ഒന്നല്ല, രണ്ടല്ല, മൂന്ന് ഇന്‍ഡസ്ട്രി ഹിറ്റുകള്‍; മലയാള സിനിമയിലെ 'ലക്കി ചാത്തന്‍' ടൊവിനോ

ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ വിവിധ ചിത്രങ്ങളിലെ ടൊവിനോയുടെ സാന്നിധ്യമാണ് ഇപ്പോള്‍ പലരും ചൂണ്ടിക്കാണിക്കുന്നത്.

ഒന്നല്ല, രണ്ടല്ല, മൂന്ന് ഇന്‍ഡസ്ട്രി ഹിറ്റുകള്‍; മലയാള സിനിമയിലെ 'ലക്കി ചാത്തന്‍' ടൊവിനോ
dot image

പുത്തന്‍ പുതിയ ബോക്‌സ് ഓഫീസ് ഇന്‍ഡസ്ട്രി ഹിറ്റുകള്‍ സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് മലയാള സിനിമ. 100 കോടി ക്ലബിലും പിന്നീട് 200 കോടി ക്ലബിലും എത്താന്‍ കുറച്ചേറെ വര്‍ഷങ്ങള്‍ മലയാള സിനിമയ്ക്ക് കാത്തിരിക്കേണ്ടി വന്നെങ്കിലും ഈ അടുത്ത നാളുകളില്‍ റെക്കോര്‍ഡുകള്‍ ഉടച്ചുവാര്‍ക്കുന്ന കാഴ്ചയാണ് ചുറ്റിലും കാണുന്നത്.

2016ല്‍ പുലിമുരുഗനാണ് ആദ്യമായി മലയാളത്തില്‍ 100 കോടി ക്ലബിലെത്തുന്ന ചിത്രം. 139 കോടിയിലേറെ കളക്ഷനുമായി അന്ന് ഇന്‍ഡസ്ട്രി ഹിറ്റ് പദവിയിലെത്തിയ മോഹന്‍ലാല്‍ ചിത്രത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ 2023 വരെ കാത്തിരിക്കേണ്ടി വന്നു. കേരളജനതയെ പിടിച്ചുകുലുക്കിയ പ്രളയത്തിന്റെയും അതിജീവനത്തിന്റെയും കഥ പറഞ്ഞ 2018: എവരിവണ്‍ ഈസ് എ ഹീറോ എന്ന ചിത്രമായിരുന്നു ഈ റെക്കോര്‍ഡ് തിരുത്തിയത്. 177 കോടിയായിരുന്നു കളക്ഷന്‍.

Tovino in 2018 movie

പിന്നീട് തൊട്ടടുത്ത വര്‍ഷം മഞ്ഞുമ്മല്‍ ബോയ്‌സ് എത്തി പുതിയ റെക്കോര്‍ഡ് ഇട്ടു. 242 കോടി കളക്ഷന്‍ നേടിക്കൊണ്ടായിരുന്നു പുതിയ റെക്കോര്‍ഡ്. 2025 ആയപ്പോഴേക്കും ലൂസിഫര്‍ ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗമായ എമ്പുരാന്‍ എത്തി. ചിത്രം ബോക്‌സ് ഓഫീസിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുമെന്ന് പ്രീ റിലീസ് ബുക്കിങ്ങിലെ വ്യക്തമായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. 265 കോടിയുമായി ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറി.

എമ്പുരാന്റെ കളക്ഷന്‍ റെക്കോര്‍ഡ് അടുത്ത കാലത്തൊന്നും തകര്‍ക്കപ്പെടില്ല എന്ന് കരുതിയിടത്താണ് ലോകയുടെ എന്‍ട്രി. കള്ളിയാങ്കാട്ട് നീലി ബോക്‌സ് ഓഫീസില്‍ പാറിപ്പറന്നു നടന്ന് കളക്ഷനുകളെല്ലാം വാരിക്കൂട്ടി. ഏവരെയും അമ്പരിപ്പിച്ചുകൊണ്ട് മോഹന്‍ലാലിന്റെ എമ്പുരാനെ കവച്ചു വെച്ചു. മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷനില്‍ ഒന്നാം സ്ഥാനത്തെത്തി. ഇപ്പോഴും തിയേറ്ററില്‍ തേരോട്ടം തുടരുന്ന ചിത്രം ഇതുവരെ 266 കോടിയ്ക്ക് മുകളിലാണ് നേടിയിരിക്കുന്നത്.

Tovino in Empuraan movie

2018, എമ്പുരാന്‍, ലോക ഈ ഇന്‍ഡസ്ട്രി ഹിറ്റായ മൂന്ന് ചിത്രങ്ങളില്‍ കോമണ്‍ ഫാക്ടറായ ഒരു നടനെ കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നത്. ടൊവിനോ തോമസ് ആണ് ഇപ്പോള്‍ ആ ചര്‍ച്ചാവിഷയം. മള്‍ട്ടിസ്റ്റാററായി എത്തിയ 2018ല്‍ അനൂപ് എന്ന മുന്‍ പട്ടാളക്കാരന്റെ വേഷത്തില്‍ സുപ്രധാന വേഷത്തിലായിരുന്നു ടൊവിനോ എത്തിയത്. സിനിമയില്‍ ഹീറോയിക് നിമിഷങ്ങളും ഹൃദയം തൊടുന്ന സീനുകളും നല്‍കുന്ന വേഷമായിരുന്നു ടൊവിനോയുടേത്.

എമ്പുരാനില്‍ ജതിന്‍ രാംദാസ് എന്ന സുപ്രധാന വേഷത്തിലെത്തി സിനിമയില്‍ നിര്‍ണായകമായ സാന്നിധ്യമായി ടൊവിനോ മാറി. ലോകയില്‍ കാമിയോ വേഷത്തിലാണ് ടൊവിനോ എത്തിയതെങ്കിലും സ്വര്‍ണപ്പല്ലുകളുമായി എത്തിയ ആദ്യ ചിരിയില്‍ തന്നെ ചാത്തന്‍ പ്രേക്ഷകമനസില്‍ കയറിക്കൂടി. തിയേറ്ററുകളില്‍ ചിരിയും ആവേശവും കൗതുകവും ഒരുപോലെ പടര്‍ത്തി രണ്ടാം ഭാഗത്തിനായി കാത്തിരിക്കാന്‍പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ചാത്തനായി ടൊവിനോ നിറഞ്ഞാടി.

Tovino in Lokah movie

ഇപ്പോള്‍ ഈ മൂന്ന് ചിത്രങ്ങളെയും ചൂണ്ടിക്കാണിച്ചുകൊണ്ട്, മലയാള സിനിമയുടെ ഭാഗ്യതാരമായി മാറുകയാണോ ടൊവിനോ എന്നാണ് പലരും സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നത്.

Content Highlights: Tovino Thomas becomes a lucky charm in Malayalam cinema's industry hits through Empuraan, 2018 and Lokah

dot image
To advertise here,contact us
dot image