പ്രമേഹരോഗികള്‍ക്ക് കഴിക്കാം, മധുരക്കിഴങ്ങ് മുതല്‍ നെല്ലിക്ക വരെ

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില ഭക്ഷണങ്ങള്‍ ഇവയൊക്കെയാണ്

പ്രമേഹരോഗികള്‍ക്ക് കഴിക്കാം, മധുരക്കിഴങ്ങ് മുതല്‍ നെല്ലിക്ക വരെ
dot image

രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാകുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം ഹൃദയത്തെയും രക്തചംക്രമണത്തെയും ഉള്‍പ്പെടെ ബാധിക്കുന്ന ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. എന്നാല്‍

ഭക്ഷണത്തില്‍ കൃത്യമായ ശ്രദ്ധ പുലര്‍ത്തിയാല്‍ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഏറെ കാലങ്ങള്‍ക്ക് മുന്‍പേ തെളിയിക്കപ്പെട്ടതാണ്.

പഞ്ചസാര നിയന്ത്രിക്കാന്‍ പാവയ്ക്ക

പാവയ്ക്കയ്ക്ക് പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന വിസിന്‍, കരാന്റിന്‍, പോളിപെപ്‌റ്റെഡ് എന്നിവ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിക്കുകയും സ്‌കെലറ്റല്‍ മസിലുകളുടെ ഗ്ലൂക്കോസ് ഉപയോഗം കൂട്ടുകയും ചെയ്യും. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കാതെ നിലനിര്‍ത്തും. അന്നജത്തിന്റെ ആഗീരണം കൂട്ടുന്ന ചില എന്‍സൈമുകളെ നിയന്ത്രിക്കാനും ഇതിലെ ഘടകങ്ങള്‍ക്ക് കഴിയും.

കോവയ്ക്ക പ്രകൃതിദത്ത ഇന്‍സുലിന്‍

നാട്ടിലെ പച്ചക്കറി കടകളില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് കോവയ്ക്ക. വീട്ടില്‍ നട്ടുവളര്‍ത്തുന്നതാണെങ്കില്‍ പേടികൂടാതെ കഴിക്കുകയും ചെയ്യാം.

ഇന്റര്‍നാഷണല്‍ ഡയബറ്റിക് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നതനുസരിച്ച് കോവയ്ക്ക പ്രകൃതിദത്ത ഇന്‍സുലിന്‍ ആണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാതെ നിയന്ത്രിക്കാന്‍ കോവയ്ക്ക കഴിക്കുന്നതിലൂടെ സാധിക്കും. നാരുകള്‍ ധാരാളം അടങ്ങിയതും ഗ്ലൈസമിക് ഇന്‍ഡക്‌സ് വളരെ കുറവാണെന്നതുമാണ് കോവയ്ക്ക പ്രമേഹരോഗികള്‍ക്ക് ഉപകാരപ്രദമാകുന്നതിനുള്ള പ്രധാന കാരണം.

മധുരക്കിഴങ്ങ് ധൈര്യമായി കഴിച്ചോളൂ

സാധാരണയായി പ്രമേഹരോഗികള്‍ കിഴങ്ങുവര്‍ഗ്ഗങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്നാണ് പറയാറുളളത്. എന്നാല്‍ മധുരക്കിഴങ്ങുമായി ബന്ധപ്പെട്ട പഠനം പറയുന്നത് മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന ക്രോമിയം ഇന്‍സുലിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ശരിയായ രീതിയില്‍ ക്രമീകരിക്കുകയും ചെയ്യുന്നു എന്നാണ്.

മറ്റുളള കിഴങ്ങുവര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് മധുരക്കിഴങ്ങില്‍ ഗ്ലെസമിക് ഇന്‍ഡക്‌സ് അഥവാ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനുളള കഴിവ് കുറവായതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി മധുരക്കിഴങ്ങ്

കഴിക്കാം.

ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഓട്ട്‌സ്

ഓട്‌സിലെ അലിയുന്ന നാരായ ബീറ്റാ ഗ്ലൂക്കണ്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും. നാരുകള്‍ കൂടുതല്‍ അടങ്ങിയിരിക്കുന്ന റോള്‍ഡ് ഓട്‌സ് തന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഓട്‌സ് പാചകം ചെയ്യുമ്പോള്‍ അധികം കുറുക്കിയെടുക്കേണ്ടതില്ല. പാല് ചേര്‍ത്ത് ഓട്‌സ് ഉണ്ടാക്കുന്നതും ഓട്‌സ് ഉപയോഗിച്ചുണ്ടാക്കുന്ന പലഹാരങ്ങളും പ്രമേഹ രോഗികള്‍ക്ക് ഗുണപ്രദമാണ്.

ഉലുവയുടെ അത്ഭുത ഗുണങ്ങള്‍

ഉലുവ പ്രമേഹം നിയന്ത്രിക്കാന്‍ ഉത്തമമാണെന്ന് വളരെക്കാലം മുന്‍പ് തന്നെ തെളിഞ്ഞിട്ടുണ്ട്. ഉലുവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡ് ട്രൈനല്ലിന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഉലുവ മുളപ്പിച്ച് ഉപയോഗിക്കുന്നതും പൊടിച്ച് ഉപയോഗിക്കുന്നതുമാണ് ഗുണപ്രദം.

പച്ച ചക്ക

പച്ച ചക്കയിലും ചക്കക്കുരുവിലും ധാരാളം നാരുകളും പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഗ്ലൈസമിക് ഇന്‍ഡക്‌സ് വളരെ കുറവായതിനാല്‍ പച്ച ചക്ക വിഭവങ്ങളെല്ലാം പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്.

പച്ച ചക്കയിലടങ്ങിയിരിക്കുന്ന നാരുകള്‍ വയറ് നിറഞ്ഞ അനുഭവം ഉണ്ടാക്കുകയും അതുകൊണ്ട് അമിതമായി ഭക്ഷണം കഴിക്കാനുള്ള തോന്നല്‍ ഒഴിവാക്കുകയും ചെയ്യും. പക്ഷേ പഴുത്ത ചക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്നതിനാല്‍ പ്രമേഹ രോഗികള്‍ പഴുത്ത ചക്ക ഉപയോഗിക്കാന്‍ പാടുളളതല്ല

നെല്ലിക്കയുടെ ഗുണങ്ങള്‍

പ്രമേഹനിയന്ത്രണത്തില്‍ നെല്ലിക്കയുടെ ഗുണങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. നെല്ലിക്ക പ്രമേഹ രോഗികള്‍ക്ക് ഒരു സപ്പോര്‍ട്ടിംഗ് സപ്ലിമെന്റാണ്. നെല്ലിക്കയിലെ വിറ്റാമിന്‍ സിയും ഫീനോളിക് ഘടകങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇന്‍സുലിന്റെ സംവേദനക്ഷമത കൂട്ടാനും നെല്ലിക്കയ്ക്ക് കഴിയും. നെല്ലിക്കയിലെ ആന്റി ഓക്‌സിഡന്റുകള്‍ പ്രമേഹ മുറിവുകള്‍ ഉണക്കാനും പ്രമേഹം മൂലമുണ്ടാകുന്ന നേത്രരോഗങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു.

പ്രമേഹരോഗികള്‍ക്ക് അധികം പഴുക്കാത്ത നേന്ത്രപ്പഴം

നേന്ത്രപ്പഴത്തില്‍ കാര്‍ബോഹൈഡ്രേറ്റും കാലറിയും എല്ലാം ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. മറ്റുള്ള പഴവര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് ഗ്ലൈസമിക് ഇന്‍ഡക്‌സും കൂടുതലാണ്. എന്നുകരുതി നേന്ത്രപ്പഴം ഉപേക്ഷിക്കേണ്ടതില്ല.

നാരുകളും പൊട്ടാസ്യവും വൈറ്റമിന്‍ സിയും എല്ലാം ഏത്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. അധികം പഴുക്കാത്ത നേന്ത്രപ്പഴമാണ് പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ ഉത്തമം. പ്രധാന ഭക്ഷണത്തിന്റെ ഇടവേളകളില്‍ നേന്ത്രപ്പഴം കഴിക്കാവുന്നതാണ്. പച്ച നേന്ത്രക്കായയും പച്ച ചെറുകായയും പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്. പച്ച നേന്ത്രക്കായ ചുട്ടെടുത്തോ തോരനുണ്ടാക്കിയോ കഴിക്കാവുന്നതാണ്.

Content Highlights: These are some foods diabetics can eat

dot image
To advertise here,contact us
dot image