ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റനും പരിശീലകനുമായ ബോബ് സിംപ്സൺ അന്തരിച്ചു

ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് മരണവിവരം പുറത്തുവിട്ടത്

dot image

ഓസ്‌ട്രേലിയയുടെ മുന്‍ ടെസ്റ്റ് ക്യാപ്റ്റനും പരിശീലകനുമായ ബോബ് സിംപ്‌സണ്‍ അന്തരിച്ചു. 89 വയസായിരുന്നു. ശനിയാഴ്ച ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് മരണവിവരം പുറത്തുവിട്ടത്.

ഓസീസ് ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ഓപ്പണിങ് ബാറ്ററും മികച്ച സ്ലിപ്പ് ഫീല്‍ഡറും മികച്ച ലെഗ് സ്പിന്നറുമായിരുന്നു സിംപ്‌സണ്‍. 1957 നും 1978 നും ഇടയിൽ സിംപ്‌സൺ 62 ടെസ്റ്റുകൾ കളിച്ചിരുന്നു. 10 സെഞ്ച്വറികൾ ഉൾപ്പെടെ 4,869 റൺസ് നേടി. ലെഗ് സ്പിന്നിലൂടെ 71 വിക്കറ്റുകളും നേടി.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 21,029 റൺസും 349 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി. ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ടീമിനെ നയിച്ച അദ്ദേഹം ഇന്ത്യക്കും വെസ്റ്റ് ഇൻഡീസിനുമെതിരെ 10 ടെസ്റ്റുകളിൽ ക്യാപ്റ്റനായിരുന്നു. 1964ൽ ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 311 എന്ന അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്‌കോർ ഇപ്പോഴും ഒരു നാഴികക്കല്ലായി തുടരുന്നു.

1967ല്‍ ക്രിക്കറ്റിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സിംപ്‌സണ്‍ എന്നാല്‍ ഒരു ദശാബ്ദത്തിന് ശേഷം തന്റെ 41-ാം വയസില്‍ കളിക്കളത്തിലേക്ക് തിരിച്ചുവരവ് നടത്തി. 1977-ല്‍ വേള്‍ഡ് സീരീസ് ക്രിക്കറ്റിലൂടെയായിരുന്നു പരിശീലകനായി സിംപ്സൺ എത്തിയത്. 1986 മുതല്‍ 1996 വരെ ദേശീയ പരിശീലകനായിരുന്നു.

ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ അതിനെ പ്രതാപകാലത്തിലേക്ക് തിരിച്ചെത്തിച്ചത് പരിശീലകനായിരുന്ന സിംപ്സണാണ്. പരിശീലകനായി ചുമതലയേറ്റ തൊട്ടടുത്ത വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ അലൻ ബോര്‍ഡറുടെ നേതൃത്വത്തിലിറങ്ങിയ ഓസ്ട്രേലിയയെ സിംപ്സണ്‍ ചാംപ്യന്മാരാക്കി. ഓസ്ട്രേലിയയുടെ ആദ്യ ലോകകപ്പ് വിജയമായിരുന്നു അത്. 1989ൽ ഇംഗ്ലണ്ടിലെ ആഷസ് പരമ്പര ജയവും 1995ൽ വെസ്റ്റ് ഇൻഡീസിലെ ടെസ്റ്റ്‌ പരമ്പര ജയവും സിംപ്സണിന്‍റെ പ്രധാന നേട്ടങ്ങളാണ്.

Content Highlights: Former Australia captain and coach Bob Simpson passes away at 89

dot image
To advertise here,contact us
dot image