
ന്യൂഡൽഹി: അതിരൂക്ഷ വിമർശനവുമായി സിപിഐ പാർട്ടി കോൺഗ്രസിന്റെ സംഘടന റിപ്പോർട്ട്. പാർട്ടിയിൽ മുരടിപ്പാണെന്നും ചില നേതാക്കൾ ഒരേ പദവിയിൽ നിന്ന് മാറാതിരിക്കുകയാണ് എന്നുമാണ് ഉയർന്ന പ്രധാന വിമർശനം. ഇത് പാർട്ടിയുടെ ഊർജം കെടുത്തുകയാണെന്നും യുവാക്കളെയും സ്ത്രീകളെയും നേതൃത്വത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ചില നേതാക്കൾ ഒരേ പദവിയിൽ നിന്ന് മാറുന്നില്ല. ചിലർ പാർട്ടിയെ ഉപയോഗിച്ച് പണം ഉണ്ടാക്കുകയാണ്. മത്സരിക്കാൻ സീറ്റ് കിട്ടാത്തവർ പാർട്ടിവിടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ബഹുജന പ്രവർത്തന പരിചയമില്ലാത്ത ആളുകൾ മത്സരിക്കുന്നത് വിശ്വാസ്യതയെ ബാധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പരാജയങ്ങൾ പാർട്ടിയുടെ സ്വാധീനം കുറയുന്നതിന് തെളിവാണ്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ പാർട്ടിക്ക് കഴിയുന്നില്ല. പാർട്ടിയിൽ പാർലമെന്ററി വ്യാമോഹം വർദ്ധിക്കുകയാണെന്നും വിമർശനമുണ്ട്. എന്നാൽ പാർട്ടിയെ ശക്തിപ്പെടുത്താനായി എടുക്കുന്ന തീരുമാനങ്ങളെല്ലാം നടപ്പാക്കാൻ കഴിയുന്നില്ലെന്നും സംഘടന റിപ്പോർട്ട് വ്യക്തമാക്കുന്നു.
പാർട്ടിയുടെ ജീവൻ നിലനിർത്തുന്നതിന് നിഷ്‌ക്രിയമായ പ്രവണതകളെ തുടച്ചുമാറ്റണം. നേതാക്കൾക്ക് ജനങ്ങളുമായി അടുപ്പമുണ്ടാകണം. ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കാൻ പാർട്ടിക്ക് സാധിക്കണം. ഈ ലക്ഷ്യങ്ങൾ നേടാൻ, ഓരോ പാർട്ടി യൂണിറ്റും തങ്ങളുടെ ദൗർബല്യങ്ങൾ കണ്ടെത്തുകയും അത് പരിഹരിക്കുകയും വേണം. ഓരോ പാർട്ടി യൂണിറ്റും തങ്ങളുടെ ശക്തിയും ആത്മവിശ്വാസവും വർദ്ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
ആളുകളെ സംഘടിപ്പിക്കുന്നതിനും പുരോഗതി നേടുന്നതിനുമായുള്ള നവീകരണ പ്രക്രിയക്ക് രൂപം നൽകണം. എല്ലാ പാർട്ടി യൂണിറ്റുകളും ധാർമികത, അച്ചടക്കം, സത്യസന്ധത, സുതാര്യത എന്നിവ ഉറപ്പാക്കണമെന്നും റിപ്പോർട്ട് സ്വയം വിമർശനമായി ഉന്നയിക്കുന്നുണ്ട്. പാർട്ടിയുടെ യുവജന സംഘടന നിർജീവമാണെന്നും റിപ്പോർട്ടിൽ പറയുന്നു. സഖാക്കൾക്ക് പരിശീലനമില്ല. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പരിശീലനത്തിന്റെ കുറവ് പാർട്ടിയെ ദുർബലപ്പെടുത്തുന്നു. പാർട്ടി അംഗങ്ങളും അനുയായികളും സ്വകാര്യ പരിപാടികൾക്കായി വൻതോതിൽ പണം ചെലവഴിക്കുന്നു. പാർട്ടി അംഗത്വം പുതുക്കൽ ബലഹീനതയായി മാറി. പ്രധാന പാർട്ടികളുമായുള്ള തെരഞ്ഞെടുപ്പ് സഖ്യങ്ങളെ എപ്പോഴും ആശ്രയിക്കരുത്. സഖ്യങ്ങൾ രൂപപ്പെടുന്നില്ലെങ്കിൽ, സ്വന്തം ശക്തിയിൽ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും വിജയിക്കാനും കഴിയണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
പൊതുസമ്മേളനത്തോടെ ഛത്തീസ്ഗഡിൽ 25ാം സിപിഐ പാർട്ടി കോൺഗ്രസിന് തുടക്കമായി. പൊതു സമ്മേളനം സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. ബിജെപിയെ അധികാരത്തിൽ നിന്ന് താഴെ ഇറക്കുകയാണ് ലക്ഷ്യമെന്നും വർഗീയ ശക്തികൾക്കെതിരെ എല്ലാ പാർട്ടികളെയും ചേർത്ത് യോജിച്ച പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ കരട് രാഷ്ട്രീയ പ്രമേയം, സംഘടന റിപ്പോർട്ട്, അവലോകന റിപ്പോർട്ട് എന്നിവയാണ് അവതരിപ്പിക്കുന്നത്. വ്യാഴാഴ്ചയാണ് സമാപനം.
Content Highlights: extreme criticism in organization draft report of CPI Party Congress