
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ആരോഗ്യരംഗത്ത് നാം കൈവരിച്ച പുരോഗതിയിലൂടെ മനുഷ്യരുടെ ആയുർദൈർഘ്യം വർധിക്കുകയും വയോജനങ്ങളുടെ എണ്ണം ക്രമാതീതമായി കൂടുകയും ചെയ്യുന്നു എന്നുള്ളത് ഒരു യാഥാർഥ്യമാണ് . ഒരു ഭാഗത്ത് ഈ മാറ്റം അഭിമാനകരമാണെങ്കിലും, മറുഭാഗത്ത് ഏകാന്തത, അവഗണന, ഒറ്റപ്പെടൽ എന്നീ പുതിയ വെല്ലുവിളികൾ മുതിർന്ന പൗരന്മാരുടെ ജീവിതം ദുസ്സഹമാക്കുന്നു. ഈ സാമൂഹിക യാഥാർത്ഥ്യത്തെ നാം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് ഒരു സമൂഹത്തിന്റെ സംസ്കാരത്തിൻ്റെ യഥാർത്ഥ മൂല്യം അടങ്ങിയിരിക്കുന്നത്.
35-ാമത് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര വയോജന ദിനം 2025-ലെ പ്രമേയം, “പ്രാദേശികവും ആഗോളവുമായ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന വയോജനങ്ങൾ: ഞങ്ങളുടെ അഭിലാഷങ്ങൾ, ഞങ്ങളുടെ ക്ഷേമം, ഞങ്ങളുടെ അവകാശങ്ങൾ” (Older Persons Driving Local and Global Action: Our Aspirations, Our Well-Being, and Our Rights) എന്നതാണ്. ഈ തത്വങ്ങൾ മുന്നോട്ട് വെക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത് വയോജനങ്ങളെ പൊതുചർച്ചകളുടെയും അവരുടെ സാധ്യതകൾക്കുള്ളിലെ ശ്രമങ്ങളുടെയും ഒരു വിശാലമായ തലത്തിലേക്ക് എത്തിക്കുക എന്നതാണ്. വയോജനങ്ങൾ എന്നാൽ കേവലം ഈ സമൂഹത്തിന്റെ സഹതാപവും പിന്തുണയും സ്വീകരിക്കുന്നവർ മാത്രമല്ല മറിച്ച്, പല സാമൂഹിക മാറ്റങ്ങൾക്കും നേതൃത്വം നൽകാൻ കഴിയുന്ന ശക്തികേന്ദ്രങ്ങൾ കൂടിയാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
ലോകമെമ്പാടുമുള്ള സമൂഹങ്ങളുടെ ഭാവിയെ രൂപപ്പെടുത്തുന്നതിൽ വയോജനങ്ങളുടെ കൂടുതൽ ഉൾപ്പെടുത്തൽ (inclusion), ദൃശ്യത നൽകൽ (visibility) പങ്കാളിത്തം (participation) എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ഈ വർഷത്തെ വയോജന ദിനാചരണത്തിന്റെ ലക്ഷ്യം.
വയോജനക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന 'യംഗ് സീനിയേഴ്സ്' ഭാവിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ചില പദ്ധതികളുടെ ആവശ്യാർഥം കഴിഞ്ഞ ദിവസം കേരള സർക്കാരിന്റെ കീഴിൽ Social Justice Department നടത്തുന്ന കാസർഗോഡ് പരവനടുക്കം ഓൾഡ് ഏജ് ഹോം സന്ദർശിച്ചിരുന്നു . ഒരു വയോജന മന്ദിരം എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും മികച്ച മാതൃകകളിലൊന്നാണ് ഈ ഓൾഡ് ഏജ് ഹോം. ഈ സന്ദർശനം ഉയർത്തിയ ചില ചിന്തകൾ പങ്കുവെക്കുകയാണ്.
പ്രായമാകുന്നതോടുകൂടി മുഖ്യധാരയിൽ നിന്നും മാറ്റിനിർത്തപ്പെട്ട് ഉപേക്ഷിക്കപ്പെടേണ്ടവരാണോ വയോജനങ്ങൾ ?
ഉപേക്ഷിക്കുക എന്ന് പറയുമ്പോൾ എവിടെയെങ്കിലും പുറന്തള്ളുക എന്നത് മാത്രമല്ല അർത്ഥമാക്കുന്നത്! അവർക്ക് അവരുടേതായ ഇടം ഉപയോഗിക്കാനുള്ള അവസരങ്ങൾ നഷ്ട്ടപ്പെടുമ്പോഴെല്ലാം അവർ ഉപേക്ഷിക്കപ്പെടുക തന്നെയാണ്. അവരെ ഒരു ബാധ്യതയായി കരുതുമ്പോഴെല്ലാം അവർ കൂടുതൽ ഇടുങ്ങിയ ഒരു ഇടത്തേക്ക് ഒതുങ്ങിക്കൂടേണ്ടിവരികയാണ്. അവർക്ക് അവരുടേതായ സാധ്യതകളുടെ ഒരു വാതിൽ തുറന്നുകൊടുക്കുക എന്നതാണ് അവരോട് നമുക്ക് ചെയ്യാനുള്ള ഏറ്റവും വലിയ കടമയും ഉത്തരവാദിത്തവും. പരിചരണം ആവശ്യമുള്ളവർക്ക് അത് നൽകണം. എന്നാൽ വയോജനങ്ങൾക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്. അവരെക്കൊണ്ടാകുന്ന പലതും അവരിൽ ഇനിയും ബാക്കിയുണ്ട് എന്ന് നാം മനസ്സിലാക്കണം. അവരുടെ സംതൃപ്തിയെന്തെന്ന് തിരിച്ചറിയണം. അവരുടെ കഴിവുകൾ ഉപയോഗിക്കാനുള്ള സാഹചര്യങ്ങളിലേക്ക് അവരെ വഴിനടത്തണം അതുമാത്രം മതി. വീടിനകത്തായാലും വീടിനു പുറത്ത് സമാന മനസ്കരായ സമപ്രായക്കാരായ ആളുകൾ ഒത്തുകൂടുന്ന ഇടങ്ങളിലായാലും അവർക്ക് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ലഭിക്കേണ്ടതുണ്ട്.
അത്തരം ഒരുപാട് അന്തേവാസികളെ ഇവിടെ കാണാൻ കഴിയും. അവരൊക്കെ യഥാർത്ഥത്തിൽ ഒരു പുതിയ ജീവിതം ആസ്വദിക്കുകയാണ് ഇവിടെ. അവരുടെ കുടുംബവും കളിചിരികളും മറ്റു വിനോദങ്ങളും സുരക്ഷിതത്വവും എല്ലാം അടങ്ങുന്ന ഒരു ലോകം തന്നെയാണിത് ! ഇത്തരം കൂട്ടായ്മകളും സംവിധാനങ്ങളും സുരക്ഷിത സങ്കേതങ്ങളും ഈ കാലത്ത് ഒരു ആവശ്യം തന്നെയാണ് എന്ന് നിസംശയം പറയാം. ലോകം മാറുന്നതിനനുസരിച്ച് സാമൂഹികമായും കാലത്തിനനുസരിച്ചും നമ്മളും മാറണം! നമ്മുടെ മനോഭാവങ്ങൾ മാറണം! മനസ്സുകൾ കൂടുതൽ വിശാലമാകണം. വയോജനങ്ങളുടെ അഭിലാഷങ്ങളും അവകാശങ്ങളും തിരിച്ചറിയാതെ പോകരുത്. അങ്ങനെയൊരു ഓർമ്മപ്പെടുത്തൽ കൂടിയായി മാറട്ടെ ഈ ദിനം നമ്മെ ഓർമിപ്പിക്കുന്ന ചിന്തകൾ.
വയോജനങ്ങളുടെ ആരോഗ്യം, അവരുടെ ക്ഷേമം എന്നതെല്ലാം ഈ സമൂഹത്തിന്റെ തന്നെ ക്ഷേമവും ആരോഗ്യവുമാണ്. അവരുടെ ആഗ്രഹങ്ങളെ മാനിക്കുകയും അവകാശങ്ങളെ അനുവദിച്ചുകൊടുക്കുകയും ചെയ്യുന്ന ഒരു സമൂഹമായി നാം മാറേണ്ടതുണ്ട്.
വയോജനക്ഷേമം സമൂഹത്തിന്റെ പ്രധാന ഉത്തരവാദിത്തമായി മാറുന്ന ഈ കാലഘട്ടത്തിൽ, കേരളത്തിൽ ഈ വിഷയത്തിൽ പൊതുസമൂഹത്തെ ബോധവൽക്കരിക്കാൻ സാധിക്കുന്ന ക്രിയാത്മകമായ ചില നിർദേശങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്.
വയോജനക്ഷേമം: സമൂഹത്തെ ബോധവൽക്കരിക്കാനുള്ള വഴികൾ
ഈ രീതിയിലുള്ള സമഗ്രമായ ബോധവൽക്കരണത്തിലൂടെ മാത്രമേ വയോജനക്ഷേമം ഓരോ പൗരന്റെയും സാമൂഹിക ഉത്തരവാദിത്തമാണെന്ന ചിന്ത കേരളീയ സമൂഹത്തിൽ ആഴത്തിൽ വേരൂന്നൂ. വയോജനങ്ങളെ സമൂഹത്തിന് ഭാരമായി കാണാതെ, നാളത്തെ പുരോഗതിക്ക് ചുക്കാൻ പിടിക്കുന്ന ശക്തിയായി അംഗീകരിക്കുക. തലമുറകൾ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കാൻ നാം ഓരോരുത്തരും ഈ സമയം പ്രതിജ്ഞയെടുക്കണം. നമ്മുടെ നാട് വയോജനസൗഹൃദമായാ നാടായി മാറട്ടെ...അതിനായി നമുക്കേവർക്കും കൈകോർക്കാം...
Content Highlights- Should the elderly be excluded from the mainstream as they age?