
ലോകത്തിലെ ഏറ്റവും നല്ല ന്യായാധിപൻ എന്ന വിശേഷണം നേടിയ ജഡ്ജ് ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു. 88 വയസായിരുന്നു. മരിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് തന്റെ തിരിച്ചുവരവിന് വേണ്ടി പ്രാർഥിക്കണമെന്ന് ഫോളോവേഴ്‌സിനോട് പറയുന്ന വീഡിയോ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
കഴിഞ്ഞവർഷവും ഞാൻ നിങ്ങളോട് എനിക്ക് വേണ്ടി പ്രാർഥിക്കണമെന്ന് പറഞ്ഞിരുന്നു. നിങ്ങളത് ചെയ്തു. അങ്ങനെ വളരെയേറെ ബുദ്ധിമുട്ടേറിയ ഒരു സാഹചര്യം താണ്ടി വരികയായിരുന്നു എന്ന് വീഡിയോയിൽ അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ വീണ്ടും തിരിച്ചടി നേരിട്ടു. തിരികെ ആശുപത്രിയിലെത്തി, വീണ്ടു ഞാൻ നിങ്ങളുടെ മുന്നിലെത്തിയിരിക്കുകയാണ്. പ്രാർഥനയിൽ എന്നെയും ഓർക്കണേ എന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. പാൻക്രിയാറ്റിക്ക് കാൻസറിന് ചികിത്സയിലായിരുന്നു അദ്ദേഹം. 3.2 മില്യൺ ഫോളോവേഴ്‌സുള്ള തന്റെ ഇൻസ്റ്റഗ്രാം പേജിൽ അദ്ദേഹം നിരന്തരം അപ്പ്‌ഡേറ്റുകൾ പങ്കുവയ്ക്കുമായിരുന്നു. എമ്മി നോമിനേഷൻ ലഭിച്ച് കോട്ട് ഇൻ പ്രോവിൻസ് എന്ന ഷോ അദ്ദേഹം അവതരിപ്പിച്ചിരുന്നു. ദയയും മനുഷ്യത്വം ഉണ്ടായിരുന്ന ആളുകളുടെ നന്മ ആഗ്രഹിച്ചിരുന്ന ജഡ്ജ് കാപ്രിയോ ലക്ഷകണക്കിന് പേരുടെ മനസിൽ അദ്ദേഹത്തിന്റെ കോടതി മുറിയിലെയും അതിനപ്പുറവുമുള്ള സേവനത്തിലൂടെ ഇടം നേടിയിരുന്നു.
ഒരു ന്യായാധിപനെ കുറിച്ച് കേള്‍ക്കുമ്പോള്‍ ഗൗരക്കാരനായ ഒരു മനുഷ്യന്റെ മുഖത്തിന് പകരം സൗമ്യതയോടെ സഹിഷ്ണുതയോടെ സംസാരിക്കുന്ന ഒരു മുഖം നമ്മുടെ മനസിലേക്ക് ഓടിയെത്തുമെങ്കില്‍ അത് ജസ്റ്റിസ് ഫ്രാങ്ക് കാപ്രിയോ ആയിരിക്കും. ഓഗസ്റ്റ് 20ന് പാന്‍ക്രിയാറ്റിക്ക് കാന്‍സറിനോട് പൊരുതി അദ്ദേഹം ഈ ജീവിതത്തോടെ ബൈ പറയുമ്പോള്‍ സമൂഹത്തിനൊപ്പം നിലനിന്ന നല്ലൊരു മനുഷ്യനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഫ്രാങ്കിന്റെ ഹൃദയവിശാലത തുറന്നുകാട്ടുന്ന ഒരു വിധി നമ്മുടെയെല്ലാം കണ്ണുനിറച്ചിരുന്നു. കാന്‍സര്‍ രോഗിയായ മകനെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ 90 വയസോളം പ്രായമുള്ള ഒരു പിതാവിന് ലഭിച്ച പിഴയുമായി ബന്ധപ്പെട്ട ഒരു കേസായിരുന്നു അത്. 60 വയസിന് മുകളില്‍ പ്രായമുള്ള മകനുമായി പോകുന്നതിനിടയില്‍ സ്‌കൂള്‍ പരിസരത്ത് വേഗതയുടെ പരിധി ലംഘിച്ചതിനായിരുന്നു പിഴ. എന്നാല്‍ അദ്ദേഹത്തിന്റെ ദുരവസ്ഥ മനസിലാക്കിയ ഫ്രാങ്ക് പിഴ ഒഴിവാക്കി നല്‍കി. തന്റെ ഹൃദയവിശാലതയും മനുഷ്യത്വവും എന്നും കോടതി മുറിക്കുള്ളിലും പുറത്തും പ്രകടിപ്പിച്ചിരുന്ന അദ്ദേഹം കഠിനാധ്വാനത്തിലൂടെയാണ് ന്യായാധിപന്റെ റോളിലേക്ക് എത്തിയത്. ലോകത്തിലെ ഏറ്റവും നല്ല ന്യായാധിപന്‍ എന്ന പേരിന് ഏറ്റവും അനുയോജ്യന്‍.
പണമില്ലാതെ വിഷമിച്ചിരുന്ന നാനൂറ് ഡോളറോളം പിഴ ലഭിച്ച ഒരമ്മയ്ക്ക് മാപ്പ് നല്‍കിയും അദ്ദേഹം ഹൃദയങ്ങളില്‍ ഇടംപിടിച്ചിരുന്നു. 2021 പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 13 മില്യനാണ് അദ്ദേഹത്തിന്റെ ആസ്തി. തന്റെ സമ്പാദ്യത്തില്‍ നിന്നും പിതാവിന്റെ പേരില്‍ താന്‍ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വന്തം വിദ്യാഭ്യാസ സ്ഥാപനത്തിലും നിയമവിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്നു. സമൂഹത്തിന്റെ സ്പന്ദനം അറിഞ്ഞ് മനുഷ്യര്‍ക്കൊപ്പം നിലകൊണ്ട അദ്ദേഹം സെന്‍ട്രല്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ അദ്ദേഹം ഡിഷ് വാഷറായും ഷൂ പോളിഷ് ചെയ്തുമാണ് കഴിഞ്ഞത്. ആ സമയം 1953ല്‍ സംസ്ഥാന റെസ്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിയുമായിരുന്നു. 1958ല്‍ അദ്ദേഹം പ്രൊവിഡന്‍സ് കോളേജില്‍ നിന്നും ബിരുദം നേടി. ഗവണ്‍മെന്റ് സ്‌കൂളില്‍ അധ്യാപകനായിരിക്കേയാണ് ഫ്രാങ്ക് ബോസ്റ്റണിലെ സഫക്ക് യൂണിവേഴ്‌സിറ്റി ലോ സ്‌കൂളിലെ രാത്രികാല ക്ലാസുകളില്‍ പഠിച്ചതും ഒടുവില്‍ നിയമവഴിയിലേക്ക് എത്തുന്നതും.
നല്ലൊരു ന്യായാധിപനാണെന്നതിനൊപ്പം അദ്ദേഹം നല്ലൊരു കുടുംബസ്ഥനുമായിരുന്നു. ഭാര്യ ജോയിസിക്കൊപ്പം ആറു പതിറ്റാണ്ട നീണ്ട ദാമ്പത്യജീവിതം. ഫ്രാങ്ക് ടി, ഡേവിഡ്, മരിസ, ജോണ്‍, പോള്‍ എന്നീ അഞ്ച് മക്കള്‍, ഏഴ് ചെറുമക്കള്‍, അവരുടെ മക്കള്‍ എന്നിങ്ങനെ എല്ലാം തികഞ്ഞൊരു കുടുംബത്തിന്റെ നാഥന്‍. അദ്ദേഹം നല്ലൊരു ഭര്‍ത്താവായിരുന്നു, പിതാവായിരുന്നു, മുത്തച്ഛനും സുഹൃത്തുമായിരുന്നു എന്നാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്. പരിചയപ്പെട്ടവരെല്ലാം അദ്ദേഹത്തിന്റെ ദയയും സ്‌നേഹവും സൗഹൃദവും ഇന്നും മനസില്‍ സൂക്ഷിക്കുന്നവരാണ്. അമേരിക്കയിലെ റോഡ് ഐലന്റിലെ ഫെഡറല്‍ ഹില്ലില്‍ 1936 നവംബര്‍ 24നാണ് ജനനം. മൂന്നുമക്കളില്‍ നടുകഷ്ണം. അദ്ദേഹത്തിന്റെ പിതാവ് ഇറ്റലിയിലെ ടിയോനയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയതാണ്. അദ്ദേഹം പഴക്കച്ചവടവും പാല്‍വില്‍പ്പനുമാണ് ചെയ്തിരുന്നത്. അമ്മ ഫിലോമിനയുടെ കുടുംബം നേപ്പിള്‍സിലാണ്.
Content Highlights: World's nicest Judge, Frank Caprio dies