
2007 ൽ പുറത്തിറങ്ങിയ ഡോഖ എന്ന സിനിമയിലൂടെ ഹിന്ദി ഇൻഡസ്ട്രിയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് മുസമ്മിൽ ഇബ്രാഹിം. താൻ അർഹിക്കുന്ന അംഗീകാരം ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്ന് മുസമ്മിൽ ഇബ്രാഹിം പറഞ്ഞു. തന്റെയൊപ്പം അതേ വർഷത്തിൽ അരങ്ങേറ്റം കുറിച്ച രൺബീർ കപൂറിനേക്കാൾ മികച്ച പ്രകടനമായിരുന്നു താൻ കാഴ്ചവെച്ചതെന്നും ഒരു അഭിമുഖത്തിൽ മുസമ്മിൽ ഇബ്രാഹിം പറഞ്ഞു.
'ഞാൻ എന്റെ അരങ്ങേറ്റ സിനിമയിൽ അഭിനയിച്ച അത്രയും ഒരു സ്റ്റാർ കിഡ് ചെയ്തിരുന്നെങ്കിൽ ആ നടൻ ഇന്ന് വലിയൊരു നിലയിൽ എത്തിയേനെ. സാവരിയയിൽ രൺബീർ കപൂർ അത്ര മികച്ച പ്രകടനം അല്ല കാഴ്ചവെച്ചത്. എന്റെ ആദ്യ ചിത്രത്തിന് മികച്ച പുതുമുഖ നടനുള്ള അവാർഡ് ഞാൻ അർഹിച്ചിരുന്നു. ഞാൻ അർഹിച്ച അംഗീകാരം എനിക്ക് ലഭിച്ചിട്ടില്ല എന്നാണ് കരുതുന്നത്. എന്റെ ആദ്യ സിനിമയ്ക്ക് ശേഷം എന്നെ അടുത്ത സൂപ്പർസ്റ്റാർ എന്നാണ് പ്രേക്ഷകർ വിളിച്ചത്', മുസമ്മിൽ ഇബ്രാഹിമിന്റെ വാക്കുകൾ.
പൂജ ഭട്ട് ഒരുക്കിയ ധോഖ എന്ന സിനിമയിലൂടെയാണ് മുസമ്മിൽ ഇബ്രാഹിം തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത്. തുലിപ് ജോഷി, അനുപം ഖേർ, അഭയ് സച്ചാർ, ഓഷിമ സാവ്‌നി എന്നിവരായിരുന്നു സിനിമയിലെ മറ്റു അഭിനേതാക്കൾ. എം എം കീരവാണി ആയിരുന്നു സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. അതേസമയം, സഞ്ജയ് ലീല ബൻസാലി ഒരുക്കിയ സാവരിയാ ആണ് രൺബീർ കപൂറിന്റെ ആദ്യ സിനിമ. സോനം കപൂർ, റാണി മുഖർജി, സൽമാൻ ഖാൻ എന്നിവരായിരുന്നു സിനിമയിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിലെ രൺബീറിന്റെ പ്രകടനവും ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.
Content Highlights: I was better than Ranbir Kapoor in my debut says Muzammil Ibrahim