'ടീമില്‍ എല്ലാവർക്കും തുല്യപ്രാധാന്യമാണ് നല്‍കുന്നത്'; ഗംഭീറിനെയും സൂര്യയെയും പുകഴ്ത്തി സഞ്ജു

ഇത്തരമൊരു അന്തരീക്ഷം കളിക്കാരിലെ ഏറ്റവും മികച്ചതിനെ പുറത്തുകൊണ്ടുവരാൻ സഹായിക്കുന്നതിനെ കുറിച്ചും സഞ്ജു തുറന്നുപറഞ്ഞു

'ടീമില്‍ എല്ലാവർക്കും തുല്യപ്രാധാന്യമാണ് നല്‍കുന്നത്'; ഗംഭീറിനെയും സൂര്യയെയും പുകഴ്ത്തി സഞ്ജു
dot image

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ‌ എല്ലാ താരങ്ങൾക്കും തുല്യപ്രാധാന്യമാണ് നൽകുന്നതെന്ന് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. ടീമിൽ സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചതിന് കോച്ച് ​ഗൗതം ​ഗംഭീറിനെയും ക്യാപ്റ്റൻ‌ സൂര്യകുമാർ യാദവിനെയും സഞ്ജു പ്രശംസിക്കുകയും ചെയ്തു. ഒമാനെതിരെ ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ട വിജയത്തിന് ശേഷം ബിസിസിഐ പങ്കിട്ട ഒരു വീഡിയോയിലാണ് സഞ്ജുവിന്റെ പ്രതികരണം.

"ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം മികച്ച രീതിയിൽ നിലനിർത്തുന്നതിന് സൂര്യകുമാർ യാദവിനും ഗൗതം ഗംഭീർ ഭായിക്കും വളരെയധികം നന്ദി. അവർ എല്ലാവരെയും തുല്യമായാണ് പരിഗണിക്കുന്നത്. എല്ലാ താരങ്ങൾക്കും തുല്യ പ്രാധാന്യമാണ്‌ നൽകുന്നത്'', സഞ്ജു സാംസൺ പറഞ്ഞു.

ഇത്തരമൊരു അന്തരീക്ഷം കളിക്കാരിലെ ഏറ്റവും മികച്ചതിനെ പുറത്തുകൊണ്ടുവരാൻ സഹായിക്കുന്നതിനെ കുറിച്ചും സഞ്ജു തുറന്നുപറഞ്ഞു. "ഇത്തരം അന്തരീക്ഷം നിങ്ങളിൽ നിന്ന് ഏറ്റവും മികച്ചതിനെ പുറത്തുകൊണ്ടുവരാൻ സഹായിക്കുമെന്നാണ് ഞാൻ‌ കരുതുന്നത്. ഈ ഫോർമാറ്റിൽ അതുതന്നെയാണ് വേണ്ടത്. വളരെ സ്വതന്ത്രനും ഉത്തരവാദിത്തമുള്ളവനുമായിരിക്കണം. ടീമിനും സഹതാരങ്ങൾക്കും സ്വാതന്ത്ര്യം നൽകുന്ന രീതി മികച്ചതാണെന്നാണ് എനിക്ക് തോന്നുന്നത്," സഞ്ജു വീഡിയോയിൽ പറഞ്ഞു.

അതേസമയം ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനൊരുങ്ങുകയാണ് ടീം ഇന്ത്യ. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം. നിര്‍ണായക പോരാട്ടത്തിന് ഇന്ത്യ ഒരുങ്ങുമ്പോള്‍ എല്ലാ കണ്ണുകളും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിലാണ്.

ഒമാനെതിരെ നടന്ന കഴിഞ്ഞ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ വണ്‍ഡൗണായി ഇറങ്ങിയ സഞ്ജു സാംസണ്‍ നിര്‍ണായക അര്‍ധ സെഞ്ച്വറി തികച്ച് തിളങ്ങിയിരുന്നു. ഒമാനെതിരായ മത്സരത്തില്‍ 45 പന്തില്‍ 56 റണ്‍സാണ് സഞ്ജു നേടിയത്. കളിയിലെ താരവും സഞ്ജുവായിരുന്നു. ഒമാനെതിരായ മികച്ച ബാറ്റിങ് പ്രകടനം പാകിസ്താനെതിരെയും സഞ്ജുവിന് തുടരാന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Content Highlights: Sanju Samson hails Suryakumar Yadav, Gautam Gambhir's team culture

dot image
To advertise here,contact us
dot image