സെറിബ്രൽ പാൾസി: സഹതാപമല്ല, ചേർത്ത്പിടിക്കലാണ് വേണ്ടത്!

ഒക്ടോബർ ആറ് ലോക സെറിബ്രൽ പാൾസി ദിനം

സെറിബ്രൽ പാൾസി: സഹതാപമല്ല, ചേർത്ത്പിടിക്കലാണ് വേണ്ടത്!
dot image

ജീവിതകാലം മുഴുവൻ പരിചരണം ആവശ്യമായതും കുട്ടികളെ ബാധിക്കുന്നതുമായ ഏറ്റവും സാധാരണ ശാരീരിക വൈകല്യ അവസ്ഥയാണ് സെറിബ്രൽ പാൾസി. ഇത്തരം അസുഖ ബാധിതരായ കുട്ടികളുടെയും മുതിർന്നവരുടേയും വിജയങ്ങളെ ആഘോഷിക്കുന്നതിനും അവരെ സമൂഹത്തിൻ്റെ ഉന്നതിയിലേക്ക് കൈപിടിച്ച് നടത്തുന്നതിനും, അവരുടെ ദൈനംദിന പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തുന്നതിനും വേണ്ടിയാണ് ഒക്ടോബർ ആറിന് ലോക സെറിബ്രൽ പാൾസി ദിനമായി ആചരിക്കുന്നത്. ലോകത്താകമാനം 17 ദശലക്ഷത്തിലധികം ആളുകൾ സെറിബ്രൽ പാൾസിയുമായി ജീവിക്കുന്നതായി വിവിധ കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ തന്നെ അഞ്ഞൂറ് കുട്ടികൾ പിറവിയെടുക്കുമ്പോൾ അതിൽ ഒരാൾക്ക് സെറിബ്രൽ പാൾസി (മസ്‌തിഷ്‌ക തളർവാതം) ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ രോഗം ബാധിച്ചവരെ പരിചരിക്കുക, സഹായിക്കുക, രോഗത്തെക്കുറിച്ച് അവബോധം വളർത്തുക, അതിനുവേണ്ട സാമൂഹിക മാറ്റങ്ങൾ കൊണ്ടുവരിക എന്നിവയാണ് ഈ ദിനാചരണത്തിൻ്റെ ലക്ഷ്യം.

'സെറിബ്രൽ' എന്നാൽ തലച്ചോറുമായി ബന്ധപ്പെട്ടത് എന്നും 'പാൾസി' എന്നാൽ ശരീരത്തിൻറെ ബലഹീനത എന്നുമാണ് അർഥമാക്കുന്നത്. സെറിബ്രൽ പാൾസി ഏതെങ്കിലും ഒരവയവത്തെ മാത്രം ബാധിക്കുന്ന രോഗമല്ല. മറിച്ച് നവജാതശിശുക്കളിൽ സംഭവിക്കുന്ന നിരവധി ന്യൂറോളജിക്കൽ പ്രശ്‌നങ്ങളെ ചേർത്തുപറയുന്നതാണ്. ഇത് കുട്ടികളുടെ പേശികളുടെ ചലനത്തെയും ബാധിക്കുന്നു. ഗർഭാവസ്ഥയിൽ അമ്മയ്ക്കുണ്ടാകുന്ന അണുബാധകൾ, വൈറസ്‌ രോഗങ്ങൾ, അമിത രക്തസമ്മർദ്ദം, പ്രമേഹം, കുട്ടിയുടെ മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന്റെ ഭാരക്കുറവ്‌, കുട്ടി ജനിച്ച് ഏതാനും ദിവസത്തേക്ക് കാണപ്പെടുന്ന രക്തത്തിലെ ഗ്ലൂക്കോസിന്റെ കുറവ് , ജനന സമയത്തുണ്ടാകുന്ന ശ്വാസ തടസ്സങ്ങൾ, തലയിലെ മുറിവും രക്തസ്രാവവും, ജനനശേഷമുണ്ടാകുന്ന അപസ്മാരം എന്നിവയൊക്കെയും സെറിബ്രൽ പാൾസി എന്ന അവസ്ഥയ്ക്ക്‌ കാരണമായേക്കാം.

സെറിബ്രൽ പാൾസി ഉള്ള കുട്ടികൾക്ക് അപസ്‌മാരം, കാഴ്‌ചക്കുറവ്, കേൾവിക്കുറവ്, സംസാരശേഷിയില്ലായ്‌മ, പേശികൾക്ക് ബലമില്ലായ്‌മയോ കടുത്ത ബലമോ ഉണ്ടായിരിക്കുക തുടങ്ങിയ അനുബന്ധ ലക്ഷണങ്ങളും കണ്ടുവരുന്നു. എന്നാൽ, സെറിബ്രൽ പാൾസി എന്ന രോഗാവസ്ഥ പൂർണമായി ഭേദമാകുകയോ, കുട്ടി പൂർണ ആരോഗ്യ അവസ്ഥയിലേക്ക് തിരിച്ചുവരുന്നതോ അപൂർവ്വമാണ്.

ഒരു കുട്ടിക്ക് സെറിബ്രൽ പാൾസി ബാധിച്ചു എന്ന് നമുക്ക്‌ എങ്ങനെ നേരത്തെ തിരിച്ചറിയാം?

ജനിക്കുന്ന ഉടനെ തന്നെ കുഞ്ഞ് ഉറക്കെ കരയാതിരിക്കുക, മുലപ്പാൽ വലിച്ച്‌ കുടിക്കുന്നതിനു പ്രയാസം അനുഭവപ്പെടുക, കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ, ശരീരത്തിൻറെ ബലക്കുറവ്‌ അല്ലെങ്കിൽ അനിയന്ത്രിതമായ ബലക്കൂടുതൽ, രണ്ട്‌ മാസം പ്രായം ആയ കുഞ്ഞ്‌ മുഖത്ത്‌ നോക്കി പുഞ്ചിരിക്കാതിരിക്കുകയോ, നമ്മുടെ കണ്ണുകളിലേക്ക് നോക്കാൻ കഴിയാതിരിക്കുകയോ ചെയ്യുക, നാല്‌ മാസം പ്രായം ആയിട്ടും കഴുത്ത്‌ ഉറക്കാതിരിക്കുക, ശരീരത്തിൻ്റെ ഒരു ഭാഗമോ അവയവമോ മാത്രം ഉപയോഗിക്കുക, ശബ്ദം കേൾക്കുമ്പോൾ ശ്രദ്ധിക്കാതിരിക്കുക എന്നിവയോ സെറിബ്രൽ പാൾസിയുടെ ലക്ഷണമാണ്. കുട്ടികൾ വളർന്ന് തുടങ്ങുമ്പോൾ അതാത്‌ സമയങ്ങളിൽ ഉണ്ടാകേണ്ട മാറ്റങ്ങളായ തല ഉറക്കുക, കമിഴ്ന്ന് വീഴുക, നീന്തുക, ഇരിക്കുക, നിൽക്കുക, നടക്കുക തുടങ്ങിയ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ കൈവരിക്കാൻ കുട്ടിക്ക് സാധിക്കാതിരിക്കുകയോ ചെയ്താൽ കുട്ടിക്ക് സെറിബ്രൽ പാൾസി എന്ന അവസ്ഥയുടെ ലക്ഷണങ്ങളുണ്ടെന്ന് അനുമാനിക്കാം.

മേൽ സൂചിപ്പിച്ച ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും വേഗം ഒരു ഡോക്ടറുടെ സേവനം തേടണം. സ്കാൻ പരിശോധനയിലൂടെ തലച്ചോറിന് ക്ഷതം സംഭവിച്ചിട്ടുണ്ടോയെന്ന് കണ്ടുപിടിക്കാൻ സാധിക്കും. ഉണ്ടെങ്കിൽ ഉടൻ പുനരധിവാസ ചികിത്സ ആരംഭിച്ചാൽ മെച്ചപ്പെട്ട ഫലം ലഭിക്കും. ചികിത്സ വൈകുംതോറും ഫലപ്രാപ്തിയും കുറയും. സെറിബ്രൽ പാൾസി ബാധിച്ച കുട്ടികളിൽ പലരും സാധാരണ ബുദ്ധിശേഷി ഉള്ളവർ തന്നെയാകും. ഇത്തരം കുട്ടികളുടെ ചലനശേഷി, ആശയവിനിമയ ശേഷി, മനസ്സിലാക്കാനുള്ള കഴിവ്, പഠനശേഷി എന്നിവ പ്രത്യേക പരിശോധനയിലൂടെ നിർണയിച്ച് ഉചിതമായ ചികിത്സ നൽകുകയാണ് വേണ്ടത്. ഈ ഘട്ടത്തിലാണ് വിവിധതരം തെറാപ്പികളുടെ പ്രാധാന്യം. വളർച്ചയുടെ നാഴികക്കല്ലുകൾ കൈവരിക്കാൻ താമസം നേരിട്ടു കഴിഞ്ഞാൽ ഫിസിയോ തെറാപ്പി, ഒക്യുപേഷനൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവ്യർ തെറാപ്പി എന്നിവ ഉടനടി നൽകണം.

കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും ഉത്തരവാദിത്തങ്ങൾ

നേരത്തെ തിരിച്ചറിയുന്നത്

രോഗാവസ്ഥയുടെ നേരത്തെയുള്ള തിരിച്ചറിയൽ ചികിത്സയിൽ പ്രധാനമായതിനാൽ കുഞ്ഞിൻ്റെ വളർച്ചയുടെ ഒരോഘട്ടവും നിരീക്ഷിക്കുകയും, ആവശ്യമെങ്കിൽ വൈദ്യസഹായം തേടുകയും ചെയ്യാൻ മാതാപിതാക്കൾ മടിക്കരുത്.

സാമൂഹിക വിവേചനം പാടില്ല

ഇത്തരത്തിലുള്ള കുഞ്ഞുങ്ങളെയും, അവരുടെ മാതാപിതാക്കളെയും കാണുന്ന സമയത്ത് സഹതാപത്തോടെയുള്ള സമീപനം ഒഴിവാക്കി അവരെ ചേർത്തുപിടിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സാമൂഹിക അപമാനം പലപ്പോഴും കുടുംബങ്ങളെ ഒറ്റപ്പെടുത്തുമെന്നും നാം മനസ്സിലാക്കണം. സ്കൂളുകൾ, സ്കൂൾ ബസുകൾ, ക്ലാസ് മുറികൾ തുടങ്ങി സമൂഹത്തിൽ നാം ഇടപെടുന്ന മുഴുവൻ സ്ഥലങ്ങളും വ്യത്യസ്ത കഴിവുകളുള്ള കുട്ടികളെ ഉൾപ്പെടുത്തുന്ന തരത്തിൽ മാറണം. വീൽചെയർ റാമ്പുകൾ, ലിഫ്റ്റ്, ഗതാഗത സൗകര്യങ്ങൾ, തടസ്സങ്ങളില്ലാത്ത കളിസ്ഥലങ്ങൾ എന്നിവ ഇവരെ കൂടി ഉൾപ്പെടുത്താൻ പറ്റുന്ന നിലയിൽ ക്രമീകരിക്കണം. അസുഖ ബാധിതരായ കുട്ടികളെയും, അവരുടെ മാതാപിതാക്കളെയും അവർ ഇടപെടുന്ന സമൂഹ ചുറ്റുപാടിൽ നിന്നുകൊണ്ട് പരമാവധി പിന്തുണയ്ക്കണം. അവർക്കും പങ്കെടുക്കാവുന്ന തരത്തിലുള്ളപരിപാടികൾ ആസൂത്രണം ചെയ്യാനും ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള നമ്മുടെ പിന്തുണ അറിയുന്നതോടെ സ്വഭാവികമായ മാറ്റം ഈ കുട്ടിയുടെയും കുടുംബത്തിൻ്റെയും അടുത്ത് നിന്ന് ഉണ്ടാകും. സെറിബ്രൽ പാൾസി ബാധിച്ച കുട്ടികളെ അവരുടെ വെല്ലുവിളികളാൽ നിർവചിക്കുന്നതിനു പകരം, അവരുടെ ശക്തി/കഴിവുകൾ കൊണ്ട് സമൂഹത്തിൻ്റെ ഉന്നതിയിലെത്തിക്കുകയാണ് വേണ്ടത്. ഇത്തരത്തിലുള്ള കുഞ്ഞുങ്ങൾക്ക് പ്രത്യേക വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും തെറപ്പിയിലൂടെയും മെച്ചപ്പെട്ട ജീവിതവും,പുനരധിവാസവും ഉറപ്പാക്കി ജീവിത വിജയത്തിനായി അവരെയും നമുക്ക് കൂട്ടു പിടിക്കാം.

Content Highlights: World Cerebral Palsy Day is an annual global event observed on October 6 to raise awareness about CP

dot image
To advertise here,contact us
dot image