
ന്യൂഡല്‍ഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വരുമെന്ന് മോദി പറഞ്ഞു. പുതുക്കിയ ജിഎസ്ടി നിരക്ക് സാധാരണക്കാര്‍ക്ക് ഗുണം ചെയ്യും. എല്ലാ മേഖലയിലും പുരോഗതിയുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മധ്യവര്‍ഗത്തിനും കര്‍ഷകര്‍ക്കും ജിഎസ്ടി പരിഷ്‌കരണം നേട്ടമാകും. രാജ്യത്തിന്റെ വികസനത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. നിക്ഷേപം ആകര്‍ഷമാക്കും. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ജിഎസ്ടി 2.0 വേഗം കൂട്ടും. ഒരു രാജ്യം ഒരു ടാക്‌സ് യാഥാര്‍ത്ഥ്യമായെന്നും പരിഷ്‌കരണം അവശ്യ സാധനങ്ങളുടെ വില കുറയ്ക്കുമെന്നും മോദി പറഞ്ഞു.
പല വിധ നികുതികളില്‍ ദുരിതത്തിലായിരുന്നു രാജ്യത്തെ വ്യാപാരികള്‍. ഓരോ പ്രദേശത്തും ഓരോ നികുതിയായിരുന്നു. മുന്‍പ് വ്യത്യസ്ത നികുതികള്‍ ജനങ്ങളെ പ്രയാസപ്പെടുത്തി. പല നികുതികള്‍ ജനങ്ങളില്‍ ഉണ്ടാക്കിയ ബുദ്ധിമുട്ടി മറികടക്കാനാണ് ജിഎസ്ടി കൊണ്ടുവന്നത്. രാജ്യത്തിന്റെ ഇന്നത്തെയും നാളത്തെയും ആവശ്യങ്ങള്‍ പരിഗണിച്ചാണ് പരിഷ്‌കരണം. 12 ശതമാനം നികുതിയുണ്ടായിരുന്ന ഉല്‍പന്നങ്ങളില്‍ 99 ശതമാനത്തിനും ഇനി അഞ്ച് ശതമാനം നികുതി നല്‍കിയാല്‍ മതിയെന്നും മോദി പറഞ്ഞു.
ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വരുന്നതോടെ മരുന്നുകള്‍ക്ക് വില കുറയുമെന്നും മോദി അവകാശപ്പെട്ടു. വീടുവെയ്ക്കുന്നതിനും ടി വി, സ്‌കൂട്ടര്‍ തുടങ്ങിയ സാധനങ്ങള്‍ വാങ്ങുന്നതിനും ചെലവ് കുറയും. യാത്രകള്‍ക്കും ഹോട്ടല്‍ ആവശ്യങ്ങള്‍ക്കും ചെലവ് കുറയും. മധ്യ വര്‍ഗത്തിന് ആവശ്യമായ എല്ലാ സാധനങ്ങള്‍ക്കും വില കുറയുമെന്നും മോദി പറഞ്ഞു. 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍നിന്ന് കരകയറിയെന്നും മോദി അഭിപ്രായപ്പെട്ടു. ഇവര്‍ കൂടി മധ്യവര്‍ഗത്തിന്റെ ഭാഗമാവുകയാണ്. ദരിദ്ര ജനവിഭാഗങ്ങള്‍ക്കും മധ്യവര്‍ഗത്തിനും ഒരുപോലെ ജിഎസ്ടി പരിഷ്‌കരണം നേട്ടമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
വികസിത ഭാരതത്തിലേക്കുള്ള വഴിയാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ നിക്ഷേപങ്ങള്‍ക്ക് ജിഎസ്ടി പരിഷ്‌കരണം ഊര്‍ജ്ജം നല്‍കും. വികസിത രാജ്യത്തിലേക്ക് എത്താന്‍ മേക് ഇന്‍ ഇന്ത്യ വിപുലമാക്കണം. ചെറുകിട വ്യവസായങ്ങള്‍ക്കും കുടില്‍ വ്യവസായങ്ങള്‍ക്കും നികുതി പരിഷ്‌കരണം നേട്ടമാകും. വ്യാപാരികള്‍ പരിഷ്‌ക്കാരത്തെ സ്വാഗതം ചെയ്യുകയാണ്. ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും മോദി വ്യക്തമാക്കി.
Content Highlights- Prime minister Narendra modi in address nation says GST 2.0 from tomorrow