ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണം സജീവം; സെന്റർപോയിന്റ് സ്റ്റേഷനിലെ കാൽനടപ്പാലം അടച്ചു

പുതിയ ക്രമീകരണങ്ങൾ നിലവിൽ വന്നതിനാൽ മെട്രോ യാത്രക്കാർ തങ്ങളുടെ യാത്രയ്ക്കായി അല്പം കൂടുതൽ സമയം നീക്കിവെക്കണമെന്ന് ആർടിഎ അഭ്യർത്ഥിച്ചു

ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണം  സജീവം; സെന്റർപോയിന്റ് സ്റ്റേഷനിലെ കാൽനടപ്പാലം അടച്ചു
dot image

ദുബായ് മെട്രോയുടെ വരാനിരിക്കുന്ന 'ബ്ലൂ ലൈൻ' പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുന്നു. ഇതിന്റെ ഭാഗമായി സെന്റർപോയിന്റ് മെട്രോ സ്റ്റേഷനിലെ പ്രധാന കാൽനടപ്പാലം താൽക്കാലികമായി അടച്ചു. യാത്രക്കാർക്കായി ഗ്രൗണ്ട് ഫ്ലോറിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി സുരക്ഷിതമായ ബദൽ പാത ഒരുക്കിയിട്ടുണ്ട്.

ദുബായിയുടെ പൊതുഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നായ 'ബ്ലൂ ലൈൻ' മെട്രോയുടെ പ്രാഥമിക ഘട്ട നിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. നിലവിൽ സെന്റർപോയിന്റ് സ്റ്റേഷനിലെ മൾട്ടിസ്റ്റോറി കാർ പാർക്കിങ് കെട്ടിടത്തിൽ നിന്നും സ്റ്റേഷനിലേക്ക് നേരിട്ടെത്തുന്ന പ്രധാന കാൽനടപ്പാലമാണ് താൽക്കാലികമായി അടച്ചിരിക്കുന്നത്. എന്നാൽ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പാർക്കിങ് കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ സുരക്ഷിതമായ ബദൽ യാത്രാ പാത ആർടിഎ സജ്ജമാക്കിയിട്ടുണ്ട്. റെഡ് ലൈൻ പ്രവേശന കവാടത്തിലേക്ക് യാത്രക്കാർക്ക് വഴി എളുപ്പത്തിൽ മനസ്സിലാക്കാൻ ഇവിടെ കൃത്യമായ ദിശാസൂചക ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

പുതിയ ക്രമീകരണങ്ങൾ നിലവിൽ വന്നതിനാൽ മെട്രോ യാത്രക്കാർ തങ്ങളുടെ യാത്രയ്ക്കായി അല്പം കൂടുതൽ സമയം നീക്കിവെക്കണമെന്ന് ആർടിഎ അഭ്യർത്ഥിച്ചു. മൊത്തം 30 കിലോമീറ്റർ നീളത്തിലാണ് ദുബായ് മെട്രോയുടെ ബ്ലൂ ലൈൻ നിർമിക്കുന്നത്. മൊത്തം 14 സ്റ്റേഷനുകളുള്ള ബ്ലൂ ലൈനിൽ മൂന്ന് ഇന്റർചേഞ്ച് സ്റ്റേഷനുകളും ഏഴ് എലവേറ്റഡ് സ്റ്റേഷനുകളും നാല് ഭൂഗർഭ സ്റ്റേഷനുകളുമുണ്ടാകും. 2,050 കോടി ദിർഹം ബജറ്റ് വകയിരുത്തിയിരിക്കുന്ന ഈ വൻകിട പദ്ധതി 2029 സെപ്തംബർ 9-ഓടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ദുബായിലെ പ്രധാന ജനവാസ-വാണിജ്യ കേന്ദ്രങ്ങൾ തമ്മിലുള്ള യാത്രാ കണക്ടിവിറ്റി കൂടുതൽ ശക്തമാകും.

Content Highlights: Construction work on the Dubai Metro Blue Line is progressing, prompting the temporary closure of the pedestrian footbridge at Centerpoint Metro Station. Authorities have advised commuters to follow designated alternative routes and stay updated on traffic and transport advisories.

dot image
To advertise here,contact us
dot image