മുറിവ് സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാന്‍ അമാന്തമരുത്; പേവിഷബാധയെ പ്രതിരോധിക്കാം

പേവിഷബാധയെ പ്രതിരോധിക്കാന്‍ മാര്‍ഗ്ഗങ്ങളുണ്ട്

ഡോ.അനീഷ് ടി എസ്
1 min read|06 May 2025, 10:05 am
dot image

പല തട്ടുകളില്‍ ഇടപെട്ടുകൊണ്ട് പ്രതിരോധിക്കേണ്ട ഒരു രോഗമാണ് റാബിസ് അഥവാ പേവിഷബാധ. ഒരു മൃഗത്തിന്റെ കടിയേല്‍ക്കുകയോ മറ്റ് രീതിയിലുള്ള സമ്പര്‍ക്കം ഉണ്ടാവുകയോ ചെയ്തതിന് ശേഷം ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് രക്ഷപ്പെടാനുള്ള അവസാന വാതില്‍. അവസാന രക്ഷാമാര്‍ഗ്ഗത്തിന് തീര്‍ച്ചയായും വളരെ വലിയ പ്രാധാന്യമുണ്ട്. പക്ഷെ പേവിഷബാധയെയും അതുമൂലമുള്ള മരണങ്ങളെയും പൂര്‍ണ്ണമായും അകറ്റിനിര്‍ത്തണമെങ്കില്‍ മൃഗങ്ങളുടെ കടിയേറ്റുകഴിഞ്ഞ് ചെയ്യാനുള്ള കാര്യങ്ങളോടൊപ്പം മറ്റ് മാര്‍ഗ്ഗങ്ങള്‍ക്കുകൂടി ഊന്നല്‍ കൊടുക്കണം.

കടിച്ച മൃഗത്തിന് പേയുണ്ടെങ്കിലും പ്രതിരോധിക്കാനാകും

നായയുടെ കടി, പൂച്ചയുടെ മാന്തല്‍ തുടങ്ങിയവയൊന്നും നാം അലക്ഷ്യമായി വിട്ടുകളയാന്‍ പാടില്ല. പലപ്പോഴും മൃഗങ്ങള്‍ നമ്മെ കടിക്കണമെന്നില്ല, അവയുടെ പല്ലുകളോ നഖങ്ങളോ നമ്മുടെ ശരീരത്തില്‍ ഉരഞ്ഞുണ്ടാകുന്ന മുറിവുകളാകാം അപകടകാരണം. കടിച്ച മൃഗം പേ വിഷബാധയുടേതായ യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിക്കണം എന്നില്ല. ഉള്ള ലക്ഷങ്ങള്‍ തന്നെ നാം കരുതുന്ന രീതിയില്‍ ആകണം എന്നില്ല. ഉദാഹരണത്തിന് ഓടിനടന്ന് കടിക്കുന്ന ഒരു നായയെയാണ് പേ പിടിച്ച നായയായി നാം കരുതുക. എന്നാല്‍ പേവിഷ ബാധയുള്ള നായകളില്‍ നല്ലൊരു ശതമാനം നായകളും പേവിഷബാധയുണ്ടായാല്‍ തളര്‍ന്നുകിടക്കുകയായിരിക്കും ചെയ്യുക. അത്തരത്തിലുള്ള മൃഗങ്ങളെ ശുശ്രൂഷിക്കുന്നതിനിടയിലും മുറിവുകള്‍ പറ്റാം. മൃഗങ്ങളില്‍ നിന്നുണ്ടാകുന്ന മുറിവുകള്‍, അത് എങ്ങനെയുണ്ടായതാണെങ്കിലും ധാരാളം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. കഴിയുന്നത്ര വേഗത്തില്‍ കൃത്യം ആയിട്ടുള്ള ഇടവേളകളില്‍ വാക്‌സിനേഷന്‍ സ്വീകരിക്കുക, മുറിവ് ആഴം ഉള്ളതാണെങ്കിലോ മറ്റെന്തെങ്കിലും അപകട സ്വഭാവം ഉള്ള തരത്തിലുള്ള സമ്പര്‍ക്കമാണെങ്കിലോ കടിയേറ്റുണ്ടായ മുറിവില്‍തന്നെ കുത്തി വയ്ക്കുന്ന ഇമ്മ്യൂണോഗ്ലോബുലിന്‍ കുത്തിവെപ്പ് എടുക്കുക, എന്നിവയാണ് സമ്പര്‍ക്കമുണ്ടായശേഷം ചെയ്യേണ്ട കാര്യങ്ങള്‍. ഇതില്‍ ഓരോന്നിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഉമിനീരില്‍ നിന്നോ മറ്റ് ശരീരസ്രവങ്ങളില്‍നിന്നോ പുറത്തുവന്ന് നമ്മുടെ ശരീരത്തിലെ മുറിവുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വൈറസുകളെ ഉടനടി ഒഴിവാക്കാന്‍ നമുക്ക് കഴിയുന്നകാര്യം സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് വൃത്തിയായി കഴുകുക എന്നതാണ്. റാബിസ് ഉണ്ടാക്കുന്ന വൈറസുകളെ കഴുകിക്കളയാന്‍ സോപ്പിന് അനിതര സാധാരണമായ ശേഷിയുണ്ട്.

കടിച്ചഭാഗത്ത് അനാവൃതമായിരിക്കുന്ന നാഡീകോശങ്ങളില്‍ കയറിക്കൂടാനിടയുള്ള വൈറസുകളെ ആകര്‍ഷിച്ച് നിര്‍വീര്യമാക്കി ഒഴുക്കിക്കളയാന്‍ സോപ്പിന് കഴിയും. കടികിട്ടുന്നത് എവിടെവച്ചാണെങ്കിലും അടുത്തുള്ള വീട്ടില്‍ നിന്നോ സ്ഥാപങ്ങളില്‍ നിന്നോ കടകളില്‍ നിന്നോ സോപ്പ് ശേഖരിച്ചു മുറിവ് വൃത്തിയാക്കേണ്ടതാണ്. അതിന് ഒട്ടും അമാന്തം കാണിക്കരുത്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധയുള്ള ആളുകള്‍ പോലും കടിയേറ്റയാളെ ആശുപത്രിയിലെത്തിക്കാനുള്ള വ്യഗ്രതയില്‍ സോപ്പും വെള്ളവും ഉപയോഗിച്ചുള്ള പ്രാഥമിക ചികിത്സ മറന്നുപോകുന്നു. പേവിഷബാധയെ തുടര്‍ന്നുള്ള മരണങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നത് മിക്കപ്പോഴും വാക്‌സിനേഷനെ ചുറ്റിപ്പറ്റിയാണെങ്കിലും മുറിവ് സോപ്പും വെള്ളം ഉപയോഗിച്ച് കഴുകിയിട്ടുണ്ടോ എന്നുള്ളത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന സംഗതിയാണ്. ഒരാളുടെ ശരീരസ്രവങ്ങളില്‍ റാബിസ് വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റിബോഡികളുണ്ടെങ്കില്‍ വൈറസ് ശരീരത്തിനുള്ളില്‍ കടന്നാലും അതിനെ നിര്‍വീര്യമാക്കാന്‍ ശരീരത്തിനാകും. നമ്മുടെ ശരീരത്തിനെക്കൊണ്ട് പേവിഷത്തിനെതിരെയുള്ള ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കുക എന്നതാണ് വാക്സിനിന്റെ ദൗത്യം. പക്ഷെ ആദ്യ വാക്സിന്‍ സ്വീകരിച്ച് കഴിഞ്ഞാലും ആവശ്യമായ അളവില്‍ ആന്റിബോഡി ശരീരത്തില്‍ ഉണ്ടായി വരാന്‍ കുറച്ച് ദിവസങ്ങള്‍ വേണ്ടിവരാം. ആഴത്തിലുള്ള മുറിവുകള്‍, വലിയ മുറിവുകള്‍, നാഡീകോശങ്ങളുടെ സാന്നിധ്യം കൂടുതലുള്ള ഇടങ്ങളിലുള്ള മുറിവുകള്‍ എന്നിവകളില്‍ ശരീരം ആന്റിബോഡിയുണ്ടാക്കാനെടുക്കുന്ന സമയത്തിനുള്ളില്‍ത്തന്നെ വൈറസ് നാഡീകോശങ്ങളെ പിടികൂടാനിടയുണ്ട്. അത്തരം അവസരങ്ങളില്‍ മുറിവിലുണ്ടാകാന്‍ സാധ്യതയുള്ള വൈറസുകളെ (നല്ലൊരു ശതമാനത്തിനെ സോപ്പ് ഒഴുക്കിക്കളഞ്ഞിട്ടുണ്ടെങ്കില്‍പ്പോലും) നിര്‍വീര്യമാക്കുന്നതിനായി മുറിവിലേക്ക് ഇമ്മ്യൂണോഗ്ലോബുലിന്‍ എന്ന മരുന്ന് നല്‍കണം.

മുറിവിലല്ലാതെ മറ്റൊരിടത്ത് ഈ മരുന്ന് നല്‍കിയിട്ട് പ്രയോജനമില്ല. മൃഗത്തില്‍ നിന്നുമുണ്ടായ എല്ലാ മുറിവുകളിലും ഇത് നല്‍കേണ്ടതുമുണ്ട്. ഇമ്മ്യൂണോഗ്ലോബുലിന്റെ അളവ് എല്ലാ മുറിവുകളിലും കുത്തിവയ്ക്കാന്‍ പര്യാപ്തമല്ലെങ്കില്‍ മരുന്ന് നേര്‍പ്പിച്ച് അളവ് കൂട്ടേണ്ടതാണ്. ഇത്രയുമൊക്കെ ചെയ്തതിന് ശേഷവും മുറിവില്‍ അവശേഷിക്കാനിടയുള്ള വൈറസിനെ പ്രതിരോധിക്കുന്നതിന് വാക്സിന്‍ കൃത്യമായി എടുക്കേണ്ടതാണ്. സോപ്പും ഇമ്മ്യുണോഗ്ലോബുലിനും അടിയന്തിരസഹായത്തിനുള്ളതും, വാക്സിന്‍ രോഗത്തിനെതിരെ നീണ്ടുനില്‍ക്കുന്ന ശക്തമായ പ്രതിരോധമുയര്‍ത്തുന്നതിനുമുള്ളതാണ്. വാക്സിനിന്റെ ഫലപ്രാപ്തി, അതിന്റെ ഡോസ്, വാക്സിന്‍ എടുക്കുന്ന രീതി, എടുക്കന്ന ഇടം തുടങ്ങിയവയെ ആശ്രയിച്ചിരിക്കുന്നു. മുതിര്‍ന്നവരുടെ തോള്‍ ഭാഗത്തും കുട്ടികളില്‍ തുടയിലുമുള്ള മാംസപേശികളില്‍ വാക്സിന്‍ എടുക്കുന്ന ഇന്‍ട്രാ മാസ്‌ക്കുലാര്‍ വാക്സിനേഷന്‍ രീതിയും (IMRV) തൊലിപ്പുറത്ത് വാക്സിന്‍ എടുക്കുന്ന ഇന്‍ട്രാ ഡെര്‍മല്‍ വാക്സിനേഷന്‍ രീതിയും (IDRV) ഒരുപോലെ ഫലപ്രദമാണ്. പക്ഷെ IMRV ഒരു കാരണവശാലും ചട്ടത്തില്‍ എടുക്കാന്‍ പാടില്ല. IDRV എടുക്കുമ്പോള്‍ സൂചി ഒരുകാരണവശാലും ചര്‍മ്മം പൂര്‍ണ്ണമായും തുളച്ച് ഉള്ളിലേക്ക് കയറാന്‍ പാടില്ല. ഈ രണ്ട് അവസരത്തിലും വാക്സിനേഷന്‍ ഫലപ്രദമാകില്ല.

വാക്സിന്‍ നല്‍കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും എടുക്കുന്ന രീതി കൃത്യമായി പിന്തുടരുന്നുണ്ട് എന്ന് ഉറപ്പാക്കണം. ഇതില്‍ IDRV വാക്സിനേഷന്‍ രീതിയാണ് കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പിന്തുടരുന്നത്. മൃഗത്തിന്റെ സമ്പര്‍ക്കമുണ്ടായി ആശുപത്രിയില്‍ എത്തുന്ന ദിവസത്തില്‍ തുടങ്ങി, 0,3,7,28 ദിവസങ്ങളില്‍ രണ്ടുവീതം കുത്തിവയ്പ്പുകള്‍ നല്‍കുന്ന IDRV യുടെ തായ്-റെഡ്‌ക്രോസ് റെജിമെന്‍ എന്ന രീതിയാണ് നാം പിന്തുടരുന്നത്. IDRV യുടെ ഒരു പ്രധാന വെല്ലുവിളി, മാംസപേശികളില്‍ കുത്തിവയ്പ്പ് എടുക്കുന്നതിനേക്കാള്‍ ശ്രമകരമാണ് തൊലിപ്പുറത്ത്, ത്വക്കിനെ പൂര്‍ണ്ണമായും തുളക്കാതെ കുത്തിവയ്പ്പെടുക്കുക എന്നത്. നമ്മുടെ ഡോക്ടര്‍മാരും നഴ്സുമാരും ഇത്തരത്തില്‍ കുത്തിവയ്പ്പ് എടുക്കുന്നതില്‍ വിദഗ്ദ്ധരാണെങ്കിലും ഓരോ കുത്തിവയ്പ്പിലും സൂചി കൂടുതല്‍ ഉള്ളിലേക്ക് പോകുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. സൂചി കൂടുതല്‍ ഉള്ളിലേക്ക് കടന്നാല്‍ കുത്തിവയ്പ്പ് തൊലിക്കടിയിലുള്ള സുബ്ക്യൂട്ടേനിയസ് പ്രദേശത്തേക്ക് പോവുകയും വാക്സിനിന്റെ ഫലപ്രാപ്തി കുറയുകയും ചെയ്യും. വാക്സിന്‍ കടക്കുന്നത് കൃത്യമായി ത്വക്കിന്റെ പാളികള്‍ക്കിടയിലൂടെയാണെങ്കില്‍ മരുന്ന് അവിടെ കെട്ടിനില്‍ക്കുകയും ഒരു തടിപ്പ് രൂപപ്പെടുകയും ചെയ്യും. തട്ടിപ്പിന് മുകളില്‍ രോമകൂപങ്ങള്‍ ഉണ്ടാക്കുന്ന കുത്തുകള്‍ അതിനെ ഓറഞ്ചിന്റെ തൊലിയെ അനുസ്മരിപ്പിക്കും എന്നതിനാല്‍ 'പ്യൂഡിഓറഞ്ച് അപ്പിയറന്‍സ്' എന്നാണ് ഇതിന് പറയുക. കുത്തിവയ്പ്പ് സ്വീകരിച്ച ചര്‍മ്മം ഇത്തരത്തില്‍ ഉയര്‍ന്നുവരുന്നത് വാക്സിനേഷന്‍ കൃത്യമായിരുന്നു എന്നതിന്റെ ഒരു സൂചനയാണ്. രോഗിക്കും കൂട്ടിരിപ്പുകാര്‍ക്കും കുത്തിവയ്പ്പ് കിട്ടിയ ഭാഗം പരിശോധിക്കാവുന്നതാണ്. കുത്തിവയ്പ്പ് ശരിയായില്ല എന്ന് അത് നല്‍കിയ ആള്‍ക്ക് തോന്നുന്നപക്ഷം യാതൊരുമടിയും കൂടാതെ ശരിയായ രീതിയില്‍ കുത്തിവയ്പ്പ് ആവര്‍ത്തിക്കേണ്ടതാണ്.

സാധാരണഗതിയില്‍ പട്ടി, പൂച്ച തുടങ്ങിയ ജീവികളുടെ കടി, മാന്തല്‍ തുടങ്ങിയവയിലൂടെയാണ് ഒരാള്‍ക്ക് പേവിഷബാധ ഉണ്ടാകാനുള്ള സാധ്യത. എന്നാല്‍ ഉഷ്ണ രക്തമുള്ള (hot blooded) നട്ടെല്ലുള്ള (vertebrate) ഏതൊരു ജീവിയിലും പേവിഷബാധയുടെ വൈറസുകള്‍ക്ക് ജീവിക്കാന്‍ കഴിയും. സാങ്കേതികമായി പക്ഷികളും ഈ വിഭാഗത്തില്‍പ്പെടും എങ്കിലും പക്ഷികളില്‍ നിന്നും മനുഷ്യര്‍ക്ക് രോഗാണുബാധ ഉണ്ടാകാറില്ല. അതേസമയം ഏതൊരു സസ്തിനികള്‍ക്ക് വേണമെങ്കിലും മനുഷ്യന് രോഗബാധ നല്‍കാനായി കഴിയും. പട്ടി, പൂച്ച ഇവയെ കൂടാതെ വലിയ എലികള്‍, കീരികള്‍ തുടങ്ങിയ ജീവികളുടെ ഉപദ്രവം ഉണ്ടായാലും വിഷബാധയ്ക്ക് എതിരെയുള്ള വാക്‌സിന്‍ സ്വീകരിക്കേണ്ടത്. അതോടൊപ്പം വന്യജീവികളില്‍ പേവിഷബാധയുടെ സാന്നിധ്യം ഉണ്ടാകാനിടയുണ്ട് എന്നതിനാല്‍ വന്യജീവികളില്‍ നിന്ന് ഉപദ്രവവും ഉണ്ടായാലും തീര്‍ച്ചയായും പേവിഷബാധയ്ക്ക് എതിരെയുള്ള വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്. തെക്കേ അമേരിക്കയിലും മറ്റും കാണുന്ന, മൃഗങ്ങളുടെ രക്തം കുടിക്കുന്ന വാമ്പയര്‍ വവ്വാലുകളില്‍ പലപ്പോഴും വളരെ ഉയര്‍ന്നതോതില്‍ പേവിഷബാധയുടെ വൈറസുകളെ കാണാമെങ്കിലും നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന വവ്വാലുകളില്‍ റാബിസ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.

മൃഗങ്ങളുമായി സമ്പര്‍ക്കമുണ്ടാവുന്നതിന് മുന്‍പുതന്നെ കാലേക്കൂട്ടി പ്രതിരോധശക്തി നേടാവുന്നതാണ്

സാധാരണ ഒരാളെ സംബന്ധിച്ചിടത്തോളം മൃഗങ്ങളില്‍ നിന്നും ഒരു ഉപദ്രവം ഉണ്ടായതിനുശേഷം സ്വീകരിക്കുന്ന, നേരത്തെ പറഞ്ഞ രീതിയിലുള്ള പോസ്റ്റ് എക്‌സ്‌പോഷര്‍ പ്രൊഫൈലാക്‌സിസ് ആണ് പ്രധാന വാക്‌സിനേഷന്‍ തന്ത്രം. എന്നാല്‍ മൃഗങ്ങളില്‍ നിന്നും അണുബാധയ്ക്ക് വര്‍ധിച്ച സാധ്യതയുള്ള വിഭാഗത്തില്‍പ്പെട്ട ആളുകള്‍; ഉദാഹരണത്തിന് മൃഗ ഡോക്ടര്‍മാര്‍, മൃഗാശുപത്രിയിലെ ജീവനക്കാര്‍, മൃഗശാലയില്‍ ജോലിചെയ്യുന്നവര്‍, വനം വകുപ്പില്‍ ജോലിചെയ്യുന്നവര്‍, പട്ടികളെയും പൂച്ചകളെയും സ്ഥിരമായി വളര്‍ത്തുന്നവര്‍, പട്ടികള്‍ക്കും പൂച്ചകള്‍ക്കും ട്രെയിനിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കുന്നവര്‍, പട്ടി പിടിത്തത്തിലും മറ്റും ഏര്‍പ്പെട്ടിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ മൃഗങ്ങളില്‍ നിന്നും അപകടം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച്, അത്തരത്തിലുള്ള അപകടം ഉണ്ടാകുന്നതിനു മുമ്പുതന്നെ, കാലേകൂട്ടി പ്രിഎക്‌സ്‌പോഷര്‍ പ്രൊഫൈലാക്‌സിസ് എന്ന രീതിയില്‍ വാക്‌സിനേഷന്‍ സ്വീകരിക്കേണ്ടതാണ്. തൊഴില്‍ സംബന്ധമായി അപകടസാധ്യത കൂടുതലുള്ളവര്‍ കാലേക്കൂട്ടി റാബിസ് വാക്സിന്‍ വാക്സിന്‍ സ്വീകരിക്കുന്നത് നമ്മുടെ നാട്ടില്‍ വ്യാപകമാണെങ്കിലും വീട്ടില്‍ മൃഗങ്ങളുണ്ട് എന്ന കാരണത്താല്‍ വാക്സിന്‍ സ്വീകരിക്കുന്നവര്‍ ഇപ്പോഴും കുറവാണ്. വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ (പ്രത്യേകിച്ച് പട്ടികളെയും പൂച്ചകളെയും) നിര്‍ബന്ധമായും കാലേക്കൂട്ടി റാബീസ് വാക്സിന്‍ സ്വീകരിച്ചിരിക്കണം. നമ്മുടെ നാട്ടില്‍ കൂടുതല്‍ കൂടുതലുകള്‍ ഈ രോഗത്തിനെതിരെ പ്രതിരോധശക്തിയുള്ളവരാകുന്നത് തീര്‍ച്ചയായും അപകടസാധ്യത കുറയ്ക്കും. ദേശീയതലത്തില്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് മറ്റ് വാക്സിനുകളോടൊപ്പം പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാനുള്ള സാധ്യതയും ആരായേണ്ടതാണ്.

മൃഗങ്ങളില്‍ നടക്കേണ്ട ഇടപെടലുകള്‍

പേവിഷബാധ പ്രാഥമികമായി മനുഷ്യനെ ബാധിക്കുന്ന ഒരു രോഗമല്ല; മനുഷ്യനിലേക്ക് വൈറസുകള്‍ ആകസ്മികമായി കടന്നുവരുന്നതാണ്. അതുകൊണ്ടുതന്നെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടര്‍ന്നു പിടിക്കാനുള്ള സാധ്യത വളരെ വിരളമാണ്. അത്യപൂര്‍വമായി കോര്‍ണിയ പോലെയുള്ള അവയവങ്ങള്‍ സ്വീകരിച്ചതിലൂടെ ഒരു രോഗികളില്‍ നിന്നും മറ്റൊരാള്‍ക്ക് പേവിഷബാധ പറഞ്ഞിട്ടുള്ളതായി ചില രേഖകള്‍ ഉണ്ടെങ്കിലും സാധാരണഗതിയില്‍ പേവിഷബാധയേറ്റ ഒരാള്‍ മറ്റൊരാളെ രോഗി ആക്കുന്നത് സാധാരണ നിലയില്‍ കാണാന്‍ കഴിയില്ല. എങ്കില്‍പോലും പേവിഷബാധയേറ്റവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍, വിഷബാധയേറ്റ് ആളുകളെ ശുശ്രൂഷിക്കുന്ന ബന്ധുമിത്രാദികള്‍ തുടങ്ങിയ ആളുകള്‍ക്ക് വാക്സിനും ഇമ്മ്യൂണോഗ്ലോബുലിനും നല്‍കിവരുന്നുണ്ട്. അതേസമയം നമ്മുടെ നാട്ടിലുള്ള, നായ്ക്കളും പൂച്ചകളുമുള്‍പ്പെടെയുള്ള മൃഗങ്ങളെ ബാധിക്കുന്ന രോഗമാണ് റാബിസ് അവരുമായി സമ്പര്‍ക്കത്തില്‍ പെടുന്നതിലൂടെ മനുഷ്യനും അതിന്റെ പിടിയിലാകുന്നുവെന്നുമാത്രം. നമ്മുടെ നാട്ടില്‍ ഏതെല്ലാം മൃഗങ്ങളില്‍, എത്രത്തോളം, ഏതൊക്കെ പ്രദേശങ്ങളില്‍ പേവിഷബാധ കണ്ടുവരുന്നു എന്നത് വളരെ പ്രാധാന്യമുള്ള വിവരങ്ങളാണ്. മൃഗങ്ങളില്‍ പേവിഷബാധ വര്‍ധിച്ചുവരുന്ന സാഹചര്യമാണ് ഉള്ളതെങ്കില്‍ ഓരോ സമ്പര്‍ക്കത്തിലും മനുഷ്യനിലേക്ക് രോഗം പകരാനുള്ള സാധ്യത വര്‍ധിക്കുകയും രോഗബാധിതരായ ആളുകളുടെ എണ്ണം കൂടുകയും ചെയ്യും.

. ഒരുപക്ഷേ നമ്മുടെ നാട്ടില്‍ കൂടുതലായി പേവിഷബാധ ഈ അടുത്തയിടെ കണ്ടു വരുന്നതിനുള്ള പ്രധാനപ്പെട്ട കാരണം മൃഗങ്ങളില്‍ പേവിഷബാധ ഉള്ളവരുടെ എണ്ണത്തിലും അനുപാതത്തിലും വന്നിട്ടുള്ള വ്യത്യാസം ആകാം അതുകൊണ്ടുതന്നെ മൃഗങ്ങളില്‍ ഉള്ള പേവിഷബാധയുടെ നിയന്ത്രണവും അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നു. അതോടൊപ്പം അലഞ്ഞുതിരിഞ്ഞുനടക്കുന്ന മൃഗങ്ങളുടെ എണ്ണത്തിലുണ്ടായ വലിയ വര്‍ധനവും ഭീഷണിയാണ്. ഖരമാലിന്യസംസ്‌കരണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇടപെട്ടുകൊണ്ടുമാത്രമേ മൃഗങ്ങളുടെ (പ്രത്യേകിച്ചും നായ്ക്കളുടെ) ഇന്നത്തെ നിയന്ത്രിക്കാനാകൂ. അതോടൊപ്പം മൃഗങ്ങളില്‍ അണുബാധവരുന്നതിന്റെ ഉറവിടങ്ങളെപ്പറ്റിയും പേടിക്കേണ്ടതും മൃഗങ്ങളിലേക്കുള്ള വൈറസിന്റെ ഒഴുക്കിനെ തടയേണ്ടതുമുണ്ട്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി വന്യജീവി സമ്പര്‍ക്കം വര്ധിച്ചുവരുന്നതും വന്യമായ സ്രോതസുകളില്‍നിന്നും കൂടുതല്‍ വൈറസുകള്‍ നമ്മുടെ ആവാസവ്യവസ്ഥയില്‍ എത്തുന്നതിന് ഇടയാക്കും.

Content Highlights :There are ways to prevent rabies

dot image
To advertise here,contact us
dot image