
കേരള ബോക്സ് ഓഫീസിൽ 100 കോടിയിലധികം രൂപ കളക്ഷൻ നേടി ഡൊമിനിക് അരുൺ ചിത്രം ലോക. സിനിമ റിലീസ് ചെയ്ത് നാലാം ആഴ്ചയാണ് ചിത്രം ഈ ചരിത്ര നേട്ടം കൈവരിക്കുന്നത്. ദുൽഖറിന്റെ വേഫെറർ ഫിലിംസാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ അറിയിച്ചത്. കൂടാതെ ബുക്ക് മൈ ഷോയിൽ അഞ്ച് മില്യൺ ടിക്കറ്റുകൾ ഇതുവരെ വിറ്റ് പോയ ആദ്യ മലയാള ചിത്രമെന്ന റെക്കോർഡും ലോക സ്വന്തമാക്കിയിരിക്കുകയാണ്.
#Lokah Crossed 100 Crores In Kerala Box Office 🔥🔥
— Wayfarer Films (@DQsWayfarerFilm) September 21, 2025
UNSTOPPABLE BLOCKBUSTER 💥💥 4th Week 🔥#KalyaniPriyadarshan #Naslen #DulquerSalmaan #TovinoThomas #WayfarerFilms #LokahChapter1 pic.twitter.com/pngZgvJ9DL
118 കോടി രൂപ നേടിയ തുടരും റെക്കോർഡ് ലോക മറികടക്കുമോ എന്നാണ് ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്ന വിഷയം. അടുത്ത ആഴ്ചയോടെ സകല മലയാള സിനിമകളുടെയും റെക്കോർഡ് ലോക തൂത്തുവാരുമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. എന്തായാലും മലയാള സിനിമയ്ക്ക് ഈ വർഷം നന്നായി ഗുണം ചെയ്തുവെന്നും ഒരു വിഭാഗം ആളുകൾ പറയുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് സൂപ്പർഹീറോ ചിത്രം 'ലോക' ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. ഇപ്പോൾ ആഗോള തലത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് ലോക. എമ്പുരാന്റെ 268 കോടി കളക്ഷനെയാണ് ലോക മറികടന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി നേടുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ‘ലോക’.
'ലോക'യുടെ വിജയം മലയാള സിനിമയുടെ വളർച്ചയെയും സാധ്യതകളെയും കുറിച്ചുള്ള പുതിയ പ്രതീക്ഷകളാണ് നൽകുന്നത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന മലയാള സിനിമകൾക്ക് ഇനി മുതൽ അന്താരാഷ്ട്ര നിലവാരത്തിൽ തന്നെ കളക്ഷൻ നേടാൻ സാധിക്കുമെന്നതിന്റെ സൂചനയായി ഇതിനെ കാണുന്നവരും ഏറെയാണ്. ഡൊമിനിക് അരുണിൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം നിർമ്മിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. 5 ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.
കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ നസ്‌ലെന്‍, സാൻഡി മാസ്റ്റർ, അരുൺ കുര്യൻ, ചന്തു സലീം കുമാർ തുടങ്ങിയ യുവതാരങ്ങളുടെ പ്രകടനങ്ങളും കയ്യടി നേടി. ഇവരുടെയെല്ലാം പ്രകടനങ്ങൾ ചിത്രത്തിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചെന്ന് നിരൂപകർ അഭിപ്രായപ്പെട്ടു.മികച്ച തിരക്കഥ, സംവിധാനം, താരങ്ങളുടെ പ്രകടനം, സാങ്കേതിക മികവ് എന്നിവ 'ലോക'യുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്. സിനിമയുടെ അണിയറപ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് ഈ വലിയ വിജയമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
Content Highlights: Lokah Collects 100 Crore from Kerala box Office