
കാഠ്മണ്ഡു: ജെന്‍സി പ്രക്ഷോഭത്തില്‍ ആളിക്കത്തിയ നേപ്പാളിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് സൈന്യം വ്യക്തമാക്കി. അക്രമം തുടര്‍ന്നാല്‍ അടിച്ചമര്‍ത്തുമെന്ന് സൈനിക മേധാവി അശോക് രാജ് പറഞ്ഞു. പ്രക്ഷോഭകാരികള്‍ സമാധാനം പാലിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രതിഷേധങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യവേ അഭ്യര്‍ത്ഥിച്ചു. അക്രമം തുടര്‍ന്നാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാഠ്മണ്ഡു വിമാനത്താവളത്തിന്റെ നിയന്ത്രണവും സൈന്യം ഏറ്റെടുത്തിട്ടുണ്ട്. ബുധനാഴ്ച വരെ കാഠ്മണ്ഡുവിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇന്ത്യന്‍ വിമാന കമ്പനികളും ഇവിടേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. എയര്‍ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് എന്നിവയുടെ സര്‍വീസുകളാണ്റദ്ദാക്കിയത്. അതേസമയം നേപ്പാളിലെ സ്ഥിതിഗതികള്‍ ഇന്ത്യ വിലയിരുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നു.
നേപ്പാളിലെ യുവജന പ്രതിഷേധത്തില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. പിന്നാലെയാണ് സൈന്യത്തിന് നിയന്ത്രണമേറ്റെടുക്കേണ്ടി വന്നത്. ആഭ്യന്തര മന്ത്രി രമേശ് ലേഖക്, ആരോഗ്യമന്ത്രി പ്രദിപ് പൗഡേല്‍, കൃഷി മന്ത്രി രാം നാഥ് അധികാരി എന്നിവരും രാജിവെച്ചിരുന്നു. തിങ്കളാഴ്ച ആരംഭിച്ച പ്രക്ഷോഭത്തിന് ഇതുവരെയും അയവ് വന്നിട്ടില്ല. നേപ്പാള്‍ പാര്‍ലമെന്റും സുപ്രീം കോടതിയും പ്രസിഡന്‍ഷ്യല്‍ പാലസും പ്രക്ഷോഭകര്‍ തകര്‍ത്തിരുന്നു. നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ത്സലനാഥ് ഖനാലിന്റെ വീടിനും പ്രക്ഷോഭകാരികള്‍ തീയിട്ടിരുന്നു. പിന്നാലെ വീട്ടിനുള്ളിലുണ്ടായിരുന്ന ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രാക്കര്‍ വെന്തു മരിച്ചു. പ്രതിഷേധങ്ങളില്‍ 22 പേരാണ് ഇതുവരെ മരിച്ചത്.
ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് പ്രക്ഷോഭത്തിന് തുടക്കമായത്. സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. ഈ കമ്പനികളെല്ലാം നേപ്പാളില്‍ വന്ന് ഓഫീസ് തുറക്കുകയും രജിസ്റ്റര്‍ ചെയ്യണമെന്നുമായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. സമൂഹമാധ്യമങ്ങള്‍ നിരോധിച്ചത് മാത്രമല്ല, അഴിമതിയും തൊഴിലില്ലായ്മയും അടക്കം നിരവധി കാരണങ്ങള്‍ പ്രക്ഷേഭത്തിന് പിന്നിലുണ്ട്. You Stole Our Dreams , Youth Against Corruption എന്നിങ്ങനെയാണ് നേപ്പാളില്‍ നിന്നുയരുന്ന മുദ്രാവാക്യങ്ങള്‍.
Content Highlights: Gen Z protest Army takes control in Nepal