മോദിയെ ഫോണില്‍ വിളിച്ച് പുടിന്‍; ട്രംപുമായുള്ള കൂടിക്കാഴ്ച പങ്കുവെച്ചെന്ന് പ്രധാനമന്ത്രി

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച വൈറ്റ് ഹൗസില്‍ നടക്കാനിരിക്കെയാണ് പുടിന്റെ ഫോണ്‍ കോള്‍

dot image

ന്യൂഡല്‍ഹി: യുക്രെയ്ന്‍-റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച വൈറ്റ് ഹൗസില്‍ നടക്കാനിരിക്കെയാണ് പുടിന്റെ ഫോണ്‍ കോള്‍.

നേരത്തെ ട്രംപുമായി പുടിന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആ കൂടിക്കാഴ്ചയിലെ സംഭാഷണ വിവരങ്ങള്‍ പുടിന്‍ മോദിയോട് പങ്കുവെച്ചു. യുക്രെയ്ന്‍ വിഷയത്തില്‍ സമാധാനമാണ് ഇന്ത്യയുടെ നിലപാടെന്ന് മോദി പുടിനെ അറിയിച്ചു. ' ഫോണ്‍ കോളിനും അലാസ്‌കയില്‍ വെച്ച് പ്രസിഡന്റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചതിനും എന്റെ സുഹൃത്തായ പ്രസിഡന്റ് പുടിന് നന്ദി. യുക്രെയ്ന്‍ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുകയും ഇക്കാര്യത്തില്‍ എല്ലാ ശ്രമങ്ങളെയും പിന്തുണക്കുകയും ചെയ്യുന്നു', മോദി എക്‌സില്‍ കുറിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് ട്രംപും പുടിനും തമ്മില്‍ നടത്തിയ നിര്‍ണായക കൂടിക്കാഴ്ച യാതൊരു ധാരണയുമില്ലാതെ അവസാനിക്കുകയായിരുന്നു. യുക്രെയ്ന്‍- റഷ്യ വെടിനിര്‍ത്തലില്‍ നിര്‍ണായക തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന കൂടിക്കാഴ്ചയില്‍ വിഷയത്തില്‍ യാതൊരു ധാരണയും ഉണ്ടായില്ല. എന്നാല്‍ മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ വെടിനിര്‍ത്തലിനായുള്ള അന്തിമ കരാറിലെത്തിയില്ലെങ്കിലും പല കാര്യങ്ങളിലും ധാരണയായി എന്നായിരുന്നു അന്ന് ട്രംപ് അറിയിച്ചത്. റഷ്യയിൽനിന്ന്‌ അസംസ്‌കൃത എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ ചുമത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന അധിക തീരുവ പ്രാബല്യത്തിൽ വരുത്തിയേക്കില്ലെന്ന സൂചനയും പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്രംപ് നൽകിയിരുന്നു.

അതേസമയം റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ സെലന്‍സ്‌കി തീരുമാനിക്കണമെന്നാണ് ട്രംപ് ഇന്ന് അഭിപ്രായപ്പെട്ടത്. യുക്രെയ്‌ന് നാറ്റോയില്‍ പ്രവേശനം നല്‍കാന്‍ സാധിക്കില്ലെന്നും സെലന്‍സ്‌കിയോട് ക്രിമിയന്‍ ദ്വീപ് ഉപേക്ഷിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. എന്നാല്‍ ക്രിമിയയും ഡോണ്‍ബാസും വിട്ടുനല്‍കിയൊരു സമവായമില്ലെന്നാണ് സെലന്‍സ്‌കിയുടെ പ്രതികരണം.

Content Highlights: Putin called Modi on Trump meeting in Ukraine conflict

dot image
To advertise here,contact us
dot image