴുണ്ടായ ഞെട്ടിക്കുന്ന അനുഭവം രണ്ടുദിവസം മുന്‍പ് ഒരു യുവതി പങ്കുവച്ചിരുന്നു. വിന്റേജ് ലുക്ക് ക്രിയേറ്റ് ചെയ്യാന്‍ നല്‍കിയ ചിത്രത്തില്‍ കൈമറച്ചുവച്ചിട്ടും ശരീരത്തിലെ മറുക് തിരിച്ചറിഞ്ഞുവെന്നും ആപ്പ് ജനറേറ്റ് ചെയ്ത ചിത്രത്തില്‍ മറുക് ഉണ്ടെന്നുമാണ് യുവതി പറയുന്നത്. ഇതെങ്ങനെ സംഭവിച്ചുവെന്ന് മനസ്സിലാകുന്നില്ലെന്നും ജാഗ്രത പാലിക്കണമെന്നും യുവതി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതുകൊണ്ട് പാസ്‌പോര്‍ട്ട്, ആധാര്‍, ലൈസന്‍സ് എന്നിങ്ങനെയുള്ള രേഖകള്‍ നല്‍കാതിരിക്കുക, വ്യക്തമായ മുഖമുള്ള ചിത്രങ്ങള്‍ക്ക് പകരം അവതാര്‍, കാര്‍ട്ടൂണ്‍, അല്ലെങ്കില്‍ സ്റ്റൈലൈസ് ചെയ്ത ചിത്രങ്ങള്‍ മാത്രം ഉപയോഗിക്കുക. കൗതുകം ലേശം കുറക്കുക!
Content Highlights : Gemini nano banana AI saree trend sparks safety warnings