ഇതൊക്കെ എന്നാണ് ചെയ്യുക? സുതാര്യമായ തെരഞ്ഞെടുപ്പാണോ ലക്ഷ്യം? കമ്മീഷനോട് ചോദ്യങ്ങളുമായി സ്റ്റാലിൻ

ഇന്‍ഡ്യാ ബ്ലോക്ക് ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കുന്നതിന് പകരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയാണെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു

dot image

ചെന്നൈ: വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മരിച്ച വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നുവെന്നും അത് ഇനി എപ്പോള്‍ ചെയ്യുമെന്നും സ്റ്റാലിന്‍ ചോദിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി രംഗത്തെത്തിയത്. ജൂലൈ 17 നാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും അതിനി എപ്പോള്‍ ചെയ്യുമെന്നുമാണ് സ്റ്റാലിന്റെ ചോദ്യം.

ഇന്‍ഡ്യാ ബ്ലോക്ക് ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കുന്നതിന് പകരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയാണെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. വീടു വീടാന്തരം തോറുമുള്ള കണക്കെടുപ്പ് കൃത്യമായി നടക്കാതെ എങ്ങനെയാണ് യോഗ്യതയുള്ള വോട്ടര്‍മാര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുക? കന്നി വോട്ടര്‍മാരുടെ എണ്ണം അസാധാരണമാംവിധം കുറവാണ്. ഈ യുവ വോട്ടര്‍മാരെ കണക്കില്‍പ്പെടുത്തിയോ? 18 വയസ്സ് തികഞ്ഞ എത്ര യുവാക്കളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കാണിക്കാന്‍ ഏതെങ്കിലും ഡാറ്റാബേസ് കയ്യിലുണ്ടോ എന്നും സ്റ്റാലിന്‍ ചോദിച്ചു.

1960 ലെ വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ നിയമപ്രകാരം അന്വേഷണത്തിനും അപ്പീലുകള്‍ക്കുമുള്ള നടപടിക്രമങ്ങളും അവയുടെ സമയപരിധിയും കാരണം ബിഹാറിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയൊരു വിഭാഗം വോട്ടര്‍മാര്‍ ഒഴിവാക്കപ്പെട്ടേക്കാം. ഈ വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുമോ? മറ്റുസംസ്ഥാനങ്ങളിലെ എസ്‌ഐആര്‍ നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുമോ? 2025 ജൂലൈ 17 ന് മരിച്ച വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അത് ഇനി എപ്പോഴാണ് ചെയ്യുക എന്നും സ്റ്റാലിന്‍ ചോദിച്ചു.

വോട്ടര്‍മാരുടെ അംഗീകൃത രേഖയായി ആധാര്‍ കണക്കാക്കുന്നതില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ തടയുന്നത് എന്താണ്? സുതാര്യമായ തെരഞ്ഞെടുപ്പാണ് കമ്മീഷന്‍ ലക്ഷ്യംവെക്കുന്നതെങ്കില്‍ പിന്നെയെന്തുകൊണ്ടാണ് കൂടുതല്‍ സുതാര്യവും വോട്ടര്‍ സൗഹൃദവും ആകാത്തത് എന്ന ചോദ്യവും തമിഴ്‌നാട് മുഖ്യമന്ത്രി ഉന്നയിച്ചു.

Content Highlights: Why can’t Election Commission be more transparent M K Stalin asks

dot image
To advertise here,contact us
dot image