സംഘ്പരിവാറിന്‍റെ 'കോളിഫ്ളവര്‍ റഫറന്‍സ്'; അമിത്ഷായുടെ എഐ ചിത്രം ഓർമിപ്പിക്കുന്ന വര്‍ഗീയ കൂട്ടക്കൊല

മുസ്ലീം വിഭാഗത്തെ തെരഞ്ഞുപിടിച്ച്, കൊലപ്പെടുത്തി, മൃതശരീരം കുഴിച്ചിട്ട്, അതിന്‍മേല്‍ കോളിഫ്‌ളവര്‍ തൈകള്‍ നട്ട കൊടുംക്രൂരതയുടെ റഫറന്‍സ്

ആമിന കെ
1 min read|25 May 2025, 01:29 pm
dot image

നക്‌സലിസം റസ്റ്റ് ഇന്‍ പീസ്, എന്നെഴുതിയ സ്മാരകശിലയ്ക്ക് മുകളില്‍, കയ്യിലൊരു കോളിഫ്‌ളവര്‍ പിടിച്ച്, ചിരിച്ചുകൊണ്ട് നില്‍ക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഛത്തീസ്ഗഡില്‍ നടന്ന ഏറ്റുമുട്ടലില്‍ സിപിഐ മാവോയിസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ബസവരാജു ഉള്‍പ്പെടെ 27 മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിന് ശേഷം ബിജെപി-സംഘപരിവാര്‍ പേജുകളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു എഐ ചിത്രമാണിത്. മാവോയിസ്റ്റുകളെ കൊന്നുവെന്ന് രാജ്യത്തോട് വിളിച്ച് പറഞ്ഞ ആഭ്യന്തര മന്ത്രി നക്‌സലിസം തുടച്ചു നീക്കുമെന്ന പ്രഖ്യാപനത്തിലേക്ക്, അവരുടെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്.

സംഘപരിവാർ പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്ന എഐ ചിത്രം

ഇതിനിടയില്‍ കോളിഫ്‌ളവര്‍ എവിടെ നിന്ന് വന്നുവെന്ന് പലര്‍ക്കും തോന്നും. കോളിഫ്‌ളവര്‍ എന്നത് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഒരു റഫറന്‍സ് ആണ്. കൂട്ടക്കൊലയെ സൂചിപ്പിക്കാനും മുന്നറിയിപ്പ് നല്‍കാനും തീവ്ര വലതുപക്ഷം എന്നും ഉപയോഗിക്കുന്ന ഒരു റഫറന്‍സ്. ഒരു വിഭാഗത്തെ തെരഞ്ഞുപിടിച്ച്, കൊന്നുകളഞ്ഞ്, മൃതശരീരം കുഴിച്ചിട്ട്, അതിന്‍മേല്‍ കോളിഫ്‌ളവര്‍ തൈകള്‍ നട്ട കൊടും ക്രൂരതയുടെ റഫറന്‍സ്.

ഭഗല്‍പൂര്‍ കലാപം (1989)

1989 ഒക്ടോബര്‍ 24 ന് ആരംഭിച്ച ഭഗല്‍പൂര്‍ കലാപത്തെ സൂചിപ്പിക്കാനാണ് സംഘപരിവാര്‍ കോളിഫ്‌ളവര്‍ പ്രതീകാത്മകമായി ഉപയോഗിക്കുന്നത്. രാമ ജന്മഭൂമി മുന്നേറ്റത്തിന്റെ സമയത്ത് ബിഹാറിലെ ഭഗല്‍പൂര്‍ ജില്ലയില്‍ വിശ്വഹിന്ദു പരിഷത്തിലെ പ്രവര്‍ത്തകര്‍ അടക്കമുള്ള വലതുപക്ഷ ഗ്രൂപ്പുകള്‍ നടത്തിയ കൂട്ടക്കൊലകളുടെ പരമ്പരയായിരുന്നു ഭഗല്‍പൂര്‍ കലാപം. ഒന്നും രണ്ടുമല്ല, ആയിരത്തോളം പേരാണ് ഈ കലാപത്തില്‍ കൊല്ലപ്പെട്ടത്. അതില്‍ 900 ത്തിലധികവും മുസ്ലിങ്ങള്‍. അതായത് 93 ശതമാനവും മുസ്ലിങ്ങള്‍.

രാമജന്മഭൂമി മൂവ്‌മെന്റിന്റെ ഭാഗമായ റാലിക്കിടെ മുസ്ലിം ആള്‍ക്കൂട്ടം ഹിന്ദു വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെയാണ് കലാപങ്ങളുടെ ആരംഭം. പിന്നീട് കലാപം നടത്തണമെന്ന ഉദ്ദേശ്യത്തോടെയുണ്ടായ അഭ്യൂഹമായിരുന്നു ഇതെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. എന്തായാലും അഭ്യൂഹത്തെ തുടര്‍ന്ന് രണ്ട് മാസത്തോളം അതിക്രൂരമായ അക്രമങ്ങള്‍ ഭഗല്‍പൂര്‍ ജില്ലയിലെ നിരവധി ഗ്രാമങ്ങളില്‍ അരങ്ങേറി. 250 ലധികം ഗ്രാമങ്ങള്‍ നശിക്കപ്പെട്ടു. 50,000 പേര്‍ കുടിയിറക്കപ്പെട്ടു. 11500 വീടുകള്‍ അക്രമകാരികള്‍ കത്തിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഭഗല്‍പൂര്‍ കലാപത്തിലെ ഏറ്റവും മൃഗീയമായ കൂട്ടക്കൊലകളില്‍ ഒന്നാണ് ലോഗെയ്ന്‍ ഗ്രാമത്തിലുണ്ടായ കൂട്ടക്കൊല. ലോഗെയ്‌നില്‍ 116 മുസ്ലിങ്ങളെയാണ് കലാപകാരികള്‍ കൊലപ്പെടുത്തിയത്. പൊലീസ് സ്ഥലത്തുണ്ടായിട്ടും കലാപം തടഞ്ഞില്ല എന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ലോഗെയ്നിലെ കോളിഫ്ളവർ വയൽ


കൊലപാതകത്തിന്റെ തെളിവുകള്‍ അവശേഷിക്കാതിരിക്കാന്‍ അവരുടെ മൃതദേഹങ്ങള്‍ കൂട്ടമായി കുഴിച്ചിടുകയും അവിടെ കോളിഫ്‌ളവര്‍ തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. ഏകദേശം 25 ദിവസങ്ങള്‍ക്ക് ശേഷം നവംബര്‍ 21 ന് അന്നത്തെ ഭഗല്‍പൂര്‍ അഡീഷണല്‍ ജില്ലാ മാനേജര്‍ എകെ സിങ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഗ്രാമവാസികളുടെ സംഭാഷണത്തില്‍ നിന്നാണ് ഈ കൂട്ടക്കൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിയുന്നത്.

അന്നത്തെ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന സത്യേന്ദ്ര നാരായണ്‍ സിന്‍ഹയുടെ നേതൃത്വത്തില്‍ 1989 ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ഭഗല്‍പൂര്‍ കലാപ അന്വേഷണ കമ്മീഷന്‍ അംഗങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം രാമജന്മഭൂമി ഘോഷയാത്ര മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് കൂടി കടന്നുപോകാന്‍ അനുവദിച്ചതിന് ഭരണകൂടം കുറ്റക്കാരാണെന്ന് കണ്ടെത്തി. സംഭവിച്ച കലാപത്തിന് സൂപ്രണ്ട് കെ.എസ്. ത്രിവേദി പൂര്‍ണ ഉത്തരവാദിയാണെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തി. എന്നാല്‍ ത്രിവേദിക്കെതിരായ അച്ചടക്ക നടപടിയെ ബിജെപിയും വിഎച്ച്പിയും എതിര്‍ത്തു. തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ബിഹാര്‍ സര്‍ക്കാര്‍ ത്രിവേദിക്കെതിരെ സ്വീകരിച്ച നടപടി റദ്ദാക്കിയെന്നത് മറ്റൊരു ചരിത്രം.

കലാപവുമായി ബന്ധപ്പെട്ട് 864 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും 329 കേസുകളില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തെളിവുകളുടെ അഭാവത്തില്‍ ഭൂരിഭാഗം പ്രതികളെയും വൈറുതെ വിട്ടു. ബീഹാറിലെ തുടര്‍ന്ന് വന്ന നിരവധി സര്‍ക്കാരുകള്‍ ശരിയായ അന്വേഷണം നടത്തുന്നതിലും ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിലും പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ ഭഗല്‍പൂര്‍ കലാപം ഇന്ത്യന്‍ ചരിത്രത്തില്‍ എന്നും ഒരു ഇരുണ്ട അധ്യായമായി നിലനില്‍ക്കും.

കലാപത്തിൽ തകർന്ന വീട്

പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇപ്പോഴും തീവ്ര വലതുപക്ഷ സംഘങ്ങള്‍ കൂട്ടക്കൊലയ്ക്കുള്ള മുന്നറിയിപ്പായി കോളിഫ്‌ളവര്‍ റഫറന്‍സ് ഉപയോഗിക്കുകയാണ്. ഇപ്പോള്‍ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള കൂട്ടക്കൊലയാണെങ്കില്‍ നേരത്തെ നാഗ്പൂര്‍ കലാപത്തിലും കോളിഫ്‌ളവര്‍ റഫറന്‍സ് ഇക്കൂട്ടര്‍ ഉപയോഗിച്ചിരുന്നു. വംശഹത്യാഹ്വാനങ്ങളെ തടയാന്‍ നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് പോലും സാധിക്കുന്നില്ല എന്നത്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വര്‍ത്തമാന കാല സാഹചര്യങ്ങളെ തന്നെയാണ് സൂചിപ്പിക്കുന്നത്.

Content Highlights: What is behind Cauliflower reference and Bhagalpur conflict

dot image
To advertise here,contact us
dot image