
ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയാണെന്ന് അരക്കിട്ട് ഉറപ്പിക്കുന്നതാണ് ഐക്യരാഷ്ട്ര സഭയുടെ അന്വേഷണ കമ്മീഷൻ്റെ റിപ്പോർട്ട്. ഗാസ മുനമ്പിൽ പലസ്തീനികൾക്കെതിരെ ഇസ്രായേൽ വംശഹത്യ നടത്തുന്നുവെന്നാണ് കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള അധിനിവേശ പലസ്തീൻ പ്രദേശത്തെക്കുറിച്ചുള്ള യുഎൻ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ വ്യക്തമാക്കിയത്. വംശഹത്യ കുറ്റകൃത്യം തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള ഐക്യരാഷ്ട്ര സഭയുടെ വംശഹത്യ കൺവെൻഷൻ നിർവചിച്ച അഞ്ച് വംശഹത്യ പ്രവൃത്തികളിൽ നാലെണ്ണം ഇസ്രായേലിലെ ഭരണാധികാരികളും ഇസ്രായേലി സുരക്ഷാ സേനയും ചെയ്തതായാണ് കമ്മീഷൻ്റെ നിഗമനം. കൊല്ലുക, ശാരീരികമോ മാനസികമോ ആയ ഗുരുതരമായ ഉപദ്രവം ഏൽപ്പിക്കുക, പലസ്തീനികളെ പൂർണ്ണമായോ ഭാഗികമായോ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ജീവിത സാഹചര്യങ്ങൾ മനഃപൂർവ്വം സൃഷ്ടിക്കുക, ജനനം തടയാൻ ഉദ്ദേശിച്ചുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ഗുരുതരമായ ഇടപെടൽ ഇസ്രയേൽ ഗാസയിൽ നടത്തിയെന്നാണ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്.
ഐക്യരാഷ്ട്ര സഭയുടെ അന്വേഷണ കമ്മീഷൻ ചൂണ്ടിക്കാണിച്ച നാല് വംശഹത്യ പ്രവർത്തികളിൽ ഏറ്റവും ഗുരുതരമായത് പലസ്തീനികളുടെ ജനനം തടയാനുള്ള നടപടികൾ ഇസ്രയേൽ സ്വീകരിച്ചു എന്നതാണ്. വംശഹത്യയുടെ ഏറ്റവും ഭീകരമായ ഇടപെടൽ ഇസ്രയേൽ ഗാസയിൽ നടത്തിയെന്നതിന് നിരവധി തെളിവുകൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. കുട്ടികളെയും സ്ത്രീകളെയും ഇസ്രയേൽ സൈന്യം നിർദാക്ഷിണ്യം ലക്ഷ്യം വെയ്ക്കുന്നു എന്ന് തന്നെയാണ് കണക്കുകളും വ്യക്തമാക്കുന്നത്. വംശഹത്യ എന്ന ലക്ഷ്യത്തോടെയാണ് 2023 ഒക്ടോബർ 7ന് ശേഷം ഇസ്രയേൽ സൈന്യം ഗാസയെ ഉഴുതുമറിച്ചതെന്ന് കൂടിയാണ് വ്യക്തമാകുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള ഭരണനേതൃത്വം ലക്ഷ്യം വെച്ചതും പലസ്തീനികളെ ഗാസയിൽ നിന്ന് തുടച്ച് നീക്കുക എന്നതാണെന്ന് കൂടിയാണ് കണക്കുകൾ വിശകലനം ചെയ്യുമ്പോൾ വ്യക്തമാകുന്നത്.
2023 ഒക്ടോബർ 7ന് ശേഷം 2025 സെപ്റ്റംബർ 19വരെയുള്ള 712 ദിവസങ്ങൾക്കിടെ ഗാസയിൽ 19,424 കുട്ടികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. ഓരോ 52 മിനിറ്റിലും ഒരു കുട്ടി എന്ന കണക്കിലാണ് ഈ കൊലപാതകങ്ങൾ നടന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2023 ഒക്ടോബർ 7ന് ശേഷം ഓരോ മാസവും 540 കുട്ടികൾ വീതം കൊല്ലപ്പെടുന്നു എന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. ഇത് ഗാസയിൽ ആകെ കൊല്ലപ്പെട്ടവരുടെ 30 ശതമാനത്തോളം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു വയസ്സ് തികയാത്ത ആയിരത്തോളം കുട്ടികളെയാണ് ഇസ്രയേൽ ഇതുവരെ കൊലപ്പെടുത്തിയതെന്ന് അറിയുമ്പോഴാണ് വംശഹത്യയെന്ന ലക്ഷ്യത്തിൻ്റെ ഭീകരത വ്യക്തമാകുന്നത്. ഇസ്രയേൽ ഗാസയിൽ വംശഹത്യ ആരംഭിച്ചതിന് ശേഷം പോഷകാഹാരക്കുറവും പട്ടിണിയും മൂലം കുട്ടികളും ശിശുക്കളുമായി 350 പേരിലേറെ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. കുട്ടികളെയെന്നത് പോലെ സ്ത്രീകളെയും ഇസ്രയേൽ ലക്ഷ്യം വെയ്ക്കുന്നുണ്ട്. ഇതുവരെ 10138 സ്ത്രീകളാണ് ഗാസയിൽ കൊല്ലപ്പെട്ടത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇസ്രയേൽ ഗാസയിൽ തീതുപ്പാൻ തുടങ്ങി ഒരു മാസത്തിനകം തന്നെ ഗാസ കുട്ടികളുടെ ശവപറമ്പാകുന്നു എന്ന് യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്രസ് പറഞ്ഞ് വെച്ചിരുന്നു എന്നതും സവിശേഷമായി ഓർമ്മിക്കേണ്ടതുണ്ട്.
പലസ്തീൻ ജനതയെ ഇല്ലാതാക്കുക എന്നതാണ് ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിൻ്റെ പ്രധാനലക്ഷ്യമെന്ന് വെളിപ്പെടുത്തുന്നതാണ് കുട്ടികൾക്കും ഗർഭിണികൾക്കും മാത്രമായി നടത്തുന്ന ആശുപത്രികൾക്ക് നേരെ നടന്ന ആക്രമണങ്ങൾ. ഇസ്രയേൽ വളഞ്ഞാക്രമിക്കുന്ന ഗാസ സിറ്റിയിൽ നിലവിൽ പ്രവർത്തിച്ചിരുന്ന ഏക പീഡിയാട്രിക് ആശുപത്രിയായ അൽ റാന്തിസി ആശുപത്രി ഈ ആഴ്ചയുടെ തുടക്കത്തിൽ ഇസ്രായേലി ഡ്രോണുകൾ ആക്രമിച്ചിരുന്നു. അടുത്തിടെ നവീകരിച്ച ആശുപത്രിയിൽ പ്രതിദിനം 350 ഓളം കുട്ടികളെ പ്രവേശിപ്പിക്കാൻ കഴിയുമായിരുന്നു. ആക്രമണം നടക്കുന്ന സമയത്ത് ഏതാണ്ട് 80ഓളം കുട്ടികൾ ഇവിടെ ചികിത്സയിൽ കഴിഞ്ഞിരുന്നു. എന്നാൽ ആക്രമണം കഴിഞ്ഞതിന് ശേഷം ഇവിടെയുള്ളത് പതിനേഴ് പേർമാത്രമാണ്. ബാക്കിയുള്ളവരിൽ ഭൂരിപക്ഷവും ഭയചകിതരായി ചികിത്സയിലുള്ള കുട്ടികളുമായി പലായനം ചെയ്യുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന കുട്ടികൾ മാത്രമാണ് ഇവിടെ അവശേഷിച്ചതെന്നാണ് റിപ്പോർട്ട്.
ഗാസയിലെ ഏക ഐവിഎഫ് ക്ലിനിക്കിനെതിരെ 2023 അവസാനം ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) നടത്തിയ ആക്രമണം വംശഹത്യയുടെ ഏറ്റവും പ്രകടമായ ഉദാഹരമായി വേണം ചൂണ്ടിക്കാണിക്കാൻ. 4,000 ഭ്രൂണങ്ങളും 1,000 ബീജ സാമ്പിളുകളുമാണ് ഈ ആക്രമണത്തിൽ നഷ്ടമായത്
ഇതിലും ഭീകരമായ വംശഹത്യാ നീക്കമായിരുന്നു അധിനിവേശം ആരംഭിച്ച് മാസങ്ങൾക്കകം ഇസ്രയേൽ ഗാസയിൽ നടത്തിയത്. ഗാസയിലെ ഏക ഐവിഎഫ് ക്ലിനിക്കിനെതിരെ 2023 അവസാനം ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) നടത്തിയ ആക്രമണം വംശഹത്യയുടെ ഏറ്റവും പ്രകടമായ ഉദാഹരമായി വേണം ചൂണ്ടിക്കാണിക്കാൻ. 4,000 ഭ്രൂണങ്ങളും 1,000 ബീജ സാമ്പിളുകളുമാണ് ഈ ആക്രമണത്തിൽ നഷ്ടമായത്.
കുട്ടികൾക്ക് നേരെ ഇസ്രയേൽ നടത്തിയ ക്രൂരതകളുടെ നിരവധി ഭീകരമായ ചിത്രങ്ങൾ ഇതിനകം ലോകത്തിന് മുന്നിലെത്തിയിട്ടുണ്ട്. നിസ്സഹായതയോടെ ഇസ്രയേലി സൈനികരുടെ തോക്കിൻ മുനയിലും വ്യോമാക്രമണങ്ങളുടെ തീക്കൂനയിലും പെട്ടുപോയ കുഞ്ഞുങ്ങളുടെ അനുഭവങ്ങൾ സാക്ഷ്യം പറയാത്ത ഒരു ദിവസം പോലും കഴിഞ്ഞ 712 ദിവസങ്ങളായി ഗാസയിൽ ഇരുട്ടി വെളുക്കാറില്ല. അവയിൽ ചിലതെല്ലാം അതിക്രൂരമായി ആസൂത്രിതമായി നടത്തിയ കൊലപാതകങ്ങളാണെന്നും കാണാൻ കഴിയും.
പലസ്തീനികളെ ഉന്മൂലനം ചെയ്യുക എന്ന പദ്ധതിയുടെ ഭാഗമായി ഇസ്രയേൽ ഗാസയിൽ മാത്രമല്ല കുട്ടികളെ ലക്ഷ്യം വെയ്ക്കുന്നത്. പലസ്തീനികൾ തിങ്ങിപ്പാർക്കുന്ന അധിനിവേശ വെസ്റ്റ്ബാങ്കിലും ഇസ്രയേൽ വംശഹത്യ പദ്ധതി ആസൂത്രിതമായി നടപ്പിലാക്കുന്നുണ്ട്. ഇതിൻ്റെ ഏറ്റവും പ്രകടമായ ഉദാഹരണമായിരുന്നു അധിനിവേശ വെസ്റ്റ്ബാങ്കിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ കൊല്ലപ്പെട്ട പതിനാലുകാരനായ നാജി അൽ-ബാബയുടെ അനുഭവം. റൊണാൾഡോയെപ്പോലെ ഒരു അന്താരാഷ്ട്ര ഫുട്ബോളറാകാൻ സ്വപ്നം കണ്ടാണ് സംഘർഷ മുഖരിതമായ അനിധിവേശ വെസ്റ്റ് ബാങ്കിൽ നാജി അൽ-ബാബയും പന്ത് തട്ടി തുടങ്ങിയത്. സ്വപ്നങ്ങൾ എത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹൽഹുല്ലിൽ കൂട്ടുകാരോടൊപ്പം പന്ത് തട്ടിക്കൊണ്ടിരിക്കവെയാണ് 2024 നവംബർ മൂന്നിന് നാജി അൽ-ബാബ ഇസ്രയേലി സൈന്യത്തിൻ്റെ തോക്കിനിരയാകുന്നത്. നാജി അൽ-ബാബയുടെ മൃതദേഹത്തിൻ്റെ ഫോറൻസിക് റിപ്പോർട്ടാണ് ഇസ്രയേൽ എത്ര ആസൂത്രിതമായാണ് കുട്ടികളെ കൊല്ലുന്നത് എന്നതിൻ്റെ ഭീകരത വ്യക്തമാകുന്നത്. ഇസ്രയേലി സൈനികരുടെ നാലുവെടിയുണ്ടകളാണ് നാജിയുടെ ശരീരത്തിൽ പതിച്ചത്. ഒരെണ്ണം ഇടുപ്പിൽ, മറ്റൊന്ന് ഹൃദയത്തിൽ, മൂന്നാമത്തെ വെടിയുണ്ട കാലിൽ നാലാമത്തേത് തോളെല്ലിലുമാണ് പതിച്ചതെന്നാണ് ഫോറൻസിക് റിപ്പോർട്ട് പറയുന്നത്. വെടിയേറ്റ ശേഷം 30 മിനിറ്റോളമാണ് വൈദ്യസഹായം നൽകാതെ നാജി വീണ് കിടന്നതെന്നും കണ്ടെത്തലുണ്ട്.
ഇതിലും ഭീകരമായിരുന്നു ഗാസയിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയായ ഹിന്ദ് റജബിൻ്റെ അനുഭവം. ഗാസ സിറ്റിയിൽ നിന്ന് കുടുംബത്തിനൊപ്പം പലായനം ചെയ്യവെയായിരുന്നു റജബ് ഇസ്രയേലി സൈന്യത്തിൻ്റെ ടാങ്ക് ആക്രമണത്തിന് ഇരയാകുന്നത്. ഇവരുടെ കുടുംബം സഞ്ചരിച്ച കാറിന് നേരെ നടന്ന ആക്രമണത്തിൽ റജബിൻ്റെ അമ്മാവനും അമ്മായിയും അടുത്ത മൂന്ന് ബന്ധുക്കളും തൽക്ഷണം കൊല്ലപ്പെട്ടു. അഞ്ച് വയസ്സുകാരിയും ഒരു ബന്ധുവും ആദ്യ ആക്രമണത്തെ അതിജീവിച്ചു. ബന്ധുക്കളുടെ മൃതദേഹങ്ങൾക്ക് നടുവിൽ നിന്ന് ഹിന്ദ് രജബ് പലസ്തീൻ റെഡ് ക്രസൻ്റ് സൊസൈറ്റിയോട് സഹായത്തിനായി അഭ്യർത്ഥിച്ചു. പിന്നാലെ രജബിൻ്റെ മുന്നിൽ വെച്ച് ബന്ധുവായ പെൺകുട്ടിയും കൊല്ലപ്പെട്ടു. നിസ്സഹായയായി ഉറ്റവരുടെ മൃതദേഹങ്ങളെ മറയാക്കി ആ അഞ്ചുവയസ്സുകാരി മണിക്കൂറുകളോളം രക്ഷാപ്രവർത്തകരെ ബന്ധപ്പെട്ടു കൊണ്ടിരുന്നു. എന്നാൽ ഇസ്രയേലി സൈന്യത്തിന് ഒരുദയയും ഉണ്ടായിരുന്നില്ല. രക്ഷാപ്രവർത്തകർ എത്തുമ്പോഴേയ്ക്കും ആ പെൺകുട്ടി കൊല്ലപ്പെട്ടിരുന്നു. റിപ്പോർട്ടുകൾ പ്രകാരം രജബും കുടുംബവും സഞ്ചരിച്ചിരുന്ന കാറിൽ പതിച്ചത് 335 വെടിയുണ്ടകളാണ്.
പ്രദേശത്ത് സൈനികരില്ലെന്നായിരുന്നു സംഭവത്തിൽ നിന്നും തലയൂരാനായി ഇസ്രയേലിൻ്റെ അവകാശവാദം. വാഷിംഗ്ടൺ പോസ്റ്റ്, സ്കൈ ന്യൂസ്, ഫോറൻസിക് ആർക്കിടെക്ചർ എന്നിവയുടെ അന്വേഷണത്തിൽ പിന്നീട് ഇസ്രായേലി ടാങ്കുകൾ അവിടെയുണ്ടായിരുന്നുവെന്നും ഹിന്ദിന്റെ കാറിലും ആംബുലൻസിലും വെടിയുതിർത്തിരിക്കാമെന്നും റിപ്പോർട്ടുകൾ വന്നു. കാറിനകത്തുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണ പൗരന്മാരെ സൈനികർക്ക് കാണാൻ കഴിയുമായിരുന്നു എന്നും തെളിവുകൾ ചൂണ്ടിക്കാണിച്ചു. പിന്നീട് ഹിന്ദ് റജബിൻ്റെ അവസാന മണിക്കൂറുകൾ ടുണീഷ്യൻ സംവിധായകൻ കൗതർ ബെൻ ഹാനിയ 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്' എന്ന പേരിൽ സിനിമയാക്കിയിരുന്നു. ഇക്കഴിഞ്ഞ വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ സിനിമയ്ക്ക് സിൽവർ ലയൺ അവാർഡ് ലഭിച്ചിരുന്നു. ഗാസയിൽ ഇസ്രയേൽ കൂട്ടക്കുരുതി തുടരുമ്പോൾ ഈ നിലയിൽ കുട്ടികൾ ഇരയാകുന്നത് ഇസ്രയേലിൻ്റെ വംശീയ ഉന്മൂലന പദ്ധതിയുടെ ഭാഗമാണ് എന്ന് വ്യക്തമാകാൻ ഇതിൽ കൂടുതൽ ഉദാഹരണങ്ങൾ ആവശ്യമില്ല.
ഇത് ആദ്യമായല്ല ഇസ്രയേൽ ഗാസയിൽ വംശഹത്യ നടത്തുന്നതായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾ വ്യക്തമാക്കുന്നത്. നേരത്തെ ആംനസ്റ്റി ഇൻ്റർനാഷണൽ ഇസ്രയേൽ ഗാസയിൽ നടത്തുന്നത് വംശഹത്യയാണെന്ന് വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. 2023 ഒക്ടോബർ7 നും 2024 ജൂലൈ ആദ്യവാരത്തിനും ഇടയിലുള്ള ഒമ്പത് മാസത്തിനിടെ ഇസ്രയേൽ ഗാസയിൽ നടത്തിയ നിയമലംഘനങ്ങൾ ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ട് വിശദമായി പ്രതിപാദിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയുടെ അന്വേഷണ കമ്മീഷൻ ചൂണ്ടിക്കാണിച്ചിരിക്കുന്ന വംശഹത്യ പ്രവർത്തികളെല്ലാം ഇസ്രയേൽ ചെയ്യുന്നുണ്ടെന്ന് അന്ന് തന്നെ ആംനസ്റ്റി ഇൻ്റർനാഷണൽ പറഞ്ഞ് വെച്ചിരുന്നു. ഇസ്രായേലിലേക്ക് ആയുധങ്ങൾ കൈമാറുന്നത് നിർബാധം തുടരുന്ന രാജ്യങ്ങൾക്കും ആംനസ്റ്റി ഇൻ്റർനാഷണൽ മുന്നറിയിപ്പ് നൽകിയിരുന്നു. വംശഹത്യ തടയാനുള്ള ബാധ്യത ഈ രാജ്യങ്ങൾ ലംഘിക്കുകയാണെന്നും വംശഹത്യയിൽ പങ്കാളികളാകാനുള്ള സാധ്യതയുണ്ടെന്ന് അവർ അറിഞ്ഞിരിക്കണമെന്നും ഈ റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു. ഇസ്രായേലിനുമേൽ സ്വാധീനമുള്ള അമേരിക്കയും ജർമ്മിനിയും ഉൾപ്പെടെയുള്ള പ്രധാന ആയുധ വിതരണക്കാരായ രാജ്യങ്ങളും യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും ബ്രിട്ടനുമെല്ലാം ഗാസയിൽ പലസ്തീനികൾക്കെതിരായി നടക്കുന്ന ഇസ്രായേലിന്റെ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഉടനടി പ്രവർത്തിക്കണമെന്ന് ഈ റിപ്പോർട്ട് ആഹ്വാനം ചെയ്തിരുന്നു. ഗാസയിലെ പലസ്തീനികൾക്കെതിരായ ഇസ്രായേലിന്റെ വംശഹത്യ സംബന്ധിച്ച ആംനെസ്റ്റി ഇൻ്റർനാഷണലിൻ്റെ റിപ്പോർട്ടിൻ്റെ ടൈറ്റിൽ നിങ്ങൾ മനുഷ്യത്വമില്ലാത്തവരാണെന്ന് തോന്നിപ്പിക്കുന്നു എന്നായിരുന്നു. ഇസ്രായേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് പ്രമുഖ മനുഷ്യാവകാശ സംഘടനകളായ ബി'സെലെമും ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്‌സും ഇസ്രയേൽ ഗാസയിൽ പലസ്തീനികൾക്കെതിരെ നടത്തുന്നത് വംശഹത്യയാണെന്ന് വ്യക്തമാക്കിയിരുന്നു. അത് തടയേണ്ടത് നിയമപരവും ധാർമ്മികവുമായ കടമയാണെന്നും ഈ സംഘടനകൾ ചൂണ്ടിക്കാണിച്ചിരുന്നു.
നാസി ജർമ്മനി ഹിറ്റ്ലറിൻ്റെ നേതൃത്വത്തിൽ നടത്തിയ ജൂത കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലായിരുന്നു ഐക്യരാഷ്ട്ര സഭയുടെ 1948ലെ വംശഹത്യാ കൺവെഷൻ. നാസി ജർമ്മനി ആറ് ദശലക്ഷം ജൂതന്മാരെ കൂട്ടക്കൊല ചെയ്തതിൻ്റെ ഭീകരതയെ കുറിക്കാനായിരുന്നു വംശഹത്യ എന്ന വാക്കും അതിനെ ഒരു കുറ്റകൃത്യമായി നിർവചിച്ച കൺവെൻഷനും ഉണ്ടായത്
നാസി ജർമ്മനി ഹിറ്റ്ലറിൻ്റെ നേതൃത്വത്തിൽ നടത്തിയ ജൂത കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലായിരുന്നു ഐക്യരാഷ്ട്ര സഭയുടെ 1948ലെ വംശഹത്യാ കൺവെഷൻ. നാസി ജർമ്മനി ആറ് ദശലക്ഷം ജൂതന്മാരെ കൂട്ടക്കൊല ചെയ്തതിൻ്റെ ഭീകരതയെ കുറിക്കാനായിരുന്നു വംശഹത്യ എന്ന വാക്കും അതിനെ ഒരു കുറ്റകൃത്യമായി നിർവചിച്ച കൺവെൻഷനും ഉണ്ടായത്. വംശഹത്യ കുറ്റകൃത്യങ്ങൾ തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള 1948ലെ കൺവെൻഷൻ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ച ആദ്യത്തെ മനുഷ്യാവകാശ ഉടമ്പടി കൂടിയായിരുന്നു. ഈ നിലയിൽ ക്രൂരമായ വംശഹത്യയ്ക്ക് വിധേയമായ ഒരു ജനതയെ പ്രതിനിധീകരിക്കുന്ന ഭരണനേതൃത്വം തന്നെയാണ് ഗാസയിലെ പലസ്തീനികളുടെ വംശഹത്യയ്ക്ക് നേതൃത്വം നൽകുന്നതെന്നതാണ് വിധി വൈപരീത്യം. ലോകത്ത് ഏറ്റവും ഭീകരമായി വംശഹത്യയ്ക്ക് ഇരയായവർ തന്നെ പലസ്തീനികളെ ഉന്മൂലനം ചെയ്യാൻ ആയുധമെടുക്കുമ്പോൾ മാനവികയ്ക്ക് ഈ നിലയിൽ എത്രനാൾ കണ്ണടച്ചിരിക്കാൻ കഴിയുമെന്ന ചോദ്യം നമ്മൾ നിരന്തരം ചോദിച്ചു കൊണ്ടിരിക്കുക തന്നെ വേണം.
Content Highlights: Israel is committing genocide against Palestinians in Gaza