ബഹ്റൈനിൽ വേനൽചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാൻ ഉടമകൾക്ക് നിർദ്ദേശവുമായി തൊഴിൽ മന്ത്രാലയം

വേനൽച്ചൂടിലെ അപകടസാധ്യതകൾ കുറയ്ക്കുന്നതിനായി തൊഴിൽ മന്ത്രാലയം കർശനമായ പ്രതിരോധ നടപടികൾ നടപ്പാക്കിയിട്ടുണ്ട്.

dot image

ബഹ്റൈനിൽ വേനൽക്കാലത്ത് തൊഴിലാളികളെ കടുത്ത ചൂടിൽ നിന്ന് സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് തൊഴിലുടമകളോട് ആവശ്യപ്പെട്ട് തൊഴിൽ മന്ത്രാലയം. കനത്ത ചൂടിൽ ഉണ്ടാകുന്ന ആരോ​ഗ്യ പ്രശ്നങ്ങളിൽ ചികിത്സ ലഭിക്കാതിരുന്നാൽ അത് ​തൊഴിലാളികളെ ​ഗുരുതരമായി ബാധിക്കുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

വേനൽചൂടിൽ ജോലി ചെയ്യുമ്പോഴുണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങളെക്കുറിച്ച് ബഹ്റൈൻ തൊഴിൽ മന്ത്രാലയം സമൂഹമാധ്യമങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപാഘാതം, സൂര്യാഘാതം, നിർജ്ജലീകരണം, ചർമ്മം പൊള്ളൽ എന്നിവയ്‌ക്കൊപ്പം ഹൃദയത്തെയും വൃക്കകളെയും ബാധിക്കുന്ന ദീർഘകാല രോഗങ്ങളും തൊഴിലാളികൾക്ക് പിടിപെടാൻ സാധ്യതയുണ്ട്. തലവേദന, ക്ഷീണം, ഓക്കാനം, തണുത്ത വിയർപ്പ്, ശ്വാസം മുട്ടൽ, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ ഉടനടി തിരിച്ചറിയണമെന്ന് മന്ത്രാലയം പറയുന്നു. ഗുരുതരമായ കേസുകളിൽ അബോധാവസ്ഥയിലാവുകയോ അപസ്മാരം ഉണ്ടാവുകയോ ചെയ്യാം. അത്തരം സാഹചര്യങ്ങളിൽ 999-ൽ വിളിച്ച് അടിയന്തര സഹായം തേടേണ്ടതാണെന്നും തൊഴിൽ മന്ത്രാലയം മുന്നറയിപ്പ് നൽകി.

വേനൽച്ചൂടിലെ അപകടസാധ്യതകൾ കുറയ്ക്കുന്നതിനായി തൊഴിൽ മന്ത്രാലയം കർശനമായ പ്രതിരോധ നടപടികൾ നടപ്പാക്കിയിട്ടുണ്ട്. 2025-ലെ തൊഴിൽ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച്, എല്ലാ വർഷവും ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12:00 മണി മുതൽ 4:00 മണി വരെ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. നിയമങ്ങൾ ലംഘിക്കുന്ന തൊഴിലുടമകൾക്ക് മൂന്ന് മാസം വരെ തടവും 500 മുതൽ 1,000 ബഹ്‌റൈൻ ദിനാർ വരെ പിഴയും ലഭിക്കാം.

തൊഴിലാളികൾക്കായി തൊഴിലുടമകൾ പാലിക്കേണ്ട മുൻകരുതലുകളും തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു. തണലുള്ള സ്ഥലങ്ങളും തണുപ്പേറിയ സംവിധാനങ്ങളും ഒരുക്കുക, തണുത്ത ശുദ്ധജലം നൽകുക, ഓരോ 15-20 മിനിറ്റിലും കുറഞ്ഞത് ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുക, കൃത്യമായ ഇടവേളകളിൽ വിശ്രമം അനുവദിക്കുക, ശരീരത്തിൽ നിന്ന് നഷ്ടപ്പെട്ട ജലാംശം തിരികെ ലഭിക്കുന്നതിനായി ഇലക്ട്രോലൈറ്റ് അടങ്ങിയ പാനീയങ്ങൾ നൽകുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. തൊഴിലാളികൾ അയഞ്ഞതും ഭാരം കുറഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കണം, ബോധവൽക്കരണ ക്ലാസുകളിൽ പങ്കെടുക്കണം, കൂടാതെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി ജോലി സ്ഥലങ്ങളിൽ പ്രത്യേക താപ സുരക്ഷാ കോൺടാക്റ്റ് പോയിന്റുകൾ ഉണ്ടായിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Bahrain Ministry of Labor Urges Employers to Protect Workers from Heat Stres

dot image
To advertise here,contact us
dot image