അമേരിക്കയില്‍ നിന്നുള്ള 'സോയ' വാങ്ങല്‍ നിര്‍ത്തി ചൈന; യുഎസ് കര്‍ഷകര്‍ക്ക് വന്‍ പ്രതിസന്ധി

ലോകത്ത് ഏറ്റവുമധികം സോയ വാങ്ങിക്കുന്ന രാജ്യമാണ് ചൈന, അതിനാല്‍ ചൈനയുടെ തീരുമാനത്തിന് സോയ വിപണിയില്‍ വലിയ സ്വാധീനമുണ്ട്

അമേരിക്കയില്‍ നിന്നുള്ള 'സോയ' വാങ്ങല്‍ നിര്‍ത്തി ചൈന; യുഎസ് കര്‍ഷകര്‍ക്ക് വന്‍ പ്രതിസന്ധി
dot image

ബെയ്ജിങ്: ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്കയില്‍ നിന്നും സോയാബീന്‍ വാങ്ങുന്നത് നിര്‍ത്തിയതായി ചൈന. 1990ലാണ് ചൈന അവസാനമായി ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. ഇത് അമേരിക്കയുടെ കാര്‍ഷിക മേഖലയെ, പ്രത്യേകിച്ച് സോയ കൃഷിക്കാരെ പ്രതികൂലമായി ബാധിക്കും. ലോകത്ത് ഏറ്റവുമധികം സോയ വാങ്ങിക്കുന്ന രാജ്യമാണ് ചൈന. അതിനാല്‍ ചൈനയുടെ തീരുമാനത്തിന് സോയ വിപണിയില്‍ വലിയ സ്വാധീനമുണ്ട്.

അമേരിക്കന്‍ കാര്‍ഷിക മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം പുതിയ വിപണിയില്‍ സീസണ്‍ തുടങ്ങി രണ്ടാഴ്ച്ചകള്‍ക്ക് ശേഷവും ചൈന അമേരിക്കയോട് ഒരു കപ്പല്‍ സോയ പോലും വാങ്ങിയിട്ടില്ല. 20214ല്‍ ചൈനയിലേക്ക് എത്തിയിരുന്ന സോയാബീനില്‍ അഞ്ചിലൊരു ഭാഗവും ഇറക്കുമതി ചെയ്തിരുന്നത് അമേരിക്കയില്‍ നിന്നായിരുന്നു. ഏകദേശം 12 ബില്യണ്‍ ഡോളറിന്റെ (1 ലക്ഷം കോടിയോളം രുപ) വ്യാപാരമായിരുന്നു ഇത്. അമേരിക്കയുടെ മുഴുവന്‍ സോയ കയറ്റുമതിയുടെ പകുതിയില്‍ കൂടുതലും ചൈനയിലേക്കായിരുന്നു.

നിലവില്‍ ചൈനയുടെ കൈവശം ധാരാളം സോയാബീന്‍ ശേഖരമുണ്ട്. അതിനാല്‍ ചൈനയ്ക്ക് ധൈര്യമായി അമേരിക്കയോട് പോരാടാനാവും.അമേരിക്കയിലെ കര്‍ഷകര്‍ക്ക് മികച്ച വിളവ് ലഭിച്ചിട്ടും, വില കഴിഞ്ഞ വര്‍ഷങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇത് ട്രംപിന് വോട്ട് ചെയ്യുന്ന പ്രധാന വിഭാഗമായ കര്‍ഷകര്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കുന്നുണ്ട്. ഈ വ്യാപാര തര്‍ക്കം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ ഭരണകൂടം ഉടന്‍ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. നിലവില്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന യുഎസ് സോയാബീനുകള്‍ക്ക് 20 ശതമാനത്തിലധികം ഇറക്കുമതി തീരുവയുണ്ട്.

കഴിഞ്ഞ വ്യാപാര യുദ്ധത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ട ചൈനീസ് വ്യവസായികള്‍ ബ്രസീലില്‍ നിന്ന് മാസങ്ങളോളം ഉപയോഗിക്കാനുള്ള സോയാബീന്‍ ശേഖരിച്ചു കഴിഞ്ഞു. ചിലര്‍ തങ്ങളുടെ കരുതല്‍ ശേഖരം ഇരട്ടിയാക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമായും പന്നികള്‍ക്കുള്ള തീറ്റ ഉണ്ടാക്കാനും പാചകയെണ്ണ നിര്‍മ്മിക്കാനുമാണ് ചൈന സോയാബീന്‍ ഉപയോഗിക്കുന്നത്. നിലവിലെ കരുതല്‍ ശേഖരം 2025 അവസാനം വരെ തികയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതിനാല്‍ 2026 ആദ്യ പാദം വരെ അമേരിക്കയില്‍ നിന്ന് സോയാബീന്‍ വാങ്ങാന്‍ ചൈനയ്ക്ക് തിടുക്കമില്ല.

സോയാബീനില്‍ മാത്രമല്ല, മറ്റ് ധാന്യങ്ങളായ ചോളം, ഗോതമ്പ് എന്നിവയുടെ കാര്യത്തിലും ചൈന സമാനമായ തന്ത്രം പ്രയോഗിക്കുന്നുണ്ട്. ബ്രസീല്‍, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ചൈന ഇവ ഇറക്കുമതി ചെയ്യുന്നത്.

Content Highlight; China seeks trade advantage, avoids US soy imports for first time since 1990s

dot image
To advertise here,contact us
dot image