

ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Gen AI) ഇന്ത്യയിലെ തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് മുന്നറിയിപ്പുമായി ആഗോള നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാക്സ്. ഇന്ത്യയിലെ കാർഷികേതര തൊഴിൽ മേഖലയിൽ 8% മുതൽ 12% വരെ ജോലികൾക്ക് എഐ പകരക്കാരനാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
റിപ്പോർട്ടനുസരിച്ച്, റൊട്ടീൻ ജോലികളാണ് എഐ ഏറ്റവും കൂടുതൽ ഏറ്റെടുക്കാൻ സാധ്യതയുള്ളത്. ഡാറ്റ എൻട്രി, ഓഫീസ് അഡ്മിനിസ്ട്രേഷൻ, കസ്റ്റമർ സർവീസ്, കണ്ടന്റ് പ്രൊഡക്ഷൻ, ഫിനാൻസ്, ഐടി സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ എഐ യുടെ സ്വാധീനം കൂടുതൽ പ്രകടമാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, എഐ എല്ലാ ജോലികളും ഇല്ലാതാക്കില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മറിച്ച്, 42% മുതൽ 48% വരെ കാർഷികേതര തൊഴിലുകളിൽ എഐ മനുഷ്യരുടെ ജോലിയെ കൂടുതൽ കാര്യക്ഷമമാക്കുന്ന സഹായ സാങ്കേതികവിദ്യയായിരിക്കും. അതായത്, ജോലി നഷ്ടപ്പെടുത്തുന്നതിന് പകരം ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും വേഗത്തിൽ തീരുമാനങ്ങൾ എടുക്കാനും എഐ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയുടെ സേവനമേഖലയും ഐടി വ്യവസായവും വലിയ തോതിൽ മനുഷ്യവിഭവശേഷിയെ ആശ്രയിക്കുന്നതിനാൽ, എഐയുടെ വ്യാപനം തൊഴിലാളികൾക്ക് പുതിയ കഴിവുകൾ അനിവാര്യമാക്കും. എഐ ഉപയോഗം, ഡാറ്റ അനലിറ്റിക്സ്, ഓട്ടോമേഷൻ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയിൽ പ്രാവീണ്യം നേടിയവർക്കായിരിക്കും ഭാവിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എഐയുടെ വളർച്ച തൊഴിൽ നഷ്ടം മാത്രമല്ല, പുതിയ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കുമെന്ന് ഗോൾഡ്മാൻ സാക്സ് വിലയിരുത്തുന്നു. സ്ഥാപനങ്ങൾ എഐയെ പൂർണമായും മനുഷ്യർക്കു പകരമായി ഉപയോഗിക്കുന്നതിനേക്കാൾ, ജീവനക്കാരുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന റ്റൂൾ ആയി സ്വീകരിക്കാനാണ് കൂടുതൽ സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകമെമ്പാടും എഐ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയിലും തൊഴിൽ വിപണി വലിയ മാറ്റങ്ങൾക്ക് സാക്ഷിയാകുമെന്നാണ് റിപ്പോർട്ടിന്റെ വിലയിരുത്തൽ. അതിനാൽ, സാങ്കേതികവിദ്യയോട് പൊരുത്തപ്പെടുന്ന പുതിയ കഴിവുകൾ വികസിപ്പിക്കുന്നതാകും തൊഴിൽ രംഗത്ത് മുന്നിട്ടുനിൽക്കാനുള്ള പ്രധാന മാർഗമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Content Highlights: Gen-AI could substitute up to 12% of India’s non-farm jobs, says Goldman Sachs