രാഹുല്‍ മാങ്കൂട്ടത്തില്‍: സോഷ്യല്‍ മീഡിയ സ്റ്റാറില്‍ നിന്ന് വിവാദങ്ങളുടെ പടുകുഴിയിലേക്ക്

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ഈ കുറഞ്ഞ കാലയളവിനുള്ളില്‍ രാഹുലിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെയും വിവാദങ്ങളുടെയും എണ്ണം അത്ര ചെറുതല്ല

dot image

രാഹുല്‍ മാങ്കൂട്ടത്തില്‍ നാണംകെട്ട് പടിയിറങ്ങിയിരിക്കുകയാണ്. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന്, രണ്ട് വര്‍ഷം പോലും പൂര്‍ത്തിയാക്കാതെ, രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കുമ്പോള്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ചാറ്റുകളും ഓഡിയോ സന്ദേശങ്ങളും മാത്രമല്ല, ഒരുപിടി വിവാദങ്ങളാണ് ബാക്കിയാകുന്നത്. രാഹുലിനെ മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയെ മൊത്തത്തില്‍ വെട്ടിലാക്കിയ പല തരത്തിലുള്ള സംഭവങ്ങള്‍ അദ്ദേഹത്തെ ചുറ്റിപ്പറ്റി നേരത്തെയും ഉയർന്നിരുന്നു.

കെഎസ്‌യു പ്രവര്‍ത്തകനായി തുടങ്ങി, പടിപടിയായി കോണ്‍ഗ്രസിലെ അധികാരക്കസേരുകള്‍ കയറിയ രാഹുല്‍ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിലൂടെയും ചാനല്‍ ചര്‍ച്ചകളിലെ ചൂടന്‍ പ്രതികരണങ്ങളിലൂടെയുമാണ് കൂടുതല്‍ ശ്രദ്ധ നേടുന്നത്. പക്ഷെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി എത്തിയ ശേഷം രാഹുലിന് ഉത്തരം മുട്ടിപ്പോയ, പാര്‍ട്ടിയ്ക്ക് തലവേദനയായ സന്ദര്‍ഭങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്.

2023ല്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായി രാഹുല്‍ തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ തന്നെ രാഹുലിനെതിരെ ആദ്യ പരാതിയും പൊട്ടിത്തെറിയും ഉയര്‍ന്നു. വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകളുണ്ടാക്കിയാണ് ഒരു വിഭാഗം ഇലക്ഷന്‍ ജയിച്ചതെന്നായിരുന്നു ആരോപണം. ഇത് കേസുകളിലേക്കും അറസ്റ്റിലേക്കും ഇലക്ഷന്‍ കമ്മീഷന്‍ ഇടപെടുന്ന അവസ്ഥയിലേക്കും വരെ എത്തി. പക്ഷെ രാഹുല്‍ മാങ്കൂട്ടത്തിലും കോണ്‍ഗ്രസും ഒന്നിച്ച് ഈ ആരോപണങ്ങളെ കഷ്ടപ്പെട്ട് പ്രതിരോധിച്ചു.

പിന്നീട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് തന്നെ രംഗത്തുവരുന്നത് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കാലത്താണ്. പി വി അന്‍വറും കോണ്‍ഗ്രസും തമ്മിലെ അടുപ്പമെല്ലാം ഏകദേശം അവസാനിച്ച് പോര് തുടങ്ങിയിരിക്കുന്ന സമയം. പാലക്കാട് എംഎല്‍എയായി തിളങ്ങിനില്‍ക്കുന്ന രാഹുല്‍ അന്‍വറിന്റെ വീട്ടിലേക്ക് ഒരു അന്തിചര്‍ച്ചയ്ക്ക് പോയി. പാര്‍ട്ടിയെ നേതൃത്വമോ അറിയാതെയായിരുന്നു ആ യാത്ര. സംഭവം പുറത്തറിഞ്ഞതോടെ നേതാക്കള്‍ രാഹുലിനെ തള്ളി. ജൂനിയറായ എംഎല്‍എയെ ചര്‍ച്ചയ്‌ക്കോ വിടുമോ എന്ന് വി ഡി സതീശന്‍ തന്നെ ചോദിച്ചു. പാര്‍ട്ടി തന്നെ ചുമതലയൊന്നും ഏല്‍പ്പിച്ചിട്ടില്ലെന്ന് രാഹുലും പിന്നീട് പറഞ്ഞു. പിണറായിസത്തിനെതിരെ സംസാരിച്ചത് മുതല്‍ പി വി അന്‍വറുമായി സൗഹൃദമുണ്ടെന്നും ഇപ്പോള്‍ പോകുന്ന ട്രാക്ക് ശരിയല്ലെന്ന് ബോധ്യപ്പെടുത്താനാണ് പോയതെന്നുമായിരുന്നു രാഹുലിന്റെ വിശദീകരണം.

അടുത്ത ആരോപണം വരുന്നത് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍, അബിന്‍ വര്‍ക്കി അടക്കം എട്ട് നേതാക്കള്‍ക്കെതിരെയായിരുന്നു പരാതി. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീട് വെച്ച് നല്‍കാമെന്ന പ്രഖ്യാപനം നടത്തുകയും ഫണ്ട് ശേഖരണം നടത്തുകയും ചെയ്ത ശേഷം അവ നേതാക്കള്‍ ദുരുപയോഗം ചെയ്‌തെന്നായിരുന്നു പരാതി.

എന്നാല്‍ ഇതിന് മുന്‍പേ യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പരിശീലന ക്യാമ്പില്‍ രാഹുലിനെതിരെ ഇതടക്കം പല പരാതികള്‍ ഉയര്‍ന്നിരുന്നു. എട്ടുലക്ഷം രൂപ വീതം ചെലവുള്ള മുപ്പത് വീടുകള്‍ നിര്‍മിച്ചുനല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നായിരുന്നു ക്യാമ്പില്‍ ഉയര്‍ന്ന വിമര്‍ശനം. സമാനപദ്ധതി പാര്‍ട്ടിയും നടത്തുന്നുണ്ടെന്നും സമാഹരിച്ച 84 ലക്ഷം രൂപ കെപിസിസിയ്ക്ക് കൈമാറുമെന്നുമായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് അന്ന് പറഞ്ഞത്. ഇതിനിടെ രാഹുലിനെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നു തന്നെ വിമര്‍ശനങ്ങള്‍ ശക്തമാകാന്‍ തുടങ്ങി. ഭാരവാഹികള്‍ ജനപ്രതിനിധികള്‍ ആയാല്‍ സ്ഥാനം ഒഴിയണമെന്ന ആവശ്യമുയര്‍ന്നു. എന്നാല്‍ അത് ഇതുവരെയും വലിയ ചര്‍ച്ചയാകാതെ പോവുകയായിരുന്നു.

ഇതുവരെ ഉയര്‍ന്നിരിക്കുന്ന ഈ വിഷയങ്ങളെല്ലാം ഒരു രാഷ്ട്രീയനേതാവിന്റെ പ്രവര്‍ത്തനകാലത്ത് സാധാരണായ വിമര്‍ശനങ്ങളും ആരോപണങ്ങളുമായി കണക്കാക്കിയാല്‍ പോലും, ഇപ്പോള്‍ രാഹുലിനെതിരെ പുറത്തുവരുന്ന ആരോപണങ്ങള്‍ അങ്ങനെയല്ല. ഈ ചാറ്റുകളും ഓഡിയോയും രാഹുലിന് രാഷ്ട്രീയത്തില്‍ തുടരാനുള്ള അടിസ്ഥാന യോഗ്യതയെ പോലും ചോദ്യം ചെയ്യുന്നതാണ്. രാഹുലിന്റെ വഷളന്‍ വര്‍ത്തമാനങ്ങളെ കുറിച്ച് വിമര്‍ശനവും തുറന്നുപറച്ചിലുകളുമായി മുന്നോട്ടുവരുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയാണ്.

ഒരു യുവതിയെ ഗര്‍ഭഛിദ്രത്തിനായി നിര്‍ബന്ധിക്കുന്ന ഓഡിയോയും ചാറ്റുകളും അതീവ ഗുരുതരമാണ്. നിയമപരമായ പരാതികളില്ലല്ലോ എന്ന ആവര്‍ത്തിച്ച് മാത്രം മുഖം രക്ഷിക്കാന്‍ രാഹുലിന് കഴിയില്ല. രാജി ആവശ്യപ്പെട്ടിട്ടില്ല, രാഹുല്‍ സ്വയം രാജി വെച്ചതാണ് എന്നിങ്ങനെയുള്ള പൊതിഞ്ഞുപിടിക്കലുകള്‍ അധികകാലം തുടരാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് തന്നെ പാലക്കാട് എംഎല്‍എ സ്ഥാനവും തുലാസിലാണെന്ന് സാരം.

Content Highlights: Rahul Mamkoottathil's controversies that caused troubles for many

dot image
To advertise here,contact us
dot image