
ജെൻ സി അപ്പ്രൈസിങ്. നേപ്പാളിലെ യുവതീയുവാക്കൾ സ്‌കൂൾ, കോളേജ് വേഷങ്ങളിൽ തന്നെ തെരുവിലിറങ്ങിയപ്പോൾ ലോകം അതിനെ വിളിച്ചത് ഇങ്ങനെയാണ്. സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവന്ന നേപ്പാൾ സർക്കാർ തീരുമാനത്തിന് പിന്നാലെ ലോകം കണ്ടത് നേപ്പാള്‍ യുവതയുടെ അസാധാരണമായ ഒരു പോരാട്ടമാണ്. രായ്ക്കുരാമാനം ആ തീരുമാനം നേപ്പാൾ സർക്കാർ പിൻവലിച്ചെങ്കിലും പ്രതിഷേധക്കാർ പിന്നോട്ടില്ലെന്ന മട്ടാണ്. കേവലം വാട്സാപ്പും ഫേസ്ബുക്കുമാണ് ഇവരെ തെരുവിലിറക്കിയത് എന്ന് വിചാരിച്ചാൽ നമുക്ക് തെറ്റി. ഇവയ്‌ക്കെല്ലാം പുറമെ രാജ്യം നേരിടുന്ന, നേപ്പാളിലെ യുവതീയുവാക്കൾ നേരിടുന്ന നിരവധി പ്രതിസന്ധികളാണ് അവരെ തെരുവിലിറക്കിയത്. അഴിമതി, തൊഴിലില്ലായ്മ, ധൂർത്ത് അങ്ങനെയങ്ങനെ യുവജനങ്ങള്‍ ഉയര്‍ത്തിക്കാണിച്ച പ്രശ്നങ്ങള്‍ ഒട്ടേറെയായിരുന്നു. വലിയ സമ്മർദ്ദത്തിനൊടുവിൽ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവെച്ചുകഴിഞ്ഞു. നേപ്പാളിൽ ഇനിയെന്ത് എന്ന ചോദ്യവും ഇതോടെ ബാക്കിയാകുകയാണ്.
You Stole Our Dreams , Youth Against Corruption എന്നിങ്ങനെയാണ് നേപ്പാളിൽ നിന്നുയരുന്ന മുദ്രാവാക്യങ്ങൾ. ഇതിൽ നിന്ന് വ്യക്തമാണ് പ്രതിഷേധത്തിന്റെ കാതൽ എന്താണെന്ന്. അഴിമതിയ്‌ക്കെതിരെയും തൊഴിലില്ലായ്മക്കെതിരെയുമാണ് യുവജനങ്ങൾ സംഘടിക്കുന്നത്. സഹിച്ചത് മതി എന്നാണ് അവർ പറയുന്നത്.
രാജിവെച്ച പ്രധാനമന്ത്രി കെ പി ശർമ്മ ഒലി അടക്കം നിരവധി മന്ത്രിമാരാണ് നേപ്പാളിൽ അഴിമതി ആരോപണം നേടിരുന്നത്. ഗിരി ബന്ധു ടീ എസ്റ്റേറ്റ് അഴിമതിയുമായി ബന്ധപ്പെട്ട വിവാദ ഭൂമി കയ്യേറ്റ കേസ് മുതൽ, ഭൂമി അഴിമതി, വിസ അഴിമതി തുടങ്ങി നിരവധി ആരോപണങ്ങളാണ് ഇവർ നേരിടുന്നത്. കൈക്കൂലിക്കേസിൽ ഒലി സർക്കാരിലെ മന്ത്രിയായിരുന്ന രാജ്‌കുമാർ ഗുപ്ത രാജിവെച്ചത് ഈ വർഷം ജൂലൈയിലാണ്. മറ്റൊരു മന്ത്രിയായ ബൽറാം അധികാരിയും ഈ അഴിമതിയിൽ പങ്കാളിയാണ്. ഇതിനെല്ലാമപ്പുറം വിസ തട്ടിപ്പ്, പൊഖാറ വിമാനത്താവളവുമായി ബന്ധപ്പെട്ട സംമ്പത്തിക തട്ടിപ്പ് എന്നതെല്ലാം ഒലി സർക്കാരിനെതിരെ യുവജനങ്ങൾ കുന്തമുനയാകുകയാണ്.
തീർന്നില്ല, തൊഴിലില്ലായ്മ മൂലം നട്ടം തിരിയുകയാണ് നേപ്പാളിലെ യുവതീയുവാക്കൾ. വിദ്യാഭ്യാസത്തിന് അനുസൃതമായ ജോലിയില്ല, അങ്ങനെയുണ്ടെങ്കിൽ മാന്യമായ കൂലിയുമില്ല. കണക്കുകൾ പ്രകാരം 2024ൽ നേപ്പാളിലെ തൊഴിലില്ലായ്മ നിരക്ക് 10.7 ശതമാനമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പത്ത് ശതമാനത്തിന് മുകളിൽ നിൽക്കുകയാണ് നേപ്പാളിലെ തൊഴിലില്ലായ്മ നിരക്ക്. 2020ൽ 13 ശതമാനമായി, അതായത് അത്രയും അപകടകരമായ സ്ഥിതിയിലേക്ക് നിരക്ക് ഉയർന്നു. ഇനിയും അത് 10 ശതമാനത്തിന് താഴേക്ക് പോയിട്ടില്ല എന്നതാണ് സ്ഥിതി ഗുരുതരമായി തന്നെ നിലനിർത്തുന്നത്.
'നെപ്പോ കിഡ്സ്', അതായത് മന്ത്രിമാരുടെ മക്കൾക്കെതിരെയും വലിയ പ്രതിഷേധമാണ് ഉയരുന്നത്. സാധാരണക്കാരായ ജനങ്ങൾ അന്നന്നത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടുമ്പോൾ മന്ത്രിമാരുടെയും രാഷ്ട്രീയനേതാക്കളുടെയും മക്കൾ വിദേശത്തും മറ്റും സുഖലോലുപരായി കഴിയുന്നുവെന്നാണ് പ്രതിഷേധക്കാരുടെ വാദം. പ്രതിഷേധത്തിനിടെ ഇവരുയർത്തിയ പ്ലക്കാർഡുകളിൽ ഭൂരിഭാഗവും ഈ 'നെപ്പോ കിഡ്സി'നെതിരെയായിരുന്നു. ആരുടെ പണമാണിതെന്നാണ് പ്രതിഷേധക്കാർ ഉയർത്തുന്ന ചോദ്യം. Our Taxes Your Luxury, We Pay You Flex എന്നും സ്റ്റോപ്പ് നെപ്പോട്ടിസം എന്നതെല്ലാമാണ് യുവജനത ഉയർത്തുന്ന മുദ്രാവാക്യങ്ങൾ. ഇങ്ങനെ എല്ലാം സഹിച്ചും കടിച്ചുപിടിച്ചും ജീവിച്ച ഒരു ജനത പൊടുന്നനെ പ്രതികരിക്കാൻ തുനിഞ്ഞതാണ് നേപ്പാളിലെ ഇക്കാണുന്ന പ്രതിഷേധങ്ങൾക്ക് കാരണം. സമൂഹമാധ്യമങ്ങൾക്ക് മേലുള്ള നിയന്ത്രണം അതിന് ഒരു കാരണമായി എന്ന് മാത്രം.
അഴിമതിയിലും കെടുകാര്യസ്ഥതയിലും, തൊഴിലില്ലായ്മയിലും നെപ്പോട്ടിസത്തിലും നട്ടംതിരിഞ്ഞിരുന്ന ഒരു ജനതയുടെ പ്രതികരണമാണ് നേപ്പാളിൽ കണ്ടുവരുന്നത്. സമൂഹമാധ്യമങ്ങളും അടച്ചിട്ടാൽ തങ്ങൾ പൂർണമായും ഇല്ലാതെയാകുമെന്നും അവകാശങ്ങൾ അടിച്ചമർത്തപ്പെടുമെന്നുമുള്ള ബോധ്യമാണ് അവരെ തെരുവിലിറക്കിയത്. നിരോധനം പിൻവലിച്ചെങ്കിലും പ്രതിഷേധങ്ങൾ അവസാനിച്ചിട്ടില്ല. അവ ഒരു ജനകീയ പ്രക്ഷോഭമായി മാറിയിട്ടുമുണ്ട്. അഴിമതി സർക്കാർ രാജിവെക്കണമെന്നും പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് പ്രതിഷേധിക്കുന്ന ജെൻസി തലമുറയുടെ ആവശ്യം. ഇതിനിനൊടുവിലാണ് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവെച്ചിരിക്കുന്നത്. ഇതോടെ ബംഗ്ലാദേശിന് പിന്നാലെ ഇന്ത്യയുടെ തൊട്ടയൽപക്കമായ നേപ്പാളിലും ഒരു 'ജനകീയ അട്ടിമറി' ഉണ്ടായിരിക്കുകയാണ്. നേപ്പാളിൽ ഇനിയെന്ത്?
Content Highlights: Actual reasons for youth uprising at nepal