
തിരുവനന്തപുരം: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ സന്ദര്‍ശനം കേരളത്തിലെയും ഇന്ത്യയിലെയും ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ചരിത്രസംഭവമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണിതെന്നും ഫുട്‌ബോള്‍ രംഗത്തിന് വലിയ വളര്‍ച്ചയുണ്ടാകുമെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'മെസിയുമായി കൂടുതല്‍ ആശയവിനിമയം നടത്തേണ്ടത് സ്‌കൂള്‍ കുട്ടികളാണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് കളി കാണാനും പരിപാടികളില്‍ സംബന്ധിക്കാനും അവസരം ഒരുക്കണം. അതിനുവേണ്ടിയുള്ള ആലോചനകള്‍ നടത്തണം. ഭാവിയുടെ ഫുട്‌ബോള്‍ താരങ്ങള്‍ ആകേണ്ടത് കുട്ടികളാണ്. വിരമിച്ചവരെ കൊണ്ട് കാണിച്ചിട്ട് കാര്യമില്ലല്ലോ', ശിവന്‍കുട്ടി പറഞ്ഞു.
കായിക മന്ത്രിയുമായും റിപ്പോര്‍ട്ടര്‍ ടിവി എംഡിയുമായും ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ എന്ത് നല്ലത് കൊണ്ടുവന്നാലും അതിനെ ബഹിഷ്‌കരിക്കുന്ന നിലപാടാണ് ഒരു കൂട്ടര്‍ എടുക്കുന്നതെന്നും ആ ബഹിഷ്‌കരണത്തിന്റെ ഭാഗമായി വലിയ കുറ്റപ്പെടുത്തലുകള്‍ ഉണ്ടായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലോകത്തുള്ള എല്ലാ താരങ്ങളെയും സ്‌നേഹിക്കുന്ന ആളാണ് താനെന്നും കായികമന്ത്രിക്ക് വേണ്ട എല്ലാ പിന്തുണയും വിദ്യാഭ്യാസ വകുപ്പും തിരുവനന്തപുരം ജില്ലയും നല്‍കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
ലയണല്‍ മെസിയും സംഘവും കേരളത്തിലെത്തുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫിഫ അനുവദിച്ച നവംബര്‍ വിന്‍ഡോയില്‍ ലുവാണ്ട, കേരളം എന്നിവിടങ്ങളില്‍ നവംബര്‍ 10നും 18നും ഇടയില്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.
അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനെയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി നിരവധി പേര്‍ സൃഷ്ടിച്ച പുകമറ കൂടിയാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെ ഇല്ലാതായത്. വസ്തുതകള്‍ അന്വേഷിക്കാതെ മെസിയും സംഘവും കേരളത്തിലെത്തില്ലെന്ന നിലയില്‍ ഒരു വിഭാഗം നടത്തിയ പ്രചാരണം കേരളത്തിലെ ഫുട്ബോള്‍ പ്രേമികളെ നിരാശയിലാക്കിയിരുന്നു. എന്നാല്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ പ്രഖ്യാപനത്തോടെ കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ ഏറെനാളായി കാത്തിരുന്ന കാല്‍പന്തുകളിയുടെ ഉത്സവദിനങ്ങള്‍ക്ക് കൊടിയേറ്റം ആരംഭിച്ചിരിക്കുകയാണ്.
Content Highlights: V Sivankutty about Lionel Messi arrival at Kerala