ലോക സമാധാന ദിനത്തിലും മരിച്ച് വീഴുന്ന കുഞ്ഞുങ്ങൾ; ഉള്ളുലയ്ക്കുന്ന ഗാസ

പലസ്തീൻ മണ്ണ് ഉഴുതുമറിച്ച് രക്തക്കൊതി തീരാത്ത ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവിടുത്തെ മനുഷ്യരുടെ രക്തക്കറ പുരണ്ട നഗരമാണ് നിർമിക്കുന്നത്

ലോക സമാധാന ദിനത്തിലും മരിച്ച് വീഴുന്ന കുഞ്ഞുങ്ങൾ; ഉള്ളുലയ്ക്കുന്ന ഗാസ
dot image

ഇന്ന് ലോക സമാധാന ദിനമാണ്. സമാധാനത്തെ കുറിച്ച് വാതോരാതെ സംസാരിക്കേണ്ട ഈ ദിവസവും ഗാസയിൽ ഇസ്രായേൽ നടത്തി വരുന്ന വംശഹത്യ നിർബാധം തുടരുന്നുണ്ട്. കുഞ്ഞുങ്ങളും സ്ത്രീകളുമടക്കമുള്ള മനുഷ്യകരെ നിർദാക്ഷിണ്യം കൊല്ലുന്ന സയണിസ്റ്റ് ഭീകരത മാറ്റമില്ലാതെ ക്രൂരനൃത്തം ചെയ്യുന്നു. വിശന്നൊട്ടിയ വയറുമായി കിട്ടയതെല്ലാം കൂട്ടിപ്പെറുക്കി ജനിച്ച മണ്ണിൽ നിന്നും പലായനം ചെയ്യുകയാണ് ഗാസയിലെ മനുഷ്യർ. ഒരു നാടിനെ ഒന്നാകെ ഇല്ലാതാക്കി പുതിയൊരു നഗരം നിർമിക്കാനുള്ള തത്രപ്പാടിലാണ് ഇസ്രായേൽ സൈന്യവും അവരെ പിന്തുണക്കുന്ന അമേരിക്കയടക്കമുള്ള രാജ്യങ്ങളും. അതിന് മുമ്പ് ഗാസയിലെ അവസാന മനുഷ്യനെയും ഇല്ലാതാക്കാനാണ് കരയാക്രമണം ആരംഭിച്ചത്. പലസ്തീൻ മണ്ണ് ഉഴുതുമറിച്ച് രക്തക്കൊതി തീരാത്ത ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവിടുത്തെ മനുഷ്യരുടെ രക്തക്കറ പുരണ്ട നഗരമാണ് നിർമിക്കുന്നത്.

2023 ഒക്ടോബർ ഏഴിന് ആരംഭിച്ച വംശഹത്യ ഇന്നേക്ക് 715 ദിവസമായി തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 91 പേരാണ് കൊല്ലപ്പെട്ടത്. അതിൽ 76 പേർ കൊല്ലപ്പെട്ടത് ഗാസസിറ്റിയിലെ ബോംബാക്രമണത്തിലാണ്. 65208 മനുഷ്യരാണ് ഈ 715 ദിവസങ്ങൾക്കിടയിൽ മാത്രം കൊല്ലപ്പെട്ടത്. ഇതിൽ 20000 ത്തോളവും കുഞ്ഞുങ്ങളാണ്. പതിനായിരത്തിലധികം സ്ത്രീകളാണ്. കൊടിയ പട്ടിണിയിൽ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചത് 428 പേരാണ്. രണ്ട് ലക്ഷത്തോളം മനുഷ്യർക്കാണ് ഈ ദിവസങ്ങളിൽ ഗുരുതര പരുക്കേറ്റത്.

The war in the Gaza Strip has taken an unconscionable toll on children. At least 63,000 have been reported killed or injured, with more on the brink of starvation. Over half a million people in Gaza are trapped in famine as food, water and medical aid remain held from reach. No child will emerge from the horrors of war without the imprint of trauma.

2023 ൽ ഇസ്രായേൽ പലസ്തീൻ ജനതക്കു നേരെ ഏകപക്ഷീയമായ വംശഹത്യ ആരംഭിച്ചത് മുതൽ 50000 ത്തോളം കുട്ടികൾ കൊല്ലപ്പെടുകയോ പരുക്കേറ്റ് ചികിത്സ തേടുകയോ ചെയ്തിട്ടുണ്ട് എന്നാണ് യുണിസെഫിന്റെ കണക്കുകൾ പറയുന്നത്. ലക്ഷക്കണക്കിന് കുട്ടികൾ പോഷകാഹാര കുറവ് നേരിടുന്നതായും യുണിസെഫ് പറയുന്നു. യുണിസെഫിന്റെ തന്നെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ വികലാംഗരാക്കപ്പെട്ട കുഞ്ഞുങ്ങളുള്ളത് ഗാസയിലാണ്. ഹിന്ദ് റജബ് എന്ന ആറുവയസുകാരിയുടെ ശരീരത്തിൽ നിന്നും ഇസ്രായേൽ സൈന്യത്തിന്റെ 300ൽ അധികം വെടിയുണ്ടകളായിരുന്നു കണ്ടെടുത്തത്. ഇനി ഇനി ഒരാളും ആ മണ്ണിൽ അവശേഷിക്കരുത് എന്നതിനപ്പുറം ഭാവിയിൽ പലസ്ഥീനി മനുഷ്യർ ഉണ്ടാവാനെ പാടില്ല എന്ന ഇസ്രായേലിന്റെ ധൃഢനിശ്ചയമാണ് കുഞ്ഞുങ്ങളുടെ ഉയരുന്ന മരണസംഖ്യ വ്യക്തമാക്കുന്നത്. ഗാസയുടെ പാരമ്പര്യമുള്ള ഒറ്റക്കുഞ്ഞിനെ പോലും ബാക്കിയാക്കില്ലെന്ന നെതന്യാഹുവിന്റെയും ഇസ്രായേൽ സൈന്യത്തിന്റെയും നിലപാട് ലോക മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. അത് കൊണ്ടാണ് ഇതിനെ യുദ്ധം എന്നോ അക്രമമെന്നോ അല്ല, വംശഹത്യ എന്ന് ഉറപ്പിച്ചു പറയേണ്ടി വരുന്നത്.

അനാഥരായി കുഴിച്ചിട്ട കുഞ്ഞുങ്ങളുടെയും കൂട്ടക്കൊല ചെയ്യപ്പെട്ട കുടുംബങ്ങളുടെയും കണക്കുകൾ പലതും എവിടെയും രേഖപ്പെടുത്തുക പോലും ചെയ്തിട്ടില്ല. ഇങ്ങനെ രേഖപ്പെടുത്താത്ത ശിശുമരണങ്ങളും കൂട്ടക്കൊലകളും കൂടിയാകുമ്പോൾ ഗാസ ഹെൽത്ത് മിനിസ്ട്രി നൽകുന്ന കണക്കുകളേക്കാൾ മരണസംഖ്യ ഉയരും

രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 65208 ആണെങ്കിൽ കണക്കിൽ പെടാത്ത മരണങ്ങളും ഏറെയുണ്ട്. ആയിരങ്ങൾ ഇനിയും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ട്. അനാഥരായി കുഴിച്ചിട്ട കുഞ്ഞുങ്ങളുടെയും കൂട്ടക്കൊല ചെയ്യപ്പെട്ട കുടുംബങ്ങളുടെയും കണക്കുകൾ പലതും എവിടെയും രേഖപ്പെടുത്തുക പോലും ചെയ്തിട്ടില്ല. ഇങ്ങനെ രേഖപ്പെടുത്താത്ത ശിശുമരണങ്ങളും കൂട്ടക്കൊലകളും കൂടിയാകുമ്പോൾ ഗാസ ഹെൽത്ത് മിനിസ്ട്രി നൽകുന്ന കണക്കുകളേക്കാൾ മരണസംഖ്യ ഉയരും. 2.3 ദശലക്ഷം ജനസംഖ്യയുള്ള ഗാസയിൽ മൂന്നിലൊന്ന് ശതമാനം മനുഷ്യരും തുടച്ചു നീക്കപ്പെട്ടു എന്നറിയുമ്പോൾ ഇസ്രായേൽ ക്രൂരത എത്രത്തോളമാണെന്ന് മനസിലാകും. ഇക്കഴിഞ്ഞ ദിവസം എഴുത്തുകാരൻ നിതീഷ് നാരായൺ ഫെയ്‌സ്ബുക്കിൽ കുറിച്ചത് പോലെ നമ്മുടെ നാട്ടിലെ മൂന്ന് പഞ്ചായത്തിലെ മുഴുവൻ മനുഷ്യരും മരിച്ചു പോയ നാടാണ് ഗാസ.

മനുഷ്യരെ കൊന്നൊടുക്കുന്നതിനൊപ്പം തന്നെ അവരുടെ ചോരമണം ബാക്കിയായ ആ മണ്ണിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള ശ്രമങ്ങളും ഇസ്രായേൽ ആരംഭിച്ചിട്ടുണ്ട്. റിയൽ എസ്‌റ്റേറ്റ് സാധ്യതയുള്ള വിളനിലമാണ് ഗാസയെന്നാണ് ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ചിന്റെ പ്രസ്ഥാവന. ഏതൊരു നഗരാസൂത്രണങ്ങളുടെയും ആദ്യ പടി ഇടിച്ചു നിരത്തലാണെന്നും ഞങ്ങളത് ഭംഗിയായി ചെയ്യുന്നുണ്ടെന്നും സ്‌മോട്രിച്ച് പറയുന്നു. ഗാസയിൽ ഇടിച്ചു നിരത്തി കടൽതീര വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനവും കൂടി ചേർത്ത് വായിക്കുമ്പോൾ അമേരിക്കയുടെ പിന്തുണ എത്രത്തോളമുണ്ടെന്ന് വ്യക്തമാകും. ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന യു എൻ രക്ഷാ സമിതിയുടെ പ്രമേയം വീണ്ടും അമേരിക്ക വീറ്റോ ചെയ്യുകയും ചെയ്തിട്ടുണ്ട്. 15 അംഗ സമിതിയിൽ 14 പേരും പ്രമേയം അംഗീകരിച്ചപ്പോൾ അമേരിക്ക മാത്രമാണ് വെടിനിർത്തലിനെതിരെ കൈ ഉയർത്തിയത്. പ്രമേയത്തിനെതിരെയുള്ള എതിർപ്പ് പ്രകടമാക്കിയ യു എസ് പോളിസി അഡൈ്വസർ മോർഗൻ ഓർട്ടഗസിനെതിരെ കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്.

ട്രംപും സ്‌മോട്രിച്ചും വ്യക്തമാക്കിയത് പോലെ പുതിയ നഗരം പണിയാനുള്ള നിലം ഒരുക്കാനാണ് ഇസ്രായേൽ സൈന്യം ഗാസയിൽ കരയുദ്ധം ആരംഭിച്ചത്. ഇതോടെ എങ്ങോട്ട് പോകണമെന്നറിയാതെ കയ്യിൽ പെട്ടന്ന് കിട്ടയതെല്ലാം കൂട്ടിപ്പെറുക്കി ആ മനുഷ്യർ ഗാസാ സിറ്റി വിടുകയാണ്. അക്ഷരാർഥത്തിൽ അവർ കയറിക്കിടക്കാൻ ഒരു കൂരയില്ലാതെ മരണത്തെ മുന്നിൽ കണ്ടു കൊണ്ടാണ് പലായനം ചെയ്യുന്നത്. ഗാസ സിവിൽ ഡിഫൻസിന്റെ റിപ്പോർട്ട് പ്രകാരം ഏകദേശം 450,000 പേരാണ് പലായനത്തിന് നിർബന്ധിതരായിട്ടുള്ളത്. കൂടാതെ ആക്രമണങ്ങൾ തുടരുന്നതിനിടെ വടക്കൻ ഗാസയിലുടനീളം മൊബാൽ - ഇന്റർനെറ്റ് സേവനം തടസ്സപ്പെടുകയും ചെയ്തു. നോക്കൂ, പോകാനൊരിടമില്ലാതെ ഇത്രയും നാൾ ജീവിച്ച മണ്ണിൽ നിന്ന് കുടിയറക്കപ്പെട്ട മനുഷ്യരാണവർ. വെള്ളമോ ഭക്ഷണമോ അന്തിയുറങ്ങാനൊരിടമോ ഇല്ലാതെ പുറംതള്ളപ്പെട്ട ആ മനുഷ്യർ ആരോടെങ്കിലും സഹായമഭ്യർഥിക്കാനോ ആശയവിനിമയം നടത്താനോ പറ്റാത്ത തരത്തിൽ ഒറ്റപ്പെട്ടു പോവുകയാണ്.

കൂടാതെ ലക്ഷക്കണക്കിന് മനുഷ്യർ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതോടെ സുരക്ഷിതമെന്ന് കരുതുന്ന സ്ഥലങ്ങളിലെല്ലാം മനുഷ്യരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇസ്രായേൽ സൈന്യം തന്നെ സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ച അൽ മവാസി സിറ്റിയിൽ ഇനി സൂചികുത്താൻ പോലും ഇടമില്ല. അത് കൊണ്ട് തന്നെ പലായനം ചെയ്യുന്നവർ എങ്ങോട്ട് പോകുമെന്ന ആശങ്കയിലാണുള്ളത്. ഗാസയിലെ ഒരു കുടുംബത്തിന് വാഹനത്തിൽ പലായനം ചെയ്യാൻ ചുരുങ്ങിയത് 3180 ഡോളർ ചിലവ് വരുമെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്. അത് കൊണ്ട് തന്നെ ഗാസയിലെ മനുഷ്യരിലധികവും കാൽനടയായാണ് പലായനം ചെയ്യുന്നത്. പലരും കയ്യിൽ ടെന്റ് പോലുമില്ലാതെ തെരുവിൽ കഴിയുന്നു. അന്തിയുറങ്ങാൻ സ്ഥലം കണ്ടെത്താൻ കഴിയാതെ നാല് ദിവസമായി നടന്നു തളർന്ന ഒരു കുടുംബത്തെ കണ്ടതായി യു എൻ വക്താവ് ഓൾഗ ചെറെവ്‌കോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെരുവുകളിൽ അന്തിയുറങ്ങാനിടമില്ലാത്ത മനുഷ്യർ മാത്രമാണുള്ളത്. അവരുടെ കുഞ്ഞുങ്ങൾ വിശപ്പ് സഹിക്കാനാകാതെ ഭക്ഷണപ്പൊതിക്കായും ഒരിറ്റ് കുടിവെള്ളത്തിനായും കാത്തിരിക്കുകയാണ്. അപ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലും അമേരിക്കയുടെയും ഇസ്രായേലിന്റെയും നരനായാട്ടിനെതിരെ പലതരത്തിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു വരുന്നു എന്നത് വലിയ പ്രതീക്ഷയാണ്. ലോകം സയണിസ്റ്റ് ഭീകരതയെ അത്രമേൽ വെറുക്കുന്നു എന്ന് തന്നെയാണ് ഈ പ്രതിഷേധങ്ങളുടെ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. പലസ്ഥീനിലെ മനുഷ്യരോട് ഐക്യപ്പെടാതെ ലോക സമാധാന ദിനം അടയാളപ്പെടുത്താനാകില്ല.

Content Highlights: Children dying on World Peace Day Gaza is heartbreaking

dot image
To advertise here,contact us
dot image