
ആലപ്പുഴ: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതില്‍ കേസ്. പൊതുമുതല്‍ നശിപ്പിച്ചുവെന്ന് കാട്ടിയാണ് കണ്ടാലറിയാവുന്ന അഞ്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഹരിപ്പാട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
എന്നാല്‍ പൊലീസ് ബാരിക്കേഡുകള്‍ വലിച്ചുകെട്ടിയ തൂണ്‍ ആണ് ഒടിഞ്ഞുവീണതെന്നിരിക്കെ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ വിമര്‍ശനം ഉയര്‍ന്നു. ശബരിമല സ്വര്‍ണപ്പാളി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ബുധന്‍ രാവിലെ 11.30 ഓടെ മുനിസിപ്പല്‍ ഓഫീസിന് സമീപത്തുനിന്ന് ജില്ലാ പ്രസിഡന്റ് പ്രവീണിന്റെ നേതൃത്വത്തില്‍ ജാഥയായി എത്തിയ പ്രവര്‍ത്തകരെയാണ് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞത്.
മാര്‍ച്ചിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളലും ഉണ്ടായി. ഇതോടെ പൊലീസ് ബാരിക്കേഡ് വലിച്ചുകെട്ടിയ കാലപ്പഴക്കം ചെന്ന പോസ്റ്റ് ഒടിയുകയായിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പൊലീസ് പോസ്റ്റുതാങ്ങി നിര്‍ത്തിയത്.
Content Highlights: Case filed after electricity pole breaks during Youth Congress march in Alappuzha