'വിജയാ... നിന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ ഒരാൾ നോട്ടമിട്ടിട്ടുണ്ട്' എന്ന് അദ്ദേഹം പറഞ്ഞു: പിണറായി വിജയൻ

വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ അനുഭവം പങ്കുവെച്ച് പിണറായി വിജയന്‍

'വിജയാ... നിന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ ഒരാൾ നോട്ടമിട്ടിട്ടുണ്ട്' എന്ന് അദ്ദേഹം പറഞ്ഞു: പിണറായി വിജയൻ
dot image

തിരുവനന്തപുരം: മക്കളാണ് തന്റെ ദൗർബല്യമെന്ന് കരുതുന്നവർ ഏറെയുണ്ടെന്നും എന്നാൽ അതല്ല യാഥാർത്ഥ്യമെന്നും പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. 'കണ്ടും മിണ്ടിയും ഇരുവർ' എന്ന അഭിമുഖത്തിലാണ് പിണറായി വിജയൻ പറഞ്ഞത്. എന്തെങ്കിലും ദൗർബല്യങ്ങളുണ്ടോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന് മറുപടിയായാണ് മക്കളെ കുറിച്ച് പിണറായി വിജയൻ പറഞ്ഞത്. വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവവും അദ്ദേഹം പങ്കുവെച്ചു.

'മക്കളാണ് എന്റെ ദൗർബല്യമെന്ന് കരുതുന്നവർ ഉണ്ട്. ഞാൻ ഒരു അനുഭവം പറയാം. കോളേജ് കാലത്ത് രാഷ്ട്രീയമായ എതിർചേരിയിലുള്ള ഒരാളുണ്ടായിരുന്നു. ഇയാൾ ഒരിക്കൽ വീട്ടിൽ വന്നു. പേര് ഞാൻ പറയുന്നില്ല. എന്റെ വലിയ എതിരാളിയാണ്. ഇയാൾ വന്നത് ഒരു മുന്നറിയിപ്പ് തരാൻ ആയിരുന്നു. 'വിജയാ നിന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ ഒരാൾ നോട്ടമിട്ടിട്ടുണ്ട്' എന്ന് പറഞ്ഞു.

ഈ പദ്ധതിയിട്ടിരിക്കുന്നത് ഇയാളുടെ സുഹൃത്താണ്. സുഹൃത്തിനോട് ഇങ്ങനെയൊന്നും ആലോചിക്കരുതെന്നും നാട് കത്തുമെന്നും പറഞ്ഞ് തടയാൻ ശ്രമിച്ചിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു.

പക്ഷെ സുഹൃത്ത് പദ്ധതിയുമായി മുന്നോട്ടുപോകുമോ എന്ന സംശയമുണ്ടെന്നും പറഞ്ഞു. അതുകൊണ്ട് സൂക്ഷിക്കണമെന്നായിരുന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.

ഞാൻ ഇത് കേട്ട് ചിരിച്ചു. നിങ്ങൾ ചിരിക്കുകയായിരിക്കും ചെയ്യുക എന്നറിയാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാലും ശ്രദ്ധിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ഞാൻ എന്താണ് എങ്ങനെയാണ് ശ്രദ്ധിക്കുക. ഭാര്യയോടും മക്കളോടും പറയാൻ കഴിയില്ലല്ലോ. വരുന്നിടത്ത് വെച്ച് കാണാമെന്ന് കരുതുകയല്ലേ വഴിയുള്ളു. കുട്ടികളാണ് ദൗർബല്യമെന്ന് കരുതുന്നവർ ഇപ്പോഴും ഉണ്ട്. അത് അവരുടെ മാത്രം ധാരണയാണ്,' പിണറായി വിജയൻ

അഭിമുഖത്തിൽ കുട്ടിക്കാലത്തെ അനുഭവങ്ങളും അമ്മയുമായുള്ള അടുപ്പവും രാഷ്ട്രീയരംഗത്തെ അനുഭവങ്ങളും രാഷ്ട്രീയത്തിന് പുറത്തുള്ള പിണറായി വിജയന്റെ ഇഷ്ടങ്ങളും സൗഹൃദങ്ങളുമെല്ലാം കടന്നുവരുന്നുണ്ട്. ഒരു മണിക്കൂർ ദൈർഘ്യമുള്ള അഭിമുഖം ഇന്ന് വൈകീട്ട് ആറ് മണിക്കാണ് പുറത്തുവന്നത്. സമൂഹമാധ്യമങ്ങളിൽ അഭിമുഖത്തിലെ ഭാഗങ്ങൾ വൈറലാകുന്നുണ്ട്.

Content Highlights: Pinarayi Vijayan says once a man planned to kidnap his children

dot image
To advertise here,contact us
dot image