
'നോ പറയേണ്ട സമയത്ത് അത് പറയുന്ന ആളാണ് ഞാന്‍' ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശ്വേതാ മേനോന്റെ പ്രതികരണമിങ്ങനെയായിരുന്നു.
സിനിമയില്‍നിന്ന് മോശം അനുഭവങ്ങളുണ്ടായിട്ടില്ലെങ്കിലും, പോരാടേണ്ട സമയങ്ങളുണ്ടായിട്ടുണ്ടെന്നും, അന്ന് പോരാടിയിട്ടുണ്ടെന്നും ആ പ്രതികരണത്തിനൊപ്പം അവര്‍ കൂട്ടിച്ചേര്‍ത്തു. ആ പോരാട്ടം അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമ്പോഴും ശ്വേത തുടര്‍ന്നു.
അമ്മയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റാകാന്‍ ഇറങ്ങിത്തിരിച്ച ശ്വേതയ്ക്ക് നേരെ, ചില തത്പരകക്ഷികള്‍ ചീമുട്ടയെറിഞ്ഞത്, ഒരു സ്ത്രീയുടെ അന്തസ്സിനെ ചോദ്യംചെയ്തുകൊണ്ടാണ്. വ്യക്തിഹത്യ ചെയ്തും മാനം കെടുത്തിയും തളര്‍ത്താനും പിന്തിരിപ്പിക്കാനുമായിരുന്നു ആ ശ്രമം. മലയാളിയുടെ കടപടസദാചാരത്തിന്റെ മറപറ്റിയുള്ള ഒട്ടും നൈതികമല്ലാത്ത നീക്കം. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടായിരുന്ന ജഗദീഷ് പിന്മാറിയതോടെയാണ് കേട്ടാലറയ്ക്കുന്ന ആരോപണങ്ങളുമായി ചിലര്‍ രംഗത്തെത്തിയത്.
അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് ശ്വേത പണം സമ്പാദിച്ചു, അടുത്തിടപഴകി അഭിനയിച്ച രംഗങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍ പ്രചരിക്കുന്നു തുടങ്ങിയ കാര്യങ്ങളായിരുന്നു ആ പരാതിയിലെ ഉള്ളടക്കം. പക്ഷെ അശ്ലീലമെന്ന് ചൂണ്ടിക്കാട്ടിയ ആ ചിത്രത്തിനാണ് ശ്വേതയ്ക്ക് സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുള്ളതെന്ന് കപട സദാചാരവാദികളും അവരെയിറക്കി പിന്നില്‍ നിന്ന് കളിച്ചവരും മറന്നു.
ശ്വേത അഭിനയിച്ച രംഗങ്ങളിലൊന്നും തനിച്ചായിരുന്നില്ലെന്നും അപ്പുറത്ത്, ഒരു പുരുഷനുണ്ടായിരുന്നെന്നും അവര്‍ മറന്നു. ആ നടന്‍മാര്‍ക്കൊന്നുമില്ലാത്ത പ്രശ്‌നം എന്തുകൊണ്ട് ശ്വേതയ്ക്ക് നേരെ ഉയരുന്നു. അതിന് ഉത്തരം ഒന്നുമാത്രമേയുള്ളൂ നിവര്‍ന്നുനില്‍ക്കാന്‍ കെല്‍പുള്ള സ്ത്രീകളെ മാനംകെടുത്തി തളര്‍ത്തി പിന്തിരിപ്പിക്കുക, അധികാരക്കസേരയിലേക്കുള്ള അവളുടെ ചുവടുകളെ പരമാവധി തടയുക. അതിന് പറ്റിയ ഇരയായിരുന്നു എതിരാളികള്‍ക്ക് ശ്വേത.
കാരണം, സമൂഹത്തിന്റെ പൊതു മാനദണ്ഡങ്ങള്‍ക്കുള്ളില്‍ കൂച്ചുവിലങ്ങിട്ട് നിന്നിരുന്ന അടക്കവും ഒതുക്കവുമുള്ള നടിയായിരുന്നില്ല, പെണ്ണായിരുന്നില്ല ശ്വേത. അവള്‍ക്കിഷ്ടമുള്ള വസ്ത്രങ്ങളണിഞ്ഞു, ഗ്ലാമര്‍ വേഷങ്ങളില്‍ നായകനൊപ്പം ആടിപ്പാടി..നായകനാരെന്ന് നോക്കി സാറ്റ്‌ലൈറ്റ് റേറ്റുകള്‍ നിശ്ചയിക്കപ്പെടുന്ന, ലൈറ്റ് ബോയ് മുതല്‍ സംവിധായകന്‍ വരെയുള്ള ശ്രേണിയില്‍ ഭൂരിപക്ഷവും പുരുഷന്മാരായ, അതുകൊണ്ടുതന്നെ ആണഹന്തയും മാടമ്പിത്തരവും വേണ്ടുവോളമുള്ള ഒരു പുരുഷകേന്ദ്രീകൃത ഷോ ബിസിനസ്സില്‍ ശ്വേത മേനോന്‍ എന്ന പേരിനെ മലയാളികള്‍ തുടക്കം മുതല്‍ നോക്കിക്കണ്ടത് ഒരു സെക്‌സ് സിംബലായിട്ടാണ്. അവളവര്‍ക്ക് കാമസൂത്രയില്‍ അഭിനയിച്ച മോഡലും പുളകംകൊള്ളിക്കുന്ന രതിചേച്ചിയും മാത്രമായിരുന്നു.
അത് അല്പമെങ്കിലും മാറുന്നത് മിനി സ്‌ക്രീനിലെ ഒരു റിയാലിറ്റി ഷോയിലെ ഹോസ്റ്റായി അവരെത്തുന്നതോടെയാണ്. വിവാഹം കഴിഞ്ഞ് സാരിയുടുത്ത് സിന്ദൂരമണിഞ്ഞ് എത്തിയ ശ്വേതയെ അവര്‍ കയ്യും നീട്ടി സ്വീകരിച്ചു. വളകാപ്പ് നടത്തി പ്രസവത്തിന് അയച്ചു. പക്ഷെ കളിമണ്ണ് എന്ന സിനിമയ്ക്ക് വേണ്ടി സ്വന്തം പ്രസവം ചിത്രീകരിച്ചെന്ന പേരില്‍ അവര്‍ക്ക് നേരെ സമൂഹം വീണ്ടും കല്ലെറിഞ്ഞു. പ്രസവം ചിത്രീകരിച്ചതു പോയിട്ട് ഭര്‍ത്താവ് അവര്‍ക്കൊപ്പം ലേബര്‍ റൂമില്‍ കയറിയത് പോലും അന്നത്തെ സ്ത്രീകളടക്കമുള്ള സമൂഹത്തിന് ദഹിക്കുന്നതായിരുന്നില്ല.
ശ്വേത അവര്‍ക്ക് മുന്നില്‍ ഒന്നിനും മടിക്കാത്ത ഒരുമ്പെട്ടവളായി! വ്യക്തിജീവിതത്തില്‍ സ്ലീവ്‌ലെസ് ധരിക്കാന്‍ പോലും വലിയ താല്പര്യമില്ലെന്ന് പറഞ്ഞ ശ്വേതയെ, അവര്‍ അഭിനയിച്ച വേഷങ്ങളുടെയും ധരിച്ച വസ്ത്രങ്ങളുടെയും പേരില്‍ മാത്രം അളന്നു. പക്ഷെ ബ്യൂട്ടിക്കൊപ്പം ബോള്‍ഡ്‌നെസ്സും വേണ്ടുവോളമുള്ള സ്ത്രീയായിരുന്നു ശ്വേത. ഞാന്‍ പുരുഷന്മാരെ ഫ്‌ളര്‍ട്ട് ചെയ്യാറുണ്ടെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്ര സ്ത്രീകള്‍ക്ക് ഒരു പേടിയും കൂടാതെ തുറന്നുപറയാനാകും. ആ തന്റേടത്തിന്റെ കൂടി പേരായിരുന്നു ശ്വേത…
താരസംഘടനയായ അമ്മ രൂപംകൊണ്ട് മൂന്നുപതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. മുരളിക്കും മധുവിനും ഇന്നസെന്റിനും മോഹന്‍ലാലിനും തുടര്‍ച്ചയായി അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത വരുമ്പോള്‍ അവര്‍ക്ക് ഇടവും വലവുമായി കരുത്തുപകരാന്‍ കുക്കുപരമേശ്വരനും ലക്ഷ്മിപ്രിയയും അന്‍സിബയും ഒപ്പമുണ്ട്. നാലുപെണ്ണുങ്ങള്‍!
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞതുപോലെ, നേതൃസ്ഥാനത്ത് തങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഒരു സ്ത്രീയുണ്ടെന്ന വിശ്വാസത്തില്‍, സ്ത്രീകള്‍ക്ക് ഇനി ധൈര്യമായി പരാതിയുമായി അവിടെയെത്താം. ഇവര്‍ പ്രതീക്ഷയാണ്. സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളുന്നതിനൊപ്പം മലയാള സിനിമയിലെ താരങ്ങളെ എല്ലാ അര്‍ഥത്തിലും നയിക്കാന്‍ കെല്‍പ്പുള്ളവരാണിവര്‍…
അളവറ്റ ആണധികാര പ്രയോഗങ്ങളുടെ പേരില്‍, അനേകം തവണ വിമര്‍ശിക്കപ്പെട്ടിട്ടുള്ള സംഘടനയാണ് അമ്മ. അതുകൊണ്ട് തന്നെ, ചരിത്രപരമായ ആ അനീതികള്‍ക്കുള്ള പരിഹാരവും മറുപടിയും കൂടിയാണ് അമ്മയുടെ തലപ്പത്തേക്കുള്ള സ്ത്രീകളുടെ ഈ വിജയം.
എല്ലാത്തിന്റെയും തുടക്കം ആ ദിവസത്തില്‍ നിന്നാണ്. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള യാത്രയില്‍ ക്വട്ടേഷന്‍ സംഘങ്ങളാല്‍ ക്രൂരമായി ആക്രമിക്കപ്പെട്ട ആ നടി, അന്ന്, ഇത് തന്റെ വിധിയെന്ന് കരുതി മിണ്ടാതിരുന്നുവെങ്കില്‍ ഒരു കാലത്തും സിനിമയിലെ ആണധികാരം വിചാരണ ചെയ്യപ്പെടുമായിരുന്നില്ല.
ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്ന്, സിനിമാലോകത്തെ സ്ത്രീവിവേചനങ്ങളെ തുറന്നുകാട്ടാന്‍, തങ്ങളുടെ കരിയര്‍ പോലും ബലികൊടുത്ത് ഇറങ്ങിത്തിരിച്ച ഏതാനും വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂടി പോരാട്ടങ്ങളുടെ വിജയമാണിത്. അവരെ കൂടി ഓര്‍ക്കാതെ ഈ ദിനം പിന്നിടാവില്ല.
Content Highlights: Shwetha Menon creates history as first women to lead Malayalam actors’ body AMMA