ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി; നെതന്യാഹുവിനും പ്രശംസ

ബന്ദിമോചനവും ഗാസയിലെ ജനങ്ങള്‍ക്ക് നല്‍കുന്ന മാനുഷിക സഹായം വര്‍ധിപ്പിക്കുന്നതും ശാശ്വത സമാധാനത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നരേന്ദ്ര മോദി

ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി; നെതന്യാഹുവിനും പ്രശംസ
dot image

ന്യൂഡല്‍ഹി: ഗാസ സമാധാനക്കരാര്‍ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം സ്വാഗതം ചെയ്യുന്നതായി മോദി എക്‌സില്‍ കുറിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കരുത്തുറ്റ നേതൃത്വത്തിന്റെ പ്രതിഫലനമാണിതെന്നും അദ്ദേഹം കുറിച്ചു. ബന്ദിമോചനവും ഗാസയിലെ ജനങ്ങള്‍ക്ക് നല്‍കുന്ന മാനുഷിക സഹായം വര്‍ധിപ്പിക്കുന്നതും ശാശ്വത സമാധാനത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

ഈജിപ്തില്‍ വെച്ച് നടന്ന മധ്യസ്ഥ ചര്‍ച്ചയുടെ മൂന്നാം ദിവസമായ ഇന്നലെയായിരുന്നു വെടിനിര്‍ത്തലും ബന്ദി മോചനവും ഉള്‍പ്പെടുന്ന കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഹമാസും ഇസ്രയേലും ഒപ്പുവെച്ചത്. ഇരുവരും ആദ്യ ഘട്ടം അംഗീകരിച്ചതായി ട്രംപായിരുന്നു അറിയിച്ചത്. പിന്നാലെ ആദ്യ ഘട്ടം അംഗീകരിച്ചതായി ഇരുകൂട്ടരും വ്യക്തമാക്കുകയായിരുന്നു.

മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി, ട്രംപ് എന്നിവര്‍ക്ക് നന്ദി പറയുന്നതായി ഹമാസ് അറിയിച്ചു. ഇസ്രയേല്‍ കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടോയെന്ന് ട്രംപ് അടക്കമുള്ളവര്‍ ഉറപ്പാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. 'കരാര്‍ ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കും. അധിനിവേശ സേനയുടെ പൂര്‍ണമായ പിന്‍വാങ്ങല്‍ ഉറപ്പാക്കും. മാനുഷിക സഹായങ്ങളുടെ പ്രവേശനം ഉറപ്പാക്കും. ജയില്‍ തടവുകാരെ കൈമാറും. ഗാസയിലെ ജനങ്ങള്‍ സമാനതകളില്ലാത്ത ധൈര്യവും വീര്യവും പ്രകടിപ്പിച്ചു. സ്വാതന്ത്ര്യം, സ്വയം നിര്‍ണയാവകാശം എന്നിവ കൈവരിക്കുന്നത് വരെ ഞങ്ങള്‍ ഞങ്ങളുടെ ജനങ്ങളുടെ അവകാശങ്ങളെ കൈവിടില്ല', ഹമാസ് വ്യക്തമാക്കി.

ഇത് ഇസ്രയേലിന് ഒരു മഹത്തായ ദിവസമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. കരാറിന് അംഗീകാരം നല്‍കുന്നതിന് നാളെ സര്‍ക്കാരിനെ വിളിച്ച് ചേര്‍ക്കുമെന്നും എല്ലാ ബന്ദികളെയും തിരികെ വീട്ടിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നമ്മുടെ ബന്ദികളെ മോചിപ്പിക്കാനുള്ള പവിത്രമായ ദൗത്യത്തിന് അണിനിരന്നതിന് ഇസ്രയേല്‍ സേനയ്ക്കും അമേരിക്കന്‍ പ്രസിഡന്റിനും നന്ദി പറയുന്നു', നെതന്യാഹു പറഞ്ഞു.

Content Highlights: PM Narendra Modi welcomes Gaza peace plan by Trump also praising Netanyahu

dot image
To advertise here,contact us
dot image